INDIA

സുഖുവിന്റെ 'ഹിമക്കോട്ട' തകര്‍ന്നില്ല; ബംഗാളില്‍ കൈയിലുണ്ടായിരുന്നതും പോയി, തന്ത്രങ്ങൾ പിഴച്ച് ബിജെപി

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രധാന ഉപതിരഞ്ഞെടുപ്പില്‍ ആശ്വസിക്കാന്‍ വകയൊന്നുമില്ലാതെ ബിജെപി

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രധാന ഉപതിരഞ്ഞെടുപ്പില്‍ ആശ്വസിക്കാന്‍ വകയൊന്നുമില്ലാതെ ബിജെപി. ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലേക്കും യുപിയിലെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിനും ഒരുങ്ങവെയുള്ള തിരിച്ചടി ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പശ്ചിമ ബംഗാളില്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തിയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. തിരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്നു സീറ്റുകളും ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. എന്നാല്‍, നാലു സീറ്റുകളും വമ്പന്‍ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ പിടിച്ചെടുത്തു. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ സിപിഎമ്മിനും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജപിക്ക് ബംഗാളില്‍ വലിയ തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. 2019 ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിറങ്ങിയ പാര്‍ട്ടി 12 സീറ്റിലൊതുങ്ങി. 18 സീറ്റാണ് 2019-ല്‍ ബിജെപിക്ക് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റ് നേടി. 42 ലോക്‌സഭ സീറ്റാണ് ബംഗാളിലുള്ളത് . 42 സീറ്റിലും തനിച്ചു മത്സരിച്ചാണ് ടിഎംസി ശക്തി തെളിയിച്ചത്.

ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരുന്ന സംസ്ഥാനമായിരുന്നു ബംഗാള്‍. സന്ദേശ്ഖാലി വിഷയവും നിയമന പ്രതിസന്ധിയും അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി പ്രചാരണം. മമത ബാനര്‍ജിയുട ഭരണത്തിന്‍കീഴില്‍ ബംഗാളിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സന്ദേശ്ഖാലി വിഷയം ഉയര്‍ത്തിക്കാട്ടി ബിജെപി പ്രചാരണം നടത്തി. എന്നാല്‍, പരാതി കൊടുക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന പല സ്ത്രീകളുടേയും വെളിപ്പെടുത്തല്‍ പാര്‍ട്ടിയ പ്രതിരോധത്തിലാക്കി. സന്ദേശ്ഖാലിയില്‍ നടന്നതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന പറയുന്ന ബിജെപി നേതാവിന്റെ വീഡിയോ കൂടി തൃണമൂല്‍ പുറത്തുവിട്ടതോടെ ബിജെപി കൂടുതല്‍ പരുങ്ങലിലായി.

മമത ബാനർജി

പ്രാദേശിക നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ നിരവധി സ്ത്രീകള്‍ക്ക് നേര ലൈംഗിക അതിക്രമങ്ങള്‍ നടന്നതാണ് സന്ദേശ്ഖാലിയെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചത്. ഇത് ബിജെപി മുതലാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരുവശത്ത് ബിജെപി സന്ദേശ്ഖാലി വിഷയം കത്തിക്കാന്‍ നോക്കിയപ്പോള്‍ മറുവശത്ത് ഗവര്‍ണര്‍ സി വി ആനന്ദബോസിന് എതിരായ ലൈംഗികാതിക്രമ പരാതി ടിഎംസി കത്തിച്ചു. ഇതിനിടയില്‍ മമത ബാനര്‍ജി തന്റ തനത് ശൈലിയില്‍ പ്രചാരണം കടുപ്പിക്കുകയും ചെയ്തു. ഫലം വന്നപ്പോള്‍ ബംഗാള്‍ ജനത തൃണമൂലിനെ ഒരിക്കല്‍ക്കൂടി വിശ്വസിച്ചു.

ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു മണ്ഡലങ്ങളും 2011 വരെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളായിരുന്നു. തൃണമൂലിന്റെ സിറ്റിങ് എംഎല്‍എയായിരുന്ന സധന്‍ പാണ്ഡെ മരിച്ചതിനെ തുടര്‍ന്നാണ് മണിക്താലയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യയെയാണ് ഇവിടെ ടിഎംസി രംഗത്തിറക്കിയത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി കല്യാണ്‍ ചൗബേയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 2021-ലും ചൗബേ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഫലം വന്നപ്പോള്‍ ടിഎംസിക്ക് 62,000 വോട്ടിന്റെ വമ്പന്‍ വിജയം. 83,110 വോട്ട് ടിഎംസി പിടിച്ചപ്പോള്‍ ബിജെപി 20,798 വോട്ട് നേടി. സിപിഎമ്മിന് നേടാനായത് 9,502 വോട്ട്. റായ്ഗഞ്ച് മണ്ഡലത്തില്‍ ടിഎംസി ജയിച്ചത് 50,077 വോട്ടിന്. ബാഗ്ദ മണ്ഡലത്തില്‍ 33,455 വോട്ടിനാണ് തൃണമൂലിന്റെ വിജയം. 39,048 വോട്ടിനാണ് രണഘട്ട് ദക്ഷിണ്‍ മണ്ഡലത്തില്‍ തൃണമൂല്‍ വിജയിച്ചത്.

അടിക്കടി പരാജയം ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ബംഗാളില്‍ തൃണമൂല്‍ കഴിഞ്ഞാല്‍ തങ്ങളാണെന്ന് ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രകടനത്തില്‍ നിന്ന് ഇത് വ്യക്തമാണ്. നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിച്ച റായ്ഗഞ്ചില്‍ മാത്രമാണ് 20,000 വോട്ടിന് മുകളില്‍ വോട്ട് നേടാന്‍ സാധിച്ചിത്. രണഘട്ട് ദക്ഷിണ്‍ മണ്ഡലത്തിലാണ് പതിനായിരത്തിന് മുകളില്‍ വോട്ട് നേടാന്‍ സിപിഎമ്മിന് സാധിച്ചത്.

നരേന്ദ്ര മോദി

ഹിമാചല്‍ വീണില്ല, തിരിച്ചുകയറി കോണ്‍ഗ്രസ്

അട്ടിമറി പ്രതീക്ഷിച്ചിരുന്ന ഹിമാചല്‍ പ്രദേശിലും ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള നാല് സീറ്റു നേടിയ ബിജെപിക്ക് പക്ഷേ ഉപതിരഞ്ഞെടുപ്പില്‍ താളം തെറ്റി. ഒരുപക്ഷേ ബംഗാളിനെക്കാള്‍ കൂടുതല്‍ ബിജെപിയെ വലയ്ക്കുന്നത് ഹിമാചലിലെ തോല്‍വിയായിരിക്കും.

രാജ്യസഭ തിരഞ്ഞെടുപ്പും അതിന് ശേഷം നടന്ന രാഷ്ട്രീയ നാടകങ്ങളും ഹിമാചലിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന് വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, ഈ എംഎല്‍എമാരെ കാണാതാവുകയും ബിജെപി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖു രംഗത്തെത്തുകയും ചെയ്തു. ഇവര്‍ ബിജെപി പാളയത്തിലേക്കാണെന്ന സൂചന ലഭിച്ചതിന് പിന്നാലെ ഇവരെ നിയമസഭ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചു. പിന്നാലെ, രാജിവച്ച മൂന്നു സ്വതന്ത്ര എംഎല്‍എമാര്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

ഏത് നിമിഷവും സര്‍ക്കാര്‍ വീഴുമെന്ന പ്രതീതിയായിരുന്നു പിന്നീട് ഹിമാചലിലുണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് 2022-ല്‍ കോണ്‍ഗ്രസ് ഹിമാചല്‍ ഭരണം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത്. ഇതും ഹിമാചല്‍ രാഷ്ട്രീയം കലങ്ങിമറിയുന്നത് ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായി. സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും പൊട്ടിത്തെറിയുണ്ടായിരുന്നു. മന്ത്രിസഭയിലെ പ്രമുഖനായിരുന്ന വിക്രമാദിത്യ സിങിന്റെ അപ്രതീക്ഷിത രാജിയും അതേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. എഐസിസി നേതൃത്വം വളരെ പണിപ്പെട്ടാണ് വിക്രമാദിത്യയെ പാര്‍ട്ടിക്കുള്ളില്‍ പിടിച്ചു നിര്‍ത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന വാഗ്ദാനമാണ് അന്ന് എഐസിസി വിക്രമാദിത്യക്ക് മുന്നില്‍വെച്ചത്. ഇതില്‍ വഴങ്ങിയ വിക്രമാദിത്യ താത്കാലിക വെടിനിര്‍ത്തലിന് വഴങ്ങി.

സുഖ്വിന്ദർ സിങ് സുഖു

പ്രതിസന്ധികളില്‍ കൂടി കടന്നുപോയ സര്‍ക്കാരിന് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെങ്കിലും ലോക്‌സഭയ്‌ക്കൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആറില്‍ നാലിടത്തും ജയിക്കാന്‍ സാധിച്ചത് ആശ്വാസമേകി. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ രാജിവച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നത്. ഇപ്പോഴത്തെ ഉപതിരഞ്ഞടുപ്പിലും പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സാധിച്ചതോടെ, സുഖ്‌വിന്ദര്‍ സിങ് സുഖു കോണ്‍ഗ്രസിലും സര്‍ക്കാരിലും പിടിമുറുക്കുകയാണ്. കോണ്‍ഗ്രസ് ഒരിക്കലും ജയിക്കാത്ത മണ്ഡലമായ ദെഹ്‌രയില്‍ ഭാര്യയെ നിര്‍ത്തി വിജയിക്കുക കൂടി ചെയ്തതോടെ സുഖു കൂടുതല്‍ കരുത്തനായി.

കമലേഷ് താക്കൂർ

കമലേഷ് താക്കൂര്‍ കൂടി ജയിച്ചെത്തുന്നതോടെ, ഭര്‍ത്താവും ഭാര്യയും നിയമസഭയിലിരിക്കുന്ന സംസ്ഥാനമായി ഹിമാചല്‍ മാറും. കോണ്‍ഗ്രസ് നേതാവായിരുന്നിട്ടും ആദ്യമായാണ് കമലേഷ് തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഹോഷ്യാര്‍ സിങ് ചംബ്യാല്‍ ആണ് വിജയിച്ചത്. ഹോഷ്യാറിനെ തന്നെ ബിജെപി സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ദെഹ്രയില്‍ ജനിച്ചു വളര്‍ന്ന നേതാവെന്ന പ്രചാരണവും കമലേഷിന് നേട്ടമുണ്ടാക്കി. 1998-ലാണ് സുഖുവുമായുള്ള വിവാഹം നടന്നത്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ രണ്ട് പതിറ്റാണ്ടായി കമലേഷ് താക്കൂര്‍ അംഗമാണ്.

32,737 വോട്ടാണ് കമലേഷിന് ലഭിച്ചത്. ഹോഷ്യാറിന് ലഭിച്ചത് 23,338 വോട്ടാണ്. നാലാഘര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ദീപ് സിങ് ബാവ ബിജെപിയുടെ കെ എല്‍ താക്കൂറിനെ 8,990 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഹമിര്‍പുര്‍ മണ്ഡലമാണ് ബിജെപിക്ക് ആശ്വാസം നല്‍കിയത്. എന്നാല്‍, നേരിയ ഭൂരിപക്ഷത്തിലാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി ആശിഷ് ശര്‍മ ജയിച്ചത്. 1,571 വോട്ടിനാണ് ശര്‍മയുടെ ജയം. ആശിഷ് ശര്‍മ 27,041 വോട്ട് നേടിയപ്പോള്‍, കോണ്‍ഗ്രസ് പുഷ്പിന്ദര്‍ വെര്‍മ 25,470 വോട്ട് നേടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ