ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2019-ല്‍ പാസാക്കിയ നിയമം, ചട്ടങ്ങള്‍ പുറപ്പെടുവിച്ച ശേഷം നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി 370 സീറ്റും എന്‍ഡിഎ 400 സീറ്റും നേടി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇ ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2024-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ചിലര്‍ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, എന്നിവിടങ്ങളില്‍ പീഡനം നേരിട്ട് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം നല്‍കാന്‍ മാത്രമാണ് സിഎഎ കൊണ്ട് ഉദ്ദേശിക്കുന്നത്. ആരുടേയും ഇന്ത്യന്‍ പൗരത്വം തട്ടിയൈടുക്കാന്‍ വേണ്ടിയല്ലെന്നും അമിത് ഷാ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റുള്ളവരും ഒപ്പിട്ട ഭരണഘഘടനാപരമായ അജണ്ടയാണ്. എന്നാല്‍, പ്രീണനം കാരണം കോണ്‍ഗ്രസ് ഇത് അവഗണിക്കുകയായിരുന്നു. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയത് ഒരു സാമൂഹിക മാറ്റമാണ്. ഇത് എല്ലാ വേദികളിലും ചര്‍ച്ച ചെയ്യുകയും നിയമപരമായ പരിശോധ നടത്തുകയും ചെയ്യും. ഒരു മതേതര രാജ്യത്തിന് മതത്തെ അടിസ്ഥാനമാക്കിയുളള സിവില്‍ കോഡ് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിക്കില്ല. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പോലും തങ്ങള്‍ക്ക് വീണ്ടും പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ''ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഞങ്ങള്‍ റദ്ദാക്കി. അതിനാല്‍ രാജ്യത്തെ ജനങ്ങല്‍ ബിജെപിയെ 370 സീറ്റും എന്‍ഡിഎയെ 400 സീറ്റും നല്‍കി അനഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'', അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ പാര്‍ട്ടികള്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന സൂചനയും അമിത് ഷാ നല്‍കി. ശിരോമണി അകാലിദളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2024-ലെ തിരഞ്ഞെടുപ്പ് എന്‍ഡിഎയും 'ഇന്ത്യ' സഖ്യവും തമ്മിലല്ല. മറിച്ച്, വികസനവും വെറും മുദ്രാവാക്യങ്ങള്‍ നല്‍കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014-ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ത് കുഴപ്പമാണ് സൃഷ്ടിച്ചതെന്ന് അറിയാന്‍ രാജ്യത്തിന് പൂര്‍ണ അവകാശമുണ്ടെന്ന്, ഈ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ ധവളപത്രം അവതരിപ്പിച്ചതിനെ കുറിച്ച് അമിത് ഷാ പറഞ്ഞു. ആ സമയത്ത് (2014) സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിലായിരുന്നു. എല്ലായിടത്തും തട്ടിപ്പുകള്‍ നടന്നു. വിദേശ നിക്ഷേപം വന്നില്ല. അന്ന് നമ്മള്‍ ഒരു ധവളപത്രം പുറത്തെടുത്തിരുന്നെങ്കില്‍ അത് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുമായിരുന്നു. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം നമ്മുടെ സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചു, വിദേശ നിക്ഷേപം കൊണ്ടുവന്നു, ഒരു അഴിമതിയും ഇല്ല. അതിനാല്‍ ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.