അരുണാചല്‍പ്രദേശില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റ്മാരും കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ സ്ഥിരീകരണം. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് അരുണാചല്‍ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം തകര്‍ന്ന് വീണത്. സംഭവത്തിൽ കരസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 9.15 മുതല്‍ തന്നെ ഹെലികോപ്റ്ററില്‍ നിന്ന് എടിസിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ബോംഡിലയുടെ പടിഞ്ഞാറ് മാണ്ടല ഹില്‍സിന് സമീപം ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇരുവരും കൊല്ലപ്പെട്ടെന്ന് സൈന്യം പിന്നീട് സ്ഥിരീകരിച്ചു.
ചീറ്റ ഹെലികോപ്റ്റര്‍ അപകടം തുടര്‍ക്കഥയാവുന്നത് സൈന്യത്തിന് തലവേദനയാവുകയാണ്. കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇരുന്നൂറോളം ചീറ്റ, ചേതക് ഹെലികോപ്റ്ററുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇതില്‍ അഞ്ചെണ്ണം 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ഭൂരിഭാഗവും 30 വര്‍ഷത്തിലേറെ പഴക്കം ചെന്നതും. സിയാച്ചിന്‍ മേഖലയിലടക്കം സാധനങ്ങള്‍ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുമടക്കം ഇവയാണ് നിരന്തരം ഉപയോഗിക്കുന്നത്.