INDIA

ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍; കൗണ്‍സിലര്‍മാരെ കൂറ് മാറ്റാന്‍ ശ്രമമെന്ന് ആം ആദ്മി; പ്രത്യാരോപണങ്ങളുമായി ബിജെപി

‘ഓപ്പറേഷൻ താമര’ പുറത്തു കൊണ്ടു വരാൻ തയ്യാറാകണമെന്ന് അരവിന്ദ് കെജ്‌രിവാൾ എഎപി കൗൺസിലർമാരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണ-പ്രത്യാരോപണങ്ങള്‍

വെബ് ഡെസ്ക്

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി ആം ആദ്മി പാര്‍ട്ടി ചരിത്ര മുന്നേറ്റം നടത്തിയതിന് പിന്നാലെ ഡൽഹിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. പ്രതിപക്ഷമായ ബിജെപി തങ്ങളുടെ കൗൺസിലർമാരെ പണം നൽകി ആകർഷിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. തൊട്ടുപുറകെ പാര്‍ട്ടി മാറണമെന്ന ആവശ്യവുമായി എഎപി പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാരെ സമീപിച്ചുവെന്ന ആരോപണവുമായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കാനായി നേതാക്കളെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ പുറത്തു കൊണ്ടു വരാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എഎപി കൗൺസിലർമാരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോപണ-പ്രത്യാരോപണങ്ങള്‍.

കൗൺസിലർമാരെ വാങ്ങാൻ ബിജെപിക്ക് 100 കോടി ബജറ്റുണ്ടെന്ന് ഡൽഹി ബിജെപി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത പറഞ്ഞതായി എഎപി എംപി സഞ്ജയ് സിംഗ് ആരോപിക്കുന്നു

ബിജെപിയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ഡോ.മോണിക്ക പത്ര, പൂനാവാലയ്ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ഒരു എഎപി നേതാവ് സമീപിച്ച് ബിജെപി വിട്ട് എഎപിയിൽ ചേരാൻ പണം വാഗ്ദാനം ചെയ്തതായി ആരോപിച്ചു. ബിജെപി ഡൽഹി ഘടകം അഴിമതി വിരുദ്ധ സെല്ലിന് പരാതി നൽകുമെന്ന് നേത്യത്വം അറിയിച്ചു. അതേസമയം, എഎപിയും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചു. 

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ സംസാരിക്കാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചതായി എഎപി കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അവര്‍ ആദ്യം വാദ്ഗാനം ചെയ്തത് 2 കോടിയായിരുന്നെന്നും നിഷേധിച്ചപ്പോള്‍ തുക 10 കോടിയായി ഉയര്‍ത്തിയെന്നും 118ാം വാര്‍ഡില്‍ നിന്ന് വിജയിച്ച കൗണ്‍സിലര്‍ ഡോ സൊനാക്ഷി പറയുന്നു. സംസ്ഥാനത്തെ വിജയത്തിന് ശേഷമുള്ള എഎപിയുടെ ഏറ്റവും വലിയ വെല്ലുവിളി കൗൺസിലർമാരെ നഷ്ടമാകാതെ സൂക്ഷിക്കുക എന്നത് തന്നെയായിരുന്നു. ഇതിനായി ചില കൗൺസിലർമാരെ പഞ്ചാബിലേക്ക് അയക്കാൻ ആലോചിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 

2017ൽ നടന്ന തിരഞ്ഞെടുപ്പില്‍ 181 സീറ്റുകൾ നേടിയ ബിജെപിക്ക് ഇത്തവണത്തെ ഫലം വന്‍ തിരിച്ചടിയാണ് നല്‍കിയത്

15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് കോര്‍പ്പറേഷനിലെ ആകെ 250 സീറ്റുകളിൽ 134 എണ്ണത്തിലും ആം ആദ്മി വിജയിച്ചിരുന്നു.  ബിജെപി 104 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് 10 സീറ്റില്‍ ഒതുങ്ങി. 126 സീറ്റുകളാണ് ഡൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം. 2022ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ പ്രകാരം, മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപ്പറേഷനാക്കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ ജനവിധി ഏറെ നിര്‍ണായകമായിരുന്നു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി