ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ അടിസ്ഥാന ജനവിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപിയുടെ തിരക്കിട്ട ശ്രമം. കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന പ്രഖ്യാപനത്തോടെ ഏഴിന പദ്ധതികള്‍ക്ക് അംഗീകാരം കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. 14,235.30 രൂപയുടെ കാര്‍ഷിക പദ്ധതികള്‍ക്കാണ് ക്യാബിനറ്റ് അംഗീകാരം ലഭിച്ചത്. തീര്‍ത്തും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ക്കാണ് മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന ജമ്മു - കശ്മീര്‍ സംസ്ഥാനങ്ങള്‍ ഈ മാസം വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോള്‍ കര്‍ഷകരെ ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യമാണ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.
ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന്‍, ക്രോപ്പ് സയന്‍സ് ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ സെക്യൂരിറ്റി, കാര്‍ഷിക വിദ്യാഭ്യാസം, മാനേജ്‌മെന്റ്, സോഷ്യല്‍ സയന്‍സസ്, കന്നുകാലികളുടെ സുസ്ഥിര ആരോഗ്യവും ഉല്‍പ്പാദനവും, ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുടെ സുസ്ഥിര വികസനം, കൃഷി വിജ്ഞാന കേന്ദ്രം ശക്തിപ്പെടുത്തല്‍, പ്രകൃതിവിഭവങ്ങളുടെ കൈകാര്യം എന്നിവയാണ് കര്‍ഷകര്‍ക്കുള്ള ഏഴ് പദ്ധതികള്‍. കാര്‍ഷിക മേഖലയെ ആധുനിക വത്കരിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഹരിയാന ഉള്‍പ്പെടെയുള്ള മേഖലയിലെ രാഷ്ട്രീയ സ്വാധീനം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ ബിജെപിയെ വ്യാപകമായി കൈവിട്ടെന്നായിരുന്നു വിലയിരുത്തലുകള്‍. കാര്‍ഷി മേഖലയിലെ വിലയിടിവ് മുതല്‍ കര്‍ഷക സമരം വരെ ഇതിന് കാരണമായി വിലയിരുത്തപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിച്ച കേന്ദ്ര നീക്കം മുന്‍ അനുഭവം അവര്‍ത്തിക്കാതിരിക്കാന്‍ ആണെന്ന നിലയിലും ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.
കാര്‍ഷിക പദ്ധതികള്‍ക്ക് പുറമേ മന്ത്രിസഭ അംഗീകാരം നല്‍കിയ പദ്ധതികളിലും തിരഞ്ഞെടുപ്പിന്റെ സ്വാധീനം വ്യക്തമാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ റെയില്‍വേ വികസന പദ്ധതിയാണ് മറ്റൊന്ന്. മഹാരാഷ്ട്രയിലെ മലാഡില്‍ നിന്നും മധ്യപ്രദേശിലെ ഇന്‍ഡോര്‍ വരെ നീളുന്ന പുതിയ റെയില്‍ പാതയ്ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. 309 കിലോമീറ്ററാണ് ഈ പാതയുടെ നീളം.