INDIA

'ഇന്ത്യ'യ്ക്ക് നിർണായകം; ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

വെബ് ഡെസ്ക്

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി നടന്ന ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്നറിയാം. ഈ വർഷം അവസാനം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിനെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ'യുടെ ലക്ഷ്യങ്ങൾ ഫലം കാണുമോയെന്നത് പ്രസക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി രുപീകരിച്ച പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വളരെ നിർണായകമാണ്.

ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) ബേബി ദേവിയും എജെഎസ്‍യു പാർട്ടിയുടെ യശോദ ദേവിയും 2019 ൽ നാലാം സ്ഥാനത്തെത്തിയ എഐഎംഐഎമ്മിന്റെ അബ്ദുൾ റിസ്വിയും തമ്മിൽ ഇത്തവണ ത്രികോണ മത്സരമാണ് കാഴ്ചവച്ചത്

ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ഉത്തർപ്രദേശിലെ ഘോസി, കേരളത്തിലെ പുതുപ്പള്ളി, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ജാർഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധനപുർ എന്നിവയുൾപ്പെടെ ഏഴ് മണ്ഡലങ്ങളിലാണ് സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പ് നടന്നത്. ഇതിൽ, ധനപുർ, ബാഗേശ്വർ, ധൂപ്ഗുരി മണ്ഡലങ്ങളിൽ ബിജെപിയും, ഘോസി സമാജ്‌വാദി പാർട്ടിയും, ബോക്സനഗറിൽ സിപിഎമ്മും ദുമ്രിയിൽ ജാർഖണ്ഡ് മുക്തി മോർച്ചയും പുതുപ്പള്ളിയിൽ കോൺഗ്രസുമാണ് അധികാരത്തിലിരുന്നത്. ഉത്തർപ്രദേശിലെ ഘോസിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ, ഇന്ത്യ സഖ്യം ഐക്യമുന്നണി രൂപീകരിച്ചിരുന്നു. സമാജ്‌വാദി പാർട്ടി നേതാവും എംഎൽഎയുമായ ധാര സിങ് ചൗഹാൻ രാജിവച്ചതിനെ തുടർന്നായിരുന്നു ഘോസിയിലെ തിരഞ്ഞെടുപ്പ്. ശരാശരിയേക്കാൾ മുകളിൽ, 50.77 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ് നില.

ജാർഖണ്ഡിലെ ദുമ്രിയിൽ 2.98 ലക്ഷം വോട്ടർമാരിൽ 64.84 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഗിരിദിഹ് ജില്ലയിലെ പച്ചംഭയിലെ കൃഷി ബാസാർ സമിതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെണ്ണൽ കേന്ദ്രം സ്ഥാപിച്ചത്. മൊത്തം 24 റൗണ്ട് വോട്ടെണ്ണൽ നടക്കുമെന്നും 70 ലധികം ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിച്ചിട്ടുണ്ടെന്നും ഗിരിദിഹ് ഡെപ്യൂട്ടി കമ്മീഷണറും തിരഞ്ഞെടുപ്പ് ഓഫീസറുമായ നമൻ പ്രിയേഷ് ലക്ര പറഞ്ഞു. ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) ബേബി ദേവിയും എജെഎസ്‍യു പാർട്ടിയുടെ യശോദ ദേവിയും 2019 ൽ നാലാം സ്ഥാനത്തെത്തിയ എഐഎംഐഎമ്മിന്റെ അബ്ദുൾ റിസ്വിയും തമ്മിൽ ഇത്തവണ ത്രികോണ മത്സരമാണ് കാഴ്ചവച്ചത്. ജെഎംഎമ്മിനെ ഇന്ത്യൻ സഖ്യകക്ഷികളായ കോൺഗ്രസും ആർജെഡിയും പിന്തുണച്ചപ്പോൾ എജെഎസ്‍യു പാർട്ടിയുടെ യശോദ ദേവിയെ ബിജെപി പിന്തുണച്ചു.

ത്രിപുരയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബോക്സാനഗറിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ബിജെപിയുടെ തഫജ്ജൽ ഹുസൈൻ അതേ സീറ്റിൽ നിന്ന് സിപിഐ (എം) സ്ഥാനാർത്ഥി മിസാൻ ഹുസൈനെതിരെയാണ് മത്സരിക്കുന്നത്

ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 14 ടേബിളുകളിലായി നടത്തുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുരാധ പാൽ പറഞ്ഞു. ഇതിനായി 130 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ബിജെപി എംഎൽഎയും ക്യാബിനറ്റ് മന്ത്രിയുമായ ചന്ദന് റാം ദാസ് ഏപ്രിലിൽ അന്തരിച്ചതിനെ തുടർന്നാണ് ബാഗേശ്വരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2007 മുതൽ മുതൽ തുടർച്ചയായി നാല് തവണയാണ് അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചത്.

ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ സോനാമുറ ഗേൾസ് എച്ച്എസ് സ്കൂളിൽ നടക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബോക്സാനഗറിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ബിജെപിയുടെ തഫജ്ജൽ ഹുസൈൻ അതേ സീറ്റിൽ നിന്ന് സിപിഐ (എം) സ്ഥാനാർത്ഥി മിസാൻ ഹുസൈനെതിരെയാണ് മത്സരിക്കുന്നത്. വോട്ടെടുപ്പിനിടെ രണ്ട് മണ്ഡലങ്ങളിലും വൻ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് വോട്ടെണ്ണൽ ബഹിഷ്കരിക്കുമെന്ന് ബുധനാഴ്ച സിപിഎം പ്രഖ്യാപിച്ചിരുന്നു.

നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വ്യാപകമായ അക്രമങ്ങൾ നടന്ന പശ്ചിമ ബംഗാളിലെ ധൂപ്ഗുരിയിൽ, കേന്ദ്ര സായുധ സേനയുടെയും സംസ്ഥാന പോലീസിന്റെയും സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക. ജൽപായ്ഗുരിയിലെ നോർത്ത് ബംഗാൾ സർവകലാശാലയുടെ രണ്ടാമത്തെ കാമ്പസിലാണ് വോട്ടെണ്ണൽ. ഇവിടെ 76 ശതമാനമായിരുന്നു പോളിങ്. ബിജെപി എംഎൽഎ ബിഷു പാഡ റായിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്- ഇടത് സഖ്യത്തിന്റെ സ്ഥാനാർഥിയായി സിപിഎമ്മിന്റെ ഈശ്വർ ചന്ദ്ര റോയിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി നിർമൽ ചന്ദ്ര റോയിയുമാണ് മത്സരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്റെ വിധവ തപസി റോയിക്ക് ബിജെപിയും സീറ്റ് നൽകി.

കേരളത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലവും ഇന്ന് വരും. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും 52 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ജനപ്രിയനായ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ച ജെയ്ക്ക് സി തോമസ് സിപിഎമ്മിന്റെയും ലിജിൻ ലാൽ ബിജെപിയുടെയും സ്ഥാനാർഥിയാണ്. 182 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. ബസേലിയസ് കോളേജിൽ 13 റൗണ്ടുകളിലായി 20 മേശകളിലാണ് വോട്ടെണ്ണൽ നടക്കുക. ആര് ജയിക്കും എന്നതിനപ്പുറം, വിജയ ശതമാനമാണ് പുതുപ്പള്ളിയിൽ ഏവരും ഉറ്റുനോക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?