INDIA

സിഎഎ: മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്, നിയമ പോരാട്ടത്തിന് ഡിവൈഎഫ്‌ഐയും

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിലെ പ്രധാന ഹര്‍ജിക്കാരാണ് ലീഗ്

വെബ് ഡെസ്ക്

പൗരത്വ ഭേദഗതി നിയമം (സി എ എ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് അസമില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ വലിയ തോതില്‍ പ്രതിഷേധങ്ങളുയര്‍ന്ന സംസ്ഥാനമായിരുന്നു അസം. സിഎഎ വിജ്ഞാപനത്തിന്റെ കോപ്പികള്‍ കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കേരള സര്‍ക്കാരും നീക്കങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍

കേരളം, തമിഴ്‌നാട്, ബംഗാള്‍ സര്‍ക്കാരുകളും സിഎഎ വിജ്ഞാപനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിജ്ഞാപനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനും വിവിധ കേന്ദ്രങ്ങളില്‍ നടപടി തുടങ്ങിയിട്ടുണ്ട്. സിഎഎ ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയല്‍ ഇന്നുതന്നെ ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസിലെ പ്രധാന ഹര്‍ജിക്കാരാണ് ലീഗ്.

വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കേരള സര്‍ക്കാരും നീക്കങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ നിയമ സാധ്യതകള്‍ പരിശോധിക്കുകയാണ് സംസ്ഥാനം. ഇടത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎഎ വിജ്ഞാപനത്തിനെതിരെ കടുത്ത സമരവുമായി രംഗത്തിറങ്ങാനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം. പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് 14 ജില്ലകളിലും മിഡ്‌നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.

സിഎഎ നടപ്പാക്കുന്നതിനെതിരെ കേരളവും ബംഗാളും ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വര്‍ഗീയവികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമാണെന്ന് പിണറായി വിജയന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ജനങ്ങളെ പരസ്പരം വിഭജിക്കുന്ന നിയമം തങ്ങള്‍ നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞു.

വിജ്ഞാപനത്തിനെതിരെ തമിഴ്‌നാട്ടിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൗരത്വഭേദഗതി നിയമം കേന്ദ്ര സര്‍ക്കാരിന്റെ വിഭജന അജണ്ട നടപ്പിലാക്കുന്നതിന് ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ഡിഎംകെ പോലുള്ള ജനാധിപത്യ ശക്തികളുടെ എതിര്‍പ്പിനെ അവഗണിച്ച് എഐഎഡിഎംകെ പോലുള്ള സഖ്യകക്ഷികളുടെ സഹായത്തോടെ ബിജെപി സിഎഎ പാസാക്കിയതായും സ്റ്റാലിന്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

എല്ലാ പൗരന്മാരും സൗഹാര്‍ദത്തോടെ ജീവിതം നയിക്കുന്ന രാജ്യത്ത് സിഎഎ പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നടന്‍ വിജയ് യുടെ തമിഴക വെട്രിക്ക് കഴകം പ്രതികരിച്ചു. ഈ നിയമം തമിഴ്നാട്ടില്‍ നടപ്പിലാക്കില്ലെന്ന് നേതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ വിജയ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രഖ്യാപനം നടത്തിയതിന് ശേഷം വിജയ് നടത്തുന്ന ആദ്യ രാഷ്ട്രീയ പ്രതികരണം കൂടിയാണിത്.

അതേസമയം, സിഎഎയ്‌ക്കതിരെ എഐഎഡിഎംകെയും രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ചരിത്രപരമായ മണ്ടത്തരമാണെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപി രാഷ്ട്രീയനേട്ടത്തിനായി സിഎഎ നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ