ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഗംഗാസാഗർ വരെ 2,325 കിലോമീറ്റർ ഗംഗാനദിൽ റാഫ്റ്റിംഗിലൂടെ സഞ്ചരിക്കാൻ ഒരുങ്ങി ഒരു വനിതാ സംഘം. ഗംഗാ നദിയുടെ ശുചീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ റാഫ്റ്റർമാർ ഗംഗയിലൂടെ യാത്ര ചെയുന്നത്. 60 അംഗ ബിഎസ്എഫ് ടീമിൽ 20 വനിതാ റാഫ്റ്ററുകളാണ് ഉള്ളത്.
ബിഎസ്എഫിന്റെ നേതൃത്വത്തിലാണ് സാഹസിക യാത്ര നടക്കുന്നത്. 53 ദിവസം കൊണ്ട് ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്ന് പോകാനാണ് പദ്ധതി. നവംബർ രണ്ടിന് ആരംഭിക്കുന്ന യാത്ര ഡിസംബർ 24 നാണ് അവസാനിക്കുക. ഗംഗോത്രിയിൽ നിന്നാരംഭിക്കുന്ന ഈ യാത്ര ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ സമാപിക്കും.
ദേവപ്രയാഗ് ഘട്ടിൽ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ രാജ ബാബു സിംഗ് ആണ് യാത്ര ഫ്ലാഗ്ഗ് ഓഫ് ചെയ്യുക. നവംബർ നാലിന് ഹരിദ്വാറിലെത്തുന്ന യാത്രക്കാർക്ക് കേന്ദ്രമന്ത്രി സി ആർ പാട്ടീലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സ്വീകരണം നൽകും. ഹരിദ്വാറിലെ ചണ്ഡിഘട്ടിൽ ബിഎസ്എഫ് ബ്രാസ് ബാൻഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ തുടർന്നുള്ള യാത്രയ്ക്കായുള്ള യാത്രയയപ്പ് നൽകും.
ഗംഗാ നദിയുടെ പവിത്രത നിലനിർത്തുന്നതിനും സ്ത്രീശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവബോധം വർധിപ്പിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഗംഗയിലൂടെയുള്ള യാത്ര, നദിയുടെ സാംസ്കാരികവും മതപരവുമായ പ്രാധാന്യം വീണ്ടും ഉയർത്തികാട്ടുകയും, സമൂഹത്തിലെ സ്ത്രീകളുടെ പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
യാത്രയുടെ ഭാഗമായി നിരവധി സാംസ്കാരിക ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. യാത്രയുടെ ഭാഗമായി, ബിഎസ്എഫ് സംഘം ഗംഗാനദിയുടെ തീരത്തെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കും. വിവിധ സ്ഥലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഗംഗയുടെ പരിസ്ഥിതി സംരക്ഷണം, ശുചീകരണം, സ്ത്രീകളുടെ ശാക്തീകരണം എന്നീ വിഷയങ്ങളിൽ ആവും ബോധവത്കരണം.