നിയമസഭ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യവുമായോ (എൻഡിഎ) ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസുമായോ (ഇന്ത്യ) സഖ്യത്തിനുള്ള എല്ലാ സാധ്യതകളും തള്ളി ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗത്തിന് ഒരു ദിവസം മുൻപാണ് മായാവതിയുടെ പ്രഖ്യാപനം.
എൻഡിഎ, ഇന്ത്യ സഖ്യം കൂടുതലും ദരിദ്രവിരുദ്ധ, ജാതി, വർഗീയ, മുതലാളിത്ത അനുകൂല നയങ്ങളുള്ള കക്ഷികളാണ്. ഈ നയങ്ങൾക്കെതിരായാണ് ബിഎസ്പി ഇത്രയും കാലം പോരാടിയത്. അതുകൊണ്ട് തന്നെ അവരുമായി ചേർന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും മായാവതി എക്‌സിൽ(നേരത്തെ ട്വിറ്റർ) കുറിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ബിഎസ്പി അധ്യക്ഷ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
''2007-ലേത് പോലെ, സമൂഹത്തിലെ അവഗണിക്കപ്പെട്ടവരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ വ്യക്തികളെ ഒന്നിപ്പിച്ച് അവരുമായി സഖ്യമുണ്ടാക്കി വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലും മത്സരിക്കും'' - മായാവതി എക്സിൽ കുറിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ സഹറൻപൂരിലെ മുൻ എംഎൽഎ ഇമ്രാൻ മസൂദിനെയും മായാവതി പരിഹസിച്ചു. ''ബിഎസ്പിയിൽ നിന്ന് പുറത്താക്കപ്പെട്ട സഹരൺപൂരിലെ മുൻ എംഎൽഎ കോൺഗ്രസിനെയും ആ പാർട്ടിയുടെ ഉന്നത നേതാക്കളെയും പുകഴ്ത്തുന്ന തിരക്കിലാണ്. അദ്ദേഹം ആദ്യം ഈ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നത് എന്തിനെന്ന ചോദ്യം ജനങ്ങൾ ചോദിക്കുന്നത് സ്വാഭാവികമാണ്. പൊതുജനങ്ങൾക്ക് ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കാനാകും?'' - മായാവതി ചോദിച്ചു.
ചൊവ്വാഴ്ചയാണ്, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കമില്ലായ്മയും ആരോപിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് ഇമ്രാൻ മസൂദിനെ ബിഎസ്പി പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് മുൻ സ്വതന്ത്ര എംഎൽഎ കൂടിയായ മസൂദിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും ബിഎസ്പി സഹാറൻപൂർ ജില്ല യൂണിറ്റ് പ്രസിഡന്റ് ജനേശ്വർ പ്രസാദ് പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തുകയും കോൺഗ്രസുമായുള്ള അടുപ്പം വർധിച്ചതുമാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഓഗസ്റ്റ് 23 ന് ലഖ്‌നൗവിൽ മായാവതിയുടെ നേതൃത്വത്തിൽ ബിഎസ്പി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മേളനത്തിൽ മസൂദ് പങ്കെടുത്തിരുന്നില്ല. സമാജ്‌വാദി പാർട്ടിയിൽ നിന്നായിരുന്നു മസൂദ് ബിഎസ് പിയിലേക്ക് എത്തിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മുസ്ലിം വോട്ടുകൾ കൂടി ലക്ഷ്യമിട്ട് ബിഎസ്പി അദ്ദേഹത്തെ പാർട്ടിയുടെ കോർഡിനേറ്ററായി നിയോഗിച്ചിരുന്നു.
അതേസമയം, അടുത്ത രണ്ടുദിവസങ്ങളിലായി മുംബൈയിൽ ചേരുന്ന പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യിലേക്ക് കൂടുതൽ പാർട്ടികൾ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 31, സെപ്റ്റംബർ 1 എന്നീ തീയതികളിലാണ് യോഗം ചേരുക. സീറ്റ് വിഭജനം, മുന്നണിയുടെ കൺവീനർ തുടങ്ങി പല നിർണായക തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായേക്കും.