തമിഴ്‌നാട് സേലം ജില്ലയിലെ പെരിയേറി വില്ലേജിലെ തലൈവെട്ടി മുനിയപ്പൻ ക്ഷേത്രം ഏറ്റെടുക്കാൻ പുരാവസ്തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ക്ഷേത്രത്തിൽ ആരാധിക്കുന്ന വിഗ്രഹത്തിൽ ബുദ്ധന്റെ മഹാലക്ഷണം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കോടതി നിർദേശം.ക്ഷേത്രത്തിൽ പൂജകളും മറ്റു ആരാധനകളും നടത്തുന്നതിനെയും കോടതി വിലക്കിയിട്ടുണ്ട്.
ശില്പം കൈകാര്യം ചെയ്യാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റിനെ ( എച്ച് ആർ ആൻഡ് സി ഇ ) അനുവദിക്കുന്നത് ബുദ്ധമതത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാകുമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.
തലൈവെട്ടി മുനിയപ്പൻ ക്ഷേത്രത്തിനുള്ളിലെ പ്രതിമ ബുദ്ധന്റേതാണെന്നും വർഷങ്ങളായി ബുദ്ധമതവിശ്വാസികൾ ആണ് ഇവിടെ ആരാധിച്ചിരുന്നതെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.കാലക്രമേണ പ്രതിമയെ ഹിന്ദു ദേവതയെന്ന് ചിത്രീകരിക്കുകയും ഹിന്ദുക്കൾ ഇവിടെ ആരാധനകൾ നടത്താൻ ആരംഭിക്കുകയുമായിരുന്നു.
എന്നാൽ പ്രതിഭാഗം ഈ ആരോപണങ്ങളെയെല്ലാം തള്ളി കളയുകയായിരുന്നു. പ്രതിമ ബുദ്ധന്റേതാണോ അല്ലയോ എന്നത് ഭരണഘടനയുടെ 226ാം അനുച്ഛേദ പ്രകാരം കോടതിക്ക് വിധിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി , ക്ഷേത്രം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ് വികസന പുരാവസ്തു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും കമ്മീഷണർക്കും നിർദേശം നൽകിയിരുന്നു.
ശില്പം കല്ലുകൊണ്ട് നിർമിച്ചതാണെന്നും ലഭ്യമായ പുരാവസ്തുശാസ്ത്രപരവും ചരിത്രപരവുമായ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം ബുദ്ധന്റെ മഹാ ലക്ഷണങ്ങൾ ശില്പം കാണിക്കുന്നുണ്ടെന്നും ഉള്ള റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി നൽകുകയായിരുന്നു. ശില്പത്തിന്റെ പ്രത്യേകതകളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. താമര പീഠത്തിൽ 'അർദ്ധപത്മാസനം ' എന്നറിയപ്പെടുന്ന ഇരിപ്പിടത്തിലാണ് ശില്പം ഉള്ളത് .കൈകൾ 'ധ്യാനമുദ്ര' യിൽ ആണ് വെച്ചിരിക്കുന്നത്. തലയിൽ ബുദ്ധന്റെ ലക്ഷണങ്ങളായ ചുരുണ്ട മുടി , നീളമേറിയ ചെവികൾ എന്നിവ കാണിക്കുന്നുണ്ട്. നെറ്റിയിൽ ഊർണ കാണിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ശില്പം ബുദ്ധൻ ആണെന്ന് റിപ്പോർട്ട് സ്ഥിരീകരിച്ചതോടെ ശില്പത്തിന്റെ നിയന്ത്രണം ആരുടേതാണെന്ന് കോടതിയെ അറിയിക്കാൻ സംസ്ഥാനത്തിനും കമ്മീഷണർക്കും നിർദേശം നൽകുകയായിരുന്നു. എച്ച് ആർ ആൻഡ് സി ഇ നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫീസർ പ്രസ്തുത സ്ഥലം തലൈവെട്ടി മുനിയപ്പന്റെ ക്ഷേത്രമായി പരിഗണിച്ച നിരവധി ആളുകൾ വരുന്നതിനാൽ അത് ക്ഷേത്രമായി പരിഗണിച്ച് നിലവിലെ പോലെ തുടരാൻ അനുവദിക്കണമെന്ന് വാദിച്ചിരുന്നു.
എന്നാൽ കോടതി അതിനോട് വിയോജിക്കുകയായിരുന്നു. പ്രതിമ ബുദ്ധന്റെയാണെന്ന് പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചതിനാൽ അതിനെ ക്ഷേത്രമായി കണക്കാക്കുന്നത് തുടരുന്നത് ഉചിതമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
നിലവിൽ ശില്പത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അതിനുള്ളിലെ ശില്പം ബുദ്ധന്റേതാണെന്ന് കാണിക്കുന്ന ബോർഡ് സ്ഥാപിക്കാനും പുരാവസ്തു വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനത്തിന് സന്ദർശനാനുമതി നൽകുമെങ്കിലും പൂജയോ മറ്റു ചടങ്ങുകളോ നടത്തരുതെന്നും കോടതി നിർദേശിച്ചു.