ദേശീയ ഗുസ്തി ഫെഡറേഷൻ നിർവാഹക സമിതി തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ( ഇലക്ടറൽ കോളേജ്) നിന്ന് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഒഴിവാക്കി. ഓഗസ്റ്റ് 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിന്നാണ് മൂന്ന് തവണ ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണിന്റേയും മകൻ കരണിന്റെയും പേര് വെട്ടിയത്. ഗുസ്തി ഫെഡറേഷൻ ചട്ടമനുസരിച്ച് ഇലക്ട്‌റൽ കോളേജിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് വോട്ട് രേഖപ്പെടുത്താനോ നിർവാഹക കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യാനോ കഴിയില്ല.
ആരോപണങ്ങൾ നേരിടുന്നതിനാൽ ബ്രിജ് ഭൂഷൺ, പകരക്കാരനായി മകൻ കരൺ ഭൂഷണിനെ ഫെഡറേഷനിൽ എത്തിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ച അന്തിമ പട്ടികയായ ഇലക്ടറൽ കോളേജിൽ നിന്ന് കരണും പുറത്തായതോടെ ഊഹാപോഹങ്ങൾക്കും വിരാമമായി. അതേസമയം, ബ്രിജ് ഭൂഷന്റെ മരുമകനും ബിഹാർ ഗുസ്തി യൂണിറ്റിന്റെ പ്രസിഡന്റുമായ വിശാൽ സിങ് പട്ടികയിലുണ്ട്.
ബ്രിജ് ഭൂഷണെതിരെ ഡൽഹിയിൽ 36 ദിവസത്തെ പ്രതിഷേധം നടത്തിയ വിനേഷ് ഫോഗട്ട്, ബജ്‌റംങ് പുനിയ ഉൾപ്പെട്ടവരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു മുൻ അധ്യക്ഷനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഫെഡറേഷൻ ഭരണത്തിൽ നിന്ന് മാറ്റിനിർത്തുക എന്നത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ടാക്കൂറുമായി നടത്തിയ ചർച്ചയിലും താരങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ബ്രിജ് ഭൂഷൺ പ്രസിഡന്റായ ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷനെ തിരഞ്ഞെടുപ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായ പ്രേംകുമാർ മിശ്രയാകും പ്രതിനിധീകരിക്കുക. ഗുജറാത്ത് ഘടകത്തെ പ്രതിനിധീകരിക്കുന്നത് റെയിൽവേ സ്‌പോർട്‌സ് പ്രൊമോഷൻ ബോർഡ് സെക്രട്ടറി പ്രേംചന്ദ് ലോചബാണ്. പ്രതിഷേധിച്ച ഗുസ്തി താരങ്ങളും സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് ഇടനിലക്കാരനെന്ന നിലയിൽ പ്രധാന പങ്കുവഹിച്ചത് ലോചബായിരുന്നു.
ആദ്യം ജൂലൈ 11നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അസം ഗുസ്തി ഫെഡറേഷനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഗൗഹട്ടി കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. അന്ന് യു പി ഫെഡറേഷൻ സമർപ്പിച്ച പട്ടികയിൽ ബ്രിജ് ഭൂഷണെ ഉൾപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ ജൂലൈ 18ന് സുപ്രീംകോടതി നീക്കിയതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് സജീവമായത്.
ഓരോ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടു പേരെ വീതമാണ് ഇലക്ട്‌റൽ കോളേജിലേക്ക് നോമിനേറ്റ് ചെയ്യുക. അത്തരത്തിൽ 25 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അംഗങ്ങളുണ്ട്. പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റ്, സെക്രട്ടറി ജനറൽ, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, അഞ്ച് നിർവാഹക സമിതി അംഗങ്ങൾ എന്നീ പോസ്റ്റുകളിലേക്കുള്ള അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. ജൂലൈ 28 മുതൽ 31 വരെയാണ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഓഗസ്റ്റ് രണ്ടിന് നടക്കും. ഓഗസ്റ്റ് എട്ടിനാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ജനറൽ ബോഡിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 12 ന് നടക്കും.