INDIA

ബജറ്റ് സെഷന്‍ ഒരു ദിവസം കൂടി നീട്ടി; അപ്രതീക്ഷിത നീക്കം, 2014ന് മുമ്പും ശേഷവുമുള്ള സമ്പദ്‌വ്യവസ്ഥയുടെ ധവളപത്രം ലക്ഷ്യം

2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ഔദ്യോഗികമായി ജനങ്ങളെ അറിയിക്കാനുള്ള തന്ത്രമാണിതെന്നാണ് റിപ്പോര്‍ട്ട്

വെബ് ഡെസ്ക്

2024 ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ അപ്രീക്ഷിതനീക്കവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച അവസാനിക്കേണ്ട ബജറ്റ് സെഷന്‍ ഒരു ദിവസം കൂടി നീട്ടിയിട്ടുണ്ട്. അത്യപൂര്‍വമായി ആണ് ശനിയാഴ്ചകളില്‍ ഇരു സഭകളും സമ്മേളിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ സാമ്പത്തിക സ്ഥിതിയും 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള സമ്പദ് വ്യവസ്ഥയും താരതമ്യം ചെയ്ത് സഭയില്‍ ധവളപത്രം ഇറക്കാനാണ് ഒരു ദിവസം കൂടി സമ്മേളനം നീട്ടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് പ്രസംഗം അവതരിപ്പിക്കുന്നതിനിടെ, 2014ന് മുമ്പും ശേഷവുമുള്ള ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അവസ്ഥ താരതമ്യം ചെയ്ത് കേന്ദ്രം ധവളപത്രം പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോദിയുടെ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ഔദ്യോഗികമായി ജനങ്ങളെ അറിയിക്കാനുള്ള തന്ത്രമാണിതെന്നാണ് റിപ്പോര്‍ട്ട്.

യുപിഎ കാലത്തെ പ്രതിസന്ധി നമ്മള്‍ തരണം ചെയ്‌തെന്നും സര്‍വ്വതോന്മുഖമായ വികസനത്തോടെ സമ്പദ്വ്യവസ്ഥ ഉയര്‍ന്ന സുസ്ഥിര വളര്‍ച്ചാ പാതയിലാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 2014 വരെ നമ്മള്‍ എവിടെയായിരുന്നുവെന്നും ഇപ്പോള്‍ എവിടെയാണെന്നും പരിശോധിക്കുന്നത് ഇപ്പോള്‍ ഉചിതമാണ്.

ആ വര്‍ഷങ്ങളിലെ കെടുകാര്യസ്ഥതയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് ധവളപത്രം വയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. 2015-16ല്‍ പ്രധാനമന്ത്രി മോദി തന്നെ ധവളപത്രത്തിന്റെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അക്കാലത്ത് അത് ചെയ്യാതിരുന്നെന്നും നിര്‍മല പറഞ്ഞു. 'ഇപ്പോള്‍ ഞങ്ങള്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി, സമ്പദ്വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് രാജ്യങ്ങളുടെ പാതയില്‍ എത്തിക്കാനുള്ള ശ്രമം വിജയം കണ്ടുതുടങ്ങുകയാണ്. സമ്പദ്വ്യവസ്ഥ ഇന്ന് മികച്ച നിലയിലാണെന്ന് തെളിയിച്ചപ്പോള്‍ നേരത്തേ എന്തായിരുന്നു അവസ്ഥ എന്നത് പൊതുജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും നിര്‍മല പറഞ്ഞിരുന്നു.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍