INDIA

വോട്ടിനും പ്രസംഗത്തിനും കോഴ: പ്രത്യേക പരിരക്ഷയില്ല, ജനപ്രതിനിധികള്‍ വിചാരണ നേരിടണം; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വെബ് ഡെസ്ക്

കൈക്കൂലിക്കേസുകളില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ജനപ്രാതിനിധ്യനിയമമനുസരിച്ചുള്ള പ്രത്യേക പരിരക്ഷ ലഭിക്കില്ലെന്നും വോട്ടിനും പ്രസംഗത്തിനും കോഴവാങ്ങുന്ന ജനപ്രതിനിധികള്‍ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടണമെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ഇത്തരം കേസുകളില്‍ ജനപ്രതിനിധികളെ വിചാരണ ചെയ്യേണ്ടതില്ലെന്ന 1998-ലെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് ഏഴംഗ ബെഞ്ച് ഇന്ന് തിരുത്തിയത്.

കൈക്കൂലി ക്രിമിനല്‍ കുറ്റമാണെന്നും ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന പ്രത്യേക പരിരക്ഷ കൈക്കൂലി കേസുകളില്‍ ബാധകമല്ലെന്നും ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസുകളില്‍ സാമാജികരെ വിചാരണയില്‍ നിന്ന് ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രപതി, രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ പണംവാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ അഴിമതി നിരോധനിയമപ്രകാരം കേസെടുക്കണമെന്നും ബെഞ്ച് പറഞ്ഞു.

പാര്‍ലമെന്റിലെ അല്ലെങ്കില്‍ നിയസഭയിലെ ജനപ്രതിനിധികള്‍ കൈക്കൂലി വാങ്ങി വോട്ട് ചെയ്യുന്നതോ അല്ലെങ്കില്‍ പ്രസംഗിക്കുകയോ ചെയ്യുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനെ തകര്‍ക്കുന്ന ഒന്നാണെന്നും അതുകൊണ്ട് തന്നെ 1998-ലെ വിധി തെറ്റാണെന്നും ആ വിധിയോട് യോജിക്കുന്നില്ലെന്നും വിധി പ്രസ്താവിച്ചുകൊണ്ടു ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, എംഎം സുന്ദരേശ്, പിഎസ് നരസിംഹ, ജെബി പര്‍ദ്ദിവാല, സഞ്ജയ് കുമാര്‍, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

1998-ല്‍ മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു ഉള്‍പ്പെട്ട കേസിലാണ് കൈക്കൂലിക്കേസുകളില്‍ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടെന്ന വിധി പ്രസ്താവിച്ചത്. അന്നത്തെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മൂന്നുപേര്‍ ഈ വിധിയെ അനുകൂലിച്ചപ്പോള്‍ രണ്ടുപേര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഭൂരിപക്ഷ വിധിയെന്ന പേരില്‍ ബെഞ്ച് അന്തിമ വിധി പ്രസ്താവിക്കുകയായിരുന്നു.

പിന്നീട് 2012-ല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോഴവാങ്ങി വോട്ട് ചെയ്‌തെന്ന കേസില്‍ ജെഎംഎം നേതാവ് ഷിബു സോറന്റെ മകള്‍ സീതാ സോറന്‍ 1998-ലെ വിധി പ്രകാരം തന്നെ കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിന്റെ വാദംകേള്‍ക്കുന്നതിനിടെയാണ് 1998-ലെ വിധി വീണ്ടും ചര്‍ച്ചയാകുകയും തീരുമാനം കൈക്കൊള്ളാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഏഴംഗ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും