ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ചതില്‍ ക്രമേക്കട് നടന്നെന്ന ആരോപണം നിലനിൽക്കവേ പ്രത്യേക ഓഡിറ്റ് നടത്തുമെന്ന് സിഎജി (ഇന്ത്യന്‍ കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറല്‍). ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുകയാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയുടെ കത്ത് കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓഡിറ്റിന് ഉത്തരവിട്ടത്.
അധികാരം പിടിച്ചെടുക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്
അതേസമയം, അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെജ്രിവാളിനെയും പാര്‍ട്ടിയെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വസതി നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സിഎജി അന്വേഷണം ബിജെപിയുടെ ധിക്കാരവും സേച്ഛാപരവുമായ സ്വഭാവത്തെ തുറന്നു കാട്ടുന്നതാണ്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ സത്യസന്ധരായ ആളുകളെ അപകീര്‍ത്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. അധികാരം പിടിച്ചെടുക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും എഎപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനെല്ലാം പകരം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന നിരവധി അഴിമതികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എഎപി ആവശ്യപ്പെട്ടു.
കെട്ടിടം പൊളിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പൊതുമരാമത്തിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരോപിക്കുന്നത്
ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കടുത്ത സാമ്പത്തിക ക്രമക്കേട് നടന്നതായാണ് കെജ്രിവാളിനെതിരായ ആരോപണം. നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പൊതുമരാമത്തിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരോപിക്കുന്നത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പോലും കണ്ടെത്തിയിട്ടില്ലെന്നും ആരോപണമുണ്ടായിരുന്നു.
15 മുതല്‍ 20 കോടി രൂപ വരെയായിരുന്നു കെജ്രിവാളിന്റെ വസതിക്കായി ആകെ കണക്കാക്കിയിരുന്നത്. എന്നാല്‍ ആകെ 53 കോടി രൂപയാണ് നിര്‍മാണത്തിനായി ആയത്. വിയറ്റാമില്‍ നിന്നുള്ള വിലകൂടിയ മാര്‍ബിള്‍, ഫാബ്രിക്കേറ്റഡ് തടി ചുവരുകള്‍, ലക്ഷക്കണക്കിന് രൂപ വിലയുള്ള കര്‍ട്ടനുകള്‍ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര നേരത്തെ തന്നെ ആരോപിച്ചിരുന്നു. മുന്നേയുണ്ടായിരുന്ന വസതി ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ വസതി നിര്‍മ്മിക്കാന് തീരുമാനിച്ചതെന്നായിരുന്നു വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വിശദീകരണം.
മധ്യപ്രദേശിലെ വ്യാപക അഴിമതി, അയോധ്യ രാമക്ഷേത്രത്തിലെ അഴിമതി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിവിധ മുഖ്യമന്ത്രിമാരുടെ അഴിമതി എന്നിവയെല്ലാം കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണം
ഫക്കീറെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിക്കായി 500 കോടി രൂപ ചെലവിട്ടാണ് വീട് പണിയുന്നത്. ഇപ്പോള്‍ താമസിക്കുന്ന വീട് പുതുക്കിപ്പണിയാന്‍ 90 കോടി രൂപയാണ് ചെലവിട്ടതെന്നും ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഇതിനെല്ലാം പകരം മധ്യപ്രദേശിലെ വ്യാപക അഴിമതി, അയോധ്യ രാമക്ഷേത്രത്തിലെ അഴിമതി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിവിധ മുഖ്യമന്ത്രിമാരുടെ അഴിമതി എന്നിവയെല്ലാം കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആംആദ്മി പറഞ്ഞു.