ജലന്ധര്‍ വെസ്റ്റ് മണ്ഡലത്തില്‍ വിജയിച്ച ആംആദ്മി സ്ഥാനാര്‍ഥി മൊഹിന്ദര്‍ ഭഗത്ത് മുഖ്യമന്ത്രിക്കൊപ്പം 
INDIA

നിയമസഭ ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ ആധിപത്യം; 13ൽ 10 ഇടത്ത് വിജയം, ബിജെപി രണ്ടിടത്ത് മാത്രം

ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിലായിട്ടാണ് 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നത്.

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തിനുപിന്നാലെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിയ്ക്ക് തിരിച്ചടി. 10 സീറ്റിൽ ഇന്ത്യ സഖ്യത്തിന്റെ ആധിപത്യം. എൻഡിഎ രണ്ട് സീറ്റിൽ ഒതുങ്ങി. ഒരു മണ്ഡലത്തിൽ സ്വതന്ത്രനു വിജയം.

ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ മികച്ച മുന്നേറ്റം സാധ്യമാക്കിയപ്പോള്‍ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ബഗാളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത്. ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു സീറ്റുകളില്‍ മൂന്നെണ്ണവും ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ഇവ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇതില്‍ മണിക്താല മണ്ഡലം മാത്രമായിരുന്നു 2022 തിരഞ്ഞെടുപ്പില്‍ തൃണമൂലിനൊപ്പം നിന്നത്. സിറ്റിങ് എംഎല്‍എ ആയിരുന്ന സധന്‍ പാണ്ഡെ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, നിയമസഭ ഉപതിരഞ്ഞെടുപ്പിലും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ബംഗാള്‍ ബിജെപിക്ക് ഇരട്ടി പ്രഹരമായി.

ഹിമാചലില്‍, സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മൂന്നു മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. ദെഹ്‌ര മണ്ഡലം ബിജെപിയുടെ ഉരുക്കുകോട്ടയായിരുന്നു. ഇവിടെ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേല്‍ താക്കൂര്‍ വന്‍ വിജയം നേടിയത് ബിജെപിയെ ഞെട്ടിച്ചു.

ഉത്തരാഖണ്ഡില്‍ രണ്ട് സീറ്റുകളില്‍ ഒരെണ്ണം കോണ്‍ഗ്രസ് പിടിച്ചെടുത്തു. മൗഗ്ലര്‍ മണ്ഡലമാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ബിഎസ്പി സിറ്റിങ് എംഎല്‍എ മരിച്ചതുകൊണ്ടാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബദ്രിനാഥ് മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തി. പഞ്ചാബില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ജലന്ധര്‍ വെസ്റ്റ് മണ്ഡലം എഎപി നിലനിര്‍ത്തി. മധ്യപ്രദേശിലെ അമര്‍വാഡ മണ്ഡലത്തില്‍ മാത്രമാണ് ബിജെപിക്ക് സീറ്റ് നിലനിര്‍ത്താനായത്. ബിഹാറിലൈ രൂപൗലി മണ്ഡലലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ജയിച്ചത്.

ഹിമാചൽ പ്രദേശിലെ ദെഹ്‌രയിൽ കമലേഷ് താക്കുർ 9,000 വോട്ടിനാണ് ജയിച്ചത്. നലാഗഡിൽ കോണ്‍ഗ്രസിൻ്റെ ഹർദീപ് സിങ് ബാവ 8990 വോട്ടിനും വിജയിച്ചു. ഉത്തരാഖണ്ഡിലെ ബദ്രിനാഥിൽ കോൺഗ്രസ് സ്ഥാനാർഥി ലക്ഷ്പത് സിങ് ബട്ടോള 5224 വോട്ടിനു വിജയിച്ചു. മഗ്ലൗറിൽ ഖാസി മുഹമ്മദ് നിസാമുദ്ദീൻ 422 വോട്ടിനും വിജയിച്ചു.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായ കൃഷ്ണ കല്യാണി റായ്‌ഗഞ്ചിൽ 50,077 വോട്ടിനും മുകുത് മണി അധികാരി റാണാഘട്ട് ദക്ഷിൺ 39,048 വോട്ടിനും മധുപർണ താക്കൂർ ബാഗ്ദയിൽ 33,455 വോട്ടിനും വിജയിച്ചു. മണിക്താലയിൽ സുപ്തി പാണ്ഡെ 6000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നിലാണ്.

പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി മൊഹിന്ദർ ഭഗത് 37,000 വോട്ടിന് വിജയിച്ചു. തമിഴ്നാട്ടിലെ വിക്രവണ്ടിയിൽ ഡിഎംകെ സ്ഥാനാർഥി അന്നിയുർ ശിവ 67,757 വോട്ടിനു വിജയിച്ചു. ബിഹാറിലെ രുപൗലിയിൽ സ്വതന്ത്ര സ്ഥാനാർഥി ശങ്കർ സിങ് 8246 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു.

ഹിമാചലിലെ ഹാമിപുരും മധ്യപ്രദേശിലെ അമർവാഡയും മാത്രമാണ് ബിജെപിക്കൊപ്പം നിന്നത്. ഹാമിപുരിൽ ബിജെപി സ്ഥാനാർഥി ആശിഷ് ശർമ 1500 വോട്ടിനു വിജയിച്ചു. മധ്യപ്രദേശിലെ അമർവാഡ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കമേലഷ് പ്രതാപ് ഷാ 3027 വോട്ടിനു വിജയിച്ചു.

പശ്ചിമ ബംഗാൾ (നാല്), ഹിമാചൽ പ്രദേശ് (മൂന്ന്), ഉത്തരാഖണ്ഡ് (രണ്ട്), ബിഹാർ, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട് (ഒന്നു വീതം) എന്നീ ഏഴ് സംസ്ഥാനങ്ങളിലാണ് 13 ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡിലെ മാഗ്ലൗര്‍ മണ്ഡലത്തിലെ എംഎൽഎയായിരുന്ന ബിഎസ്പി നേതാവ് സർവത് കരീം അൻസാരിയുടെ മരണത്തെ തുടർന്നും തമിഴ്‌നാട്ടിലെ വിക്രവണ്ടിയിലെ എംഎൽഎയായിരുന്നു എൻ പുകഴേന്തിയുടെ നിര്യാണത്തെ തുടർന്നുമാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജെഡിയു എംഎൽഎയായിരുന്ന ഭീമഭാരതി രാജിവെച്ച് ആർജെഡിയിൽ ചേർന്നതിനെ തുടർന്നാണ് ബിഹാറിലെ രൂപൗലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്,

ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴ് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ ഇന്ത്യ മുന്നണിയും മൂന്നെണ്ണത്തിൽ എൻഡിഎ മുന്നണിയുമാണ് അധികാരത്തിലുള്ളത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി