INDIA

ആര്‍ ജി കര്‍ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട്: അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കല്‍ക്കട്ട ഹൈക്കോടതി

വെബ് ഡെസ്ക്

കൊല്‍ക്കത്ത ആര്‍ ജി കര്‍ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാനം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തില്‍നിന്ന് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. ആര്‍ ജി കര്‍ ആശുപത്രി മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലിയുടെ ഹര്‍ജിയിലാണ് നടപടി. നാളെ രാവിലെ പത്തിനകം അന്വേഷണം ഏറ്റെടുക്കാനാണ് ഏജന്‍സിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

ആര്‍ ജി കര്‍ ആശുപത്രിയിലെ 2021 ജനുവരി മുതലുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിക്കുമെന്ന് ഓഗസ്റ്റ് 20ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കൊല്‍ക്കത്തയിലെ സിയാൽദാ കോടതിയിലാണ് ഹാജരാക്കിയത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ 15-ാം ദിവസവും സമരം തുടരുന്നിനാല്‍ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ സേവനങ്ങള്‍ സാരമായി ബാധിച്ചു. ഡോക്ടര്‍മാരോട് ജോലി പുനരാരംഭിക്കണമെന്ന സുപ്രീംകോടതിയുടെ അപ്പീല്‍ നിലനില്‍ക്കെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നത്.

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി ആവശ്യപ്പെടുന്നവരെ ശിക്ഷിക്കരുതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി പറഞ്ഞു. പണിമുടക്കിയ ഡോക്ടര്‍മാരോട് ജോലിയിലേക്കു മടങ്ങാനും പ്രതികാരനടപടികളില്‍നിന്ന് അവര്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കണമന്നും കോടതി പറഞ്ഞു. പോലീസ് നടത്തിയ നിയമനടപടികളുടെ ക്രമവും സമയവും ചോദ്യം ചെയ്ത കോടതി, അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് ഓഗസ്റ്റ് ഒന്‍പതിന് വാകിട്ട് 6.10നും 7.10നും ഇടയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആശ്ചര്യമാണെന്നും പറഞ്ഞു.

ഡല്‍ഹി എയിംസിലെ റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ നടത്തിവന്ന പ്രതിഷേധം സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെ അവസാനിപ്പിച്ചിരുന്നു. "സുപ്രീം കോടതിയുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കാൻ അധികൃതരോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പ്രതിഷേധിക്കുന്ന ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കരുതെന്ന നിർദേശത്തേയും അഭിനന്ദിക്കുകയാണ്. രോഗികളുടെ പരിചരണമാണ് ഞങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം, അതിനാണ് ഏറ്റവും കൂടുതല്‍ മുൻഗണന നല്‍കുന്നതും," റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പറഞ്ഞിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും