INDIA

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബജറ്റിൽ കേന്ദ്രം കരുതിയിരിക്കുന്നത് എന്ത്?

വെബ് ഡെസ്ക്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.

സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുകയും ശീതകാല സമ്മേളനത്തിനിടെ സസ്പെന്‍ഡ് ചെയ്ത എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ലോക്‌സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി അനുരഞ്ജന കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി 1 ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ബജറ്റ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ജനപ്രിയ ബജറ്റായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനുമായി പുതിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാതെ നിലവിലുള്ള പദ്ധതികളിൽ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയുമായിരിക്കും ചെയ്യുകയെന്നാണ് പ്രമുഖ വാർത്താ എജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇവകൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയേക്കും. ആദായനികുതി, പുതിയ നികുതി സ്ലാബുകൾ, റോഡുകളുടെ നിർമാണം, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലായിരിക്കും ഇടക്കാല ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

സാമ്പത്തിക വളർച്ചയും ധനക്കമ്മിയും ഈ ബജറ്റിൽ കാണിക്കേണ്ടത് മോദിസർക്കാരിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. അധികാരത്തിൽ ഏറിയതിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക രംഗം മോദി സർക്കാർ തകർത്തുവെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം. പുതിയ പാർലമെന്റ് മന്ദിരമടക്കമുള്ള ചിലവുകൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന ഇടക്കാല ബജറ്റിൽ ഇതിനെല്ലാം മറുപടി നൽകാനാണ് സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും ലക്ഷ്യം.

സ്ത്രീ വോട്ടർമാരെ ആകർഷിക്കുന്നതിനായി വനിത കർഷകരുടെ വാർഷിക പ്രതിഫലം 12000 രൂപയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. നിലവിൽ വകയിരുത്തിയിരിക്കുന്ന ചിലവുകളിൽ അധികമായി 1.44 ബില്യൺ ഡോളറിന്റെ അധിക ചിലവ് മാത്രമാണ് ഇതുണ്ടാക്കുക. സർക്കാരിന്റെ ആകെ ചിലവ് വിലയിരുത്തുമ്പോൾ ഈ തുക താരതമ്യേന കുറവാണ്.

പ്രധാനമന്ത്രിയുടെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനുള്ള സാധ്യതകളും ഉണ്ട്. നിലവിൽ ഭക്ഷ്യധാന്യ പദ്ധതിക്ക് സർക്കാരിന്റെ സബ്‌സിഡിയുള്ളതിനാൽ സൗജന്യ ഭക്ഷ്യധാന്യ പദ്ധതിക്കുള്ള ചിലവും അധികമാകില്ലെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ 50 പോയിന്റെങ്കിലും ധനക്കമ്മി കുറയ്ക്കനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. നടപ്പ് സാമ്പത്തിക വർഷത്തിൽ 5.9 ശതമാനമാണ് ജിഡിപി ലക്ഷ്യമിടുന്നത്.

മോദി സർക്കാർ പത്ത് വർഷം പിന്നിടുമ്പോൾ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിലെ വർധനയാണ് പ്രതിപക്ഷം ആയുധമാക്കുന്ന മറ്റു പ്രധാന വിഷയങ്ങളിൽ ഒന്ന്. ഒന്നും രണ്ടും എൻഡിഎ സർക്കാർ പ്രകടന പത്രികയിൽ മുന്നോട്ട് വച്ച തൊഴിൽ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് പ്രതിപക്ഷം ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. ഈ ആക്ഷേപങ്ങളെ മറികടക്കാൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വൻ തുക നീക്കിവച്ചേയ്ക്കുമെന്നാണ് വിലയിരുത്തൽ. വിദേശ ആഭ്യന്തര നിക്ഷേപകരെ സ്വാഗതം ചെയ്യാൻ ഉതകുന്ന നിലയിൽ ഇൻസെന്റീവുകളും ഇത്തവണ പ്രഖ്യാപിച്ചേയ്ക്കും. ഇത്തരത്തിൽ നിക്ഷേപങ്ങളിൽ കൈവരിക്കുന്ന വളർച്ചയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്ന നിലയിലായിരിക്കും ആരോപണങ്ങളെ കേന്ദ്രം മറികടക്കാൻ ശ്രമിക്കുക.

ധനക്കമ്മി പരമാവധി കുറയ്ക്കാനായിരിക്കും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സർക്കാർ ശ്രമിക്കുക. സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും വലിയ തോതിൽ തുക നീക്കിവയ്ക്കാനും ശ്രമിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ മോദി പ്രഭാവം എന്ന വിഷയത്തിൽ ബിജെപിക്കും എൻഡിഎക്കും മുന്നേറ്റം കാഴ്ച വയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് ഭരണ പക്ഷത്തിന് ആശ്വാസം നൽകുന്ന വസ്തുതയുമാണ്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ഇഴകീറി പരിശോധിച്ചാൽ ചില തിരിച്ചടികൾ ബിജെപി തിരിച്ചറിയാതിരിക്കില്ല. അതിനാൽ ധനക്കമ്മി കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യം മുന്നോട്ട് വയ്ക്കുമ്പോഴും സമതുലിതമായ സമീപനമായിരിക്കും ബജറ്റ് സ്വീകരിക്കുക.

ജൂലൈ- സെപ്തംബർ പാദത്തിൽ രാജ്യം 7.6% സാമ്പത്തിക വളർച്ച കൈവരിച്ചെന്നാണ് സർക്കാർ കണക്കുകൾ. മാർച്ച് 31-ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം 7.3% സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ മൂലധനച്ചെലവിൽ 20 ശതമാനം വരെ വർധനവും പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ ഇടക്കാല ബജറ്റിൽ മൂലധന ചെലവ് വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്നാണ് വിലയിരുത്തൽ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും