ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റു ചെയ്ത ബിആര്‍എസ് നേതാവ് കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കവിതയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നും കസ്റ്റഡിയില്‍ വേണ്ടെന്നുമുള്ള ഇ ഡി നിലപാട് പരിഗണിച്ചാണ് ഡല്‍ഹി റോസ് അവന്യു ഹൈക്കോടതിയുടെ നടപടി. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ഇ ഡി കവിതയെ കോടതിയില്‍ ഹാജരാക്കിയത്.
കസ്റ്റഡിയില്‍ വേണ്ടെന്ന് അറിയിച്ചതോടെ ജാമ്യം അനുവദിക്കണമെന്ന് കവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുണ്ടെന്ന് കാരണമായിരുന്നു അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നും കോടതി ഇ ഡിയോട് നിര്‍ദേശിച്ചു. ഇതിനായി ഒരാഴ്ച സമയം ചോദിച്ചതോടെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസ് ഏപ്രില്‍ 1 ന് വീണ്ടും പരിഗണിക്കും.
അതേസമയം, കോടതിയിലേക്ക് കയറുന്നതിനു മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച കവിത തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും ഇതിനെതിരെ പോരാടുമെന്നും ആവർത്തിച്ചു. ഡൽഹിയിലെ ആം ആദ്മി സർക്കാർ അവതരിപ്പിച്ച മദ്യനയത്തിനെതിരെ ഉണ്ടായിരുന്ന പ്രധാന വിമർശനങ്ങളിലൊന്നായിരുന്നു 100 കോടി രൂപ കൈക്കൂലി വാങ്ങി തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യവ്യവസായികൾക്ക് വലിയ തോതിൽ മദ്യശാലകൾക്കുള്ള ലൈസൻസുകൾ നൽകി എന്നത്.
അതിന് ഇടനിലക്കാരിയായി നിന്നത് തെലങ്കാന മുൻമുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകളുകൂടിയായ ബിആർഎസ് നേതാവായ കെ കവിതയാണ് എന്നതായിരുന്നു ആരോപണം.
2019ലാണ് ഡൽഹി സർക്കാർ മദ്യനയം പുതുക്കി അവതരിപ്പിക്കുന്നത്. പുതിയ നയം പ്രകാരം മദ്യവിൽപ്പന പൂർണ്ണമായും സ്വകാര്യമേഖലയ്ക്ക് നൽകുന്നു എന്നതായിരുന്നു പ്രധാന വിമർശനം. പ്രത്യേകിച്ചോരു നിയന്ത്രണവുമില്ലാതെ മദ്യവ്യവസായികൾക്ക് ലൈസൻസ് നൽകിയത് തലസ്ഥാനത്ത് മദ്യമൊഴുകുന്ന അവസ്ഥ സൃഷ്ട്ടിച്ചു എന്നതുൾപ്പെടെയുള്ള വിമർശനങ്ങളെ തുടർന്ന് 2022 സെപ്റ്റംബറിൽ സർക്കാർ മദ്യനയം പിൻവലിക്കുകയായിരുന്നു.
സംഭവത്തിൽ 2023 ഫെബ്രുവരി 26ന് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തു. 2024 മാർച്ച് 15നാണ് കെ കവിത അറസ്റ്റു ചെയ്യപ്പെടുന്നത്. മാർച്ച് 21ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.