സന്ദേശ്ഖാലിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര ആക്രമിച്ച കേസ് സിബിഐക്ക് കൈമാറാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. സന്ദേശ്ഖലി പീഡനക്കേസ് പ്രതിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ സിബിഐ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. സന്ദേശ്ഖലി ആക്രണ കേസ് ഇഡിക്ക് കൈമാറുനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. .
ഷാജഹാന്‍ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നാസത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലും ബന്‍ഗാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലുമാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ, സന്ദേശ്ഖാലി സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘത്തെ പിരിച്ചു വിട്ട് സിബിഐയെ ഏല്‍പ്പിക്കാനാണ് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ, മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി സുപ്രീംകോടതിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചില്‍ അവതരിപ്പിക്കുകയായിരുന്നു.
ജനുവരി അഞ്ചിനാണ് ഇ ഡി ഉദ്യോഗസ്ഥരെ നൂറുകണക്കിന് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. റേഷന്‍ അഴിമതി കേസില്‍ റെയ്ഡ് നടത്താന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. മൂന്നു ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.
ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങള്‍. 55 ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപി നേതാക്കള്‍ ബംഗാള്‍ സര്‍ക്കാരിന് എതിരെ രംഗത്തുവന്നിരുന്നു.