തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് ചട്ടക്കൂടൊരുക്കാൻ സിഎജി. സുപ്രീംകോടതിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം മുൻപ് ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന്റെ പരിധി നിശ്ചയിക്കാനാണ് സിഎജിയുടെ തീരുമാനം. സബ്‌സിഡികൾ, ബജറ്റിന് പുറത്തുള്ള വായ്പകൾ, കിഴിവുകൾ, കടങ്ങൾ എഴുതിത്തള്ളലുകൾ എന്നിവയൊക്കെ എങ്ങനെയാവണം രൂപപ്പെടുത്തേണ്ടത് എന്ന് തീരുമാനമെടുക്കും. സംസ്ഥാനങ്ങൾ സൗജന്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കാനാണ് സിഎജിയുടെ നീക്കമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സിഎജിയുടെ ഓഡിറ്റ് അഡ്വൈസറി ബോർഡിന്റെ (എഎബി) യോഗത്തിലാണ് സംസ്ഥാനങ്ങളുടെ സുസ്ഥിര സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ കുറിച്ച് ചർച്ചയുണ്ടായത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വരവ് കമ്മിയാണെന്ന് സിഎജി ഗിരീഷ് ചന്ദ്ര മുർമു അധ്യക്ഷനായ യോഗം വിലയിരുത്തി. കൂടാതെ അടുത്ത ആറ് വർഷം ഓരോ സംസ്ഥാനങ്ങൾക്ക് തിരച്ചടയ്ക്കാനുള്ള തുക എത്രയുണ്ടെന്നും യോഗം പരിശോധിക്കുകയും വരവിന് അനുസൃതമായി സംസ്ഥാനങ്ങൾക്ക് ചെലവ് നിയന്ത്രിക്കാൻ കഴിയാതെ പോകുന്ന കാര്യത്തിലും ചർച്ചകള്‍ നടന്നു. സബ്‌സിഡികൾ നൽകുന്നതിന് വേണ്ടി ബജറ്റിന് പുറത്ത് നിന്ന് കടമെടുക്കുന്നതും വായ്പകൾ എഴുതിത്തള്ളുന്നതും റവന്യു കമ്മിക്ക് കാരണമാകുന്നതായും യോഗം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻ നിർത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന ആക്ഷേപം ഉയർന്നിരുന്നു.
ബാധ്യതകൾ നിയന്ത്രിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷം മുതൽ സിഎജി കർശനമായ നടപടികൾ സ്വീകരിക്കുമെന്നാണ് തീരുമാനം. ഇപ്പോഴുള്ള സ്ഥിതി സുസ്ഥിരമല്ല. ഇത് തുടർന്നാൽ സാമ്പത്തിക സ്ഥിതി മോശമാവുകയും സംസ്ഥാനങ്ങൾ പ്രശ്നങ്ങളിലേക്ക് വലിച്ചിടപ്പെടുകയും ചെയ്യുമെന്നും അഡ്വൈസറി യോഗം വിലയിരുത്തി.
നിലവിൽ സബ്സിഡികളുടെ കാര്യത്തിലാണ് ബോർഡ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇളവുകൾ അനുവദിക്കുന്നതും കടങ്ങൾ എഴുതി തള്ളുന്നതും ഉൾപ്പെടുത്തിയിട്ടില്ല. ഓഡിറ്റ് അഡ്വൈസറി ബോർഡിന്റെ യോഗത്തിൽ സൗജന്യ വാഗ്ദാനങ്ങളുടെ കാര്യവും പരിഗണിക്കണമെന്ന് നിർദേശമുയർന്നു. സംസ്ഥാനങ്ങൾ ടിവി, ലാപ്‌ടോപ്പുകൾ, സൈക്കിളുകൾ, ഗ്രൈൻഡർ, മിക്‌സർ എന്നിവാ സൗജന്യമായി വിതരണം ചെയ്യുന്നു. എന്നാൽ അതൊന്നും സബ്‌സിഡിയുടെ ഗണത്തിൽ വരുന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ പരിധി കൃത്യമായി നിശ്ചയിക്കപ്പെടണമെന്നും സിഎജി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ സംസ്ഥാനങ്ങളുടെ അല്ലെങ്കില്‍ കേന്ദ്ര ഭരണപ്രദേശങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ ബിജെപി മുന്‍ വക്താവ് അശ്വിനി ഉപാധ്യായായ് രംഗത്ത് വന്നതോടെയാണ് വിഷയം ഉയർന്ന് വരുന്നത്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻ നിർത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന ആക്ഷേപം ഉയർന്നിരുന്നു.