INDIA

ബിബിസി ഓഫീസുകളിലെ റെയ്ഡ് ഉന്നയിച്ച് ബ്രിട്ടന്‍, നിയമം പാലിക്കാനുള്ളതെന്ന് ഇന്ത്യ

ജി 20 യില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജെയിംസ് ക്ലേവേര്‍ലി

വെബ് ഡെസ്ക്

ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവം കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൻ. ഇന്ന് നടന്ന ഉഭയകക്ഷി യോഗത്തിലാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മുന്നിൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലേവേര്‍ലി വിഷയം ഉന്നയിച്ചത്. അതേസമയം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് എസ് ജയശങ്കർ മറുപടി നല്‍കി. ജി 20 യില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജെയിംസ് ക്ലേവേര്‍ലി.

ഇ ഡി റെയ്ഡില്‍ ബിബിസിക്കൊപ്പമാണെന്ന നിലപാട് നേരത്തെ തന്നെ ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണ് പ്രധാനം. ഒരു ജനാധിപത്യ രാജ്യത്തില്‍ വിമര്‍ശനങ്ങളുടെ പേരില്‍ അനാവശ്യമായ അടച്ചു പൂട്ടലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും രാജ്യം ബിബിസിക്ക് ഒപ്പമാണെന്നുമായിരുന്നു ബ്രിട്ടന്റെ നിലപാട്.

ബിബിസി ഡോക്യുമെന്ററി ആകസ്മികമല്ലെന്നും ഇന്ത്യയുടെ യശസ്സ് തകര്‍ക്കാന്‍ നടത്തിയ ഗൂഢനീക്കമെന്നുമായിരുന്നു എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും ജയശങ്കര്‍ ആരോപിച്ചിരുന്നു.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യൂമെന്ററിയ്ക്ക് പിന്നാലെയായിരുന്നു ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 58 മണിക്കൂര്‍ നീണ്ട റെയ്ഡായിരുന്നു ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളിലായി നടത്തിയത്. ആദായനികുതി വകുപ്പിന്റഈ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഇന്ത്യയ്ക്ക് അകത്തും പുറത്ത് നിന്നും ഉയര്‍ന്നിരുന്നത്. കേന്ദ്രസര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്നായിരുന്നു ആക്ഷേപം.

സ്ഥാപനത്തിലെ ജീവനക്കാരോട് ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും മണിക്കൂറുകളോളം ജോലി തടസ്സപ്പെടുത്തിയെന്നുമായിരുന്നു ബിബിസിയുടെ ആരോപണം. മാധ്യമപ്രവര്‍ത്തകരുടെ കമ്പ്യൂട്ടറുകള്‍ പരിശോധിക്കുകയും അവരുടെ മൊബൈല്‍ അടക്കം വാങ്ങി പരിശോധിച്ചിരുന്നുവെന്നും ബിബിസി ആരോപിച്ചിരുന്നു.

ആരെയും പ്രീതിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും ഭയമില്ലാതെ നിഷ്പക്ഷമായി റിപ്പോര്‍ട്ടിങ് തുടരുമെന്നുമായിരുന്നു ബിബിസിയുടെ നിലപാട്. ഇന്ത്യയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ബിബിസി ഡയറക്ടര്‍ ടിം ഡേവി ഇക്കാര്യം അറിയിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം