INDIA

സിഎഎ കേരളത്തിലും നടപ്പാക്കും, സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല: അമിത് ഷാ

ഇന്ത്യയിൽ മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കമാണ് സിഎഎയെന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആക്ഷേപം

വെബ് ഡെസ്ക്

സി എ എ നടപ്പാക്കില്ലെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ വാദം പ്രാവർത്തികമാകാൻ പോകുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിൻവലിക്കില്ല. പൗരത്വം കേന്ദ്രത്തിന്റെ പരിധിയിലുള്ള വിഷയമാണെന്നും അതിൽ സംസ്ഥാനങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും ദേശീയ വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. നിയമത്തിനെതിരെ രാജ്യമാകമാനം പ്രതിഷേധങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.

പ്രീണന രാഷ്ട്രീയമാണ് തമിഴ്‌നാടും കേരളവും പശ്ചിമബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ നടത്തുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സി എ എ നടപ്പിലാക്കാൻ എല്ലാവരും ഒരുമിക്കുമെന്നും അമിത് ഷാ പറഞ്ഞു.

2019ലാണ് സി എ എ ബിൽ പാസാക്കുന്നത്. എന്നാൽ നാലുവർഷത്തിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ മാർച്ച് പതിനൊന്നിനാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കുന്നത്.

"സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്നതിനുള്ള പരമാധികാര തീരുമാനമാണ്, അതിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല," എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ വ്യാജങ്ങളുടെ രാഷ്ട്രീയമാണ് പയറ്റുന്നത്. സിഎഎ ആരുടെയും പൗരത്വം എടുത്തുകളയാൻ വ്യവസ്ഥ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തികളോ ഭയപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കമാണ് സിഎഎ എന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആക്ഷേപം

അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രൈസ്തവ, പാഴ്സി അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള നിയമം മാത്രമാണ് സിഎഎയെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണ് സിഎഎയിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ അനുച്ഛേദം 370ന്റെ റദ്ദാക്കലിലും പ്രതിപക്ഷം സമാനമായ വാദങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ 1950 മുതൽ തങ്ങൾ പറഞ്ഞുകൊണ്ടിരുന്ന കാര്യമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു.

സിഎഎക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാക്കൾ നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. കോവിഡ് മൂലമാണ് ബിൽ നിയമമാകാൻ വൈകിയത്. സിഎഎ രാജ്യത്തിനാവശ്യമായ നിയമമാണെന്ന് ആളുകൾ തിരിച്ചറിയുമെന്നും പ്രതിപക്ഷം തുറന്നുകാട്ടപ്പെടും. ദേശീയ സുരക്ഷാ സംബന്ധിക്കുന്ന വിഷയത്തിൽ ഇങ്ങനെയൊരു നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും അത് നുഴഞ്ഞുകയറ്റക്കാർക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. സിഎഎ തിരഞ്ഞെടുപ്പിന് മുൻപ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ നാലുവർഷത്തിനിടെ 41 തവണയെങ്കിലും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കമാണ് സിഎഎ എന്നാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആക്ഷേപം. എന്നാൽ ഇതിനോട് അമിത് ഷാ പ്രതികരിച്ചിട്ടില്ല. ഇതിനോടകം തന്നെ 140-ലധികം ഹർജികളാണ് സിഎഎ ക്കെതിരെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. നിയമം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി യു എന്നും അമേരിക്കയും ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി