പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ, ഇന്ത്യ-മാലദ്വീപ് പ്രശ്‌നം പരസ്യ പോരിലേക്ക് വഴിമാറുന്നു. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മാലദ്വീപ് മന്ത്രിമാര്‍ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പുകളാണ് പോരിന്റെ തുടക്കം. ഇന്ത്യ മാലദ്വീപിനെ ലക്ഷ്യംവയ്ക്കുന്നു എന്നാരോപിച്ചായിരുന്നു മാലദ്വീപ് മന്ത്രി അബ്ലുല്ല മഹ്‌സും മാജിദ് ട്വീറ്റ് ചെയ്തത്.
ബീച്ച് ടൂറിസത്തില്‍ മാലദ്വീപുമായി മത്സരിക്കുന്നതില്‍ ഇന്ത്യ കാര്യമായ വെല്ലുവിളി നേരിടുന്നുണ്ടെന്നും മാജിദ് കുറിച്ചു. നരേന്ദ്ര മോദി കോമാളിയാണ് എന്നായിരുന്നു മറ്റൊരു മന്ത്രി മറിയം ഷിയുനയുടെ പരാമര്‍ശം. നരേന്ദ്ര മോദി ഇസ്രയേലിന്റെ കളിപ്പാവയാണെന്നും മന്ത്രി കുറിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിമര്‍ശനം ശക്തമായതിന് പിന്നാലെ, ഈ ട്വീറ്റ് ഇവര്‍ പിന്‍വലിച്ചു.
ഇതിന് പിന്നാലെ, മാലദ്വീപ് ടൂറിസത്തിന് എതിരെ ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ലക്ഷദ്വീപ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീച്ചില്‍ വിശ്രമിക്കുന്നതിന്റേയും സ്‌നോര്‍ക്കലിങ് നടത്തുന്നതിന്റേയും ചിത്രങ്ങള്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി ഇന്ത്യ ലക്ഷദ്വീപിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ പോവുകയാണെന്ന പ്രചാരണവും വ്യാപകമായി നടന്നു. ഇതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവന വന്നത്. ചൈനീസ് അനുകൂലിയായ മുഹമ്മദ് മുയിസു പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിനുശേഷം, ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ മാലദ്വീപില്‍ ശക്തമാണ്. അതേസമയം, മന്ത്രിയുടെ നിലപാടിനെതിരെ മാലദ്വീപ് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് നഷീദ് രംഗത്തെത്തി.
'മാലദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും സഹായിക്കുന്ന ഒരു പ്രധാന സഖ്യകക്ഷി നേതാവിന് നേരെ മാലദ്വീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മറിയം ഷിയൂന എത്ര ഭയാനകമായ ഭാഷയാണ് ഉപയോഗിച്ചത്'', മുഹമ്മദ് നഷീദ് എക്‌സില്‍ കുറിച്ചു. ഇത്തരം പ്രതികരണങ്ങളില്‍ നിന്ന് മാലദ്വീപ് സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലദ്വീപ് പ്രസിഡന്റ് മുയിസു തിങ്കളാഴ്ച ചൈനീസ് സന്ദര്‍ശനത്തിന് പുറപ്പെടാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
മാലദ്വീപ് മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെ, ഇന്ത്യയില്‍ വലിയ തോതിലുള്ള മാലദ്വീപ് ബഹിഷ്‌കരണ ക്യാമ്പയിനുകളാണ് നടക്കുന്നത്. ''മാലദ്വീപില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ ഇന്ത്യക്കാര്‍ക്ക് എതിരെ വംശീയവും വിദ്വേഷപരവുമായ വാക്കുകള്‍ പ്രയോഗിക്കുന്നു. അവിടേക്ക് പരമാവധി വിനോദ സഞ്ചാരികളെ അയയ്ക്കുന്ന ഒരു രാജ്യത്തോടാണ് ഇത് ചെയ്യുന്നത്. നമ്മുടെ അയല്‍ക്കാരോട് നല്ല ബന്ധമാണ് നമുക്കുള്ളത്. പക്ഷേ, പ്രകോപമനമില്ലാതെ വിദ്വേഷം പരത്തുന്നത് നമ്മളെന്തിന് സഹിക്കണം?. ഞാന്‍ പലതവണ മാലദ്വീപ് സന്ദര്‍ശിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അന്തസ്സാണ് പ്രധാനം. നമ്മുടെ ടൂറിസത്തിന് പിന്തുണ നല്‍കാന്‍ നമുക്ക് തീരുമാനിക്കാം'', നടന്‍ അക്ഷയ് കുമാര്‍ കുറിച്ചു.
സച്ചിന്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ എബ്രഹാം, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി ബോളിവുഡ്, കായിക താരങ്ങള്‍ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണം എന്നുള്ള ട്വീറ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
മാലദ്വീപിനെ ഒതുക്കാന്‍ ലക്ഷദ്വീപ്
ലക്ഷദ്വീപിലേക്കുള്ള മോദിയുടെ യാത്ര മാലദ്വീപിനെ ലക്ഷ്യംവച്ചുകൊണ്ടാണെന്ന് ആദ്യംമുതല്‍തന്നെ പ്രചാരണം നടന്നിരുന്നു. മോദിയുടെ സ്‌നോര്‍കലിങും തീരത്തെ കാറ്റുകൊള്ളലും സോഷ്യലില്‍ മീഡിയയില്‍ തരംഗമയാതോടെ, ഗൂഗിള്‍ സെര്‍ച്ചില്‍ ലക്ഷദ്വീപ് ഒന്നാം സ്ഥാനത്തെത്തി. ലക്ഷദ്വീപ് ടൂറിസം വികസിക്കുകയാണെങ്കില്‍, മാലദ്വീപിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഇത് മാത്രമല്ല, മാലദ്വീപില്‍ ചൈനീസ് ഇടപെടല്‍ കടുത്ത സാഹചര്യത്തില്‍ ലക്ഷദ്വീപ് കേന്ദ്രീകരിച്ച് സൈനിക താവളമൊരുക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
മാലദ്വീപിലെ ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. 2023 ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം. 17,57,939 പേരാണ് ഡിസംബര്‍ 13വരെ മാലദ്വീപ് സന്ദര്‍ശിച്ചത്. ഇതില്‍ 2,09,198പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. റഷ്യയും ചൈനയുമാണ് ഇന്ത്യയ്ക്ക് തൊട്ടുതാഴെയുള്ളത്. ലക്ഷദ്വീപ് ടൂറിസം വികസിച്ചാല്‍, ഈ ഒഴുക്ക് നിയന്ത്രിക്കാനാകും. ഇതോടെ, മാലദ്വീപിനെ സമ്മര്‍ദത്തിലാക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. ഇത് മനസ്സില്‍ കണ്ടാകണം, മാലദ്വീപിന്റെ 'ഇന്ത്യയെ പുറത്താക്കന്‍' നടപടികളോട് കേന്ദ്രസര്‍ക്കാര്‍ പരസ്യപ്രതികരണത്തിന് തയാറാകാതിരുന്നത്.
കടുത്ത ഇന്ത്യ വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാണ് മുയിസു അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെ, ദ്വീപിലുണ്ടായിരുന്ന 77 ഇന്ത്യന്‍ സൈനികരെ പുറത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനോട്, അനുകൂല നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയുമായി നിലനിന്നിരുന്ന സമുദ്ര ഗവേഷണ കരാറില്‍ നിന്ന് മാലിദ്വീപ് പിന്‍മാറി. 2019 ജൂണ്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹിയും തമ്മില്‍ ഒപ്പുവച്ച ഹൈഡ്രോഗ്രാഫിക് സര്‍വേയില്‍ നിന്നാണ് മാലദ്വീപ് പിന്‍മാറിയത്.