Supreme Court  
INDIA

'പെണ്‍കുട്ടികള്‍ പൊട്ടും തിലകവും ധരിക്കുന്നത് നിരോധിക്കുമോ?' മുംബൈ കോളേജിന്റെ ഹിജാബ് നിരോധനം സ്റ്റേ ചെയ്ത് സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് ഹിന്ദു വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിക്കാന്‍ ഇടയാക്കുമെന്നും രാഷ്ട്രീയ ഘടകങ്ങള്‍ ഈ സാഹചര്യം മുതലെടുക്കുമെന്നുമായിരുന്നു കോളേജിന്റെ വാദം

വെബ് ഡെസ്ക്

കാമ്പസില്‍ വിദ്യാര്‍ഥികള്‍ ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് മുബൈയിലെ സ്വകാര്യ കോളേജ് പുറപ്പെടുവിച്ച സർക്കുലർ സ്റ്റേ ചെയ്ത് സുപ്രീംകോടതി. പെണ്‍കുട്ടികള്‍ പൊട്ടും തിലകവും ധരിക്കുന്നത് നിങ്ങള്‍ നിരോധിക്കുമോയെന്നു കാമ്പസില്‍ ഹിജാബും തൊപ്പിയും ബാഡ്ജും ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സ്റ്റേ ചെയ്യുന്നതിനിടെ ബെഞ്ച് ചോദിച്ചു.

''എന്ത് വസ്ത്രം ധരിക്കണമെന്നതു തിരഞ്ഞെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം. കോളേജിന് അവരെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. രാജ്യത്ത് നിരവധി മതങ്ങളുണ്ടെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്,'' കോളേജ് ഭരണസമിതി പുതുതായി ഏർപ്പെടുത്തിയ വ്യവസ്ഥയില്‍ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് ഖന്നയും സഞ്ജയ് കുമാറും ബെഞ്ച് പറഞ്ഞു.

മുംബൈയിലെ എന്‍ജി ആചാര്യ ആന്‍ഡ് മറാത്തെ കോളേജ് ഓഫ് ഡികെയിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, മുസ്ലിം വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നത് ഹിന്ദു വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിക്കാന്‍ ഇടയാക്കുമെന്നും രാഷ്ട്രീയ ഘടകങ്ങള്‍ ഈ സാഹചര്യം മുതലെടുക്കുമെന്നുമായിരുന്നു കോളേജിന്റെ വാദം. വിദ്യാര്‍ഥികളുടെ മതം വെളിപ്പെടുത്താതിരിക്കാനാണ് ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയതെന്നും കോളേജ് വാദിച്ചു.

എന്നാൽ ഇങ്ങനെ ഒരു നിയമം അടിച്ചേല്‍പ്പിക്കരുതെന്നും അവര്‍ ഒരുമിച്ച് പഠിക്കട്ടേയെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. അവരുടെ പേരുകള്‍ മതം വെളിപ്പെടുത്താതിരിക്കുയെന്നും അവരെ ഇനി മുതൽ നമ്പരുകള്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ നിങ്ങള്‍ ആവശ്യപ്പെടുമോയെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ ചോദിച്ചു.

ഇത് സ്വകാര്യ സ്ഥാപനമാണെന്ന് കോളേജിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മാധവി ദിവാന്‍ പറഞ്ഞപ്പോള്‍ കോളേജ് എപ്പോള്‍ മുതല്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ജസ്റ്റിസ് കുമാര്‍ ചോദിച്ചു. 2008 മുതല്‍ കോളേജ് നിലവിലുണ്ടെന്ന അഭിഭാഷകന്‌റെ മറുപടിയില്‍ ഇത്രയും വര്‍ഷങ്ങളായി നിങ്ങള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നില്ല, മതം ഉണ്ടെന്ന് പെട്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസിലായെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ ചോദിച്ചു. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരം നിര്‍ദേശങ്ങളുമായി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

തിലകം ധരിക്കാന്‍ ഒരാളെ അനുവദിക്കില്ലെന്ന് നിങ്ങള്‍ പറയുമോയെന്നും ജസ്റ്റിസ് ഖന്ന ദിവാനോട് ചോദിച്ചു.

441 മുസ്ലിം വിദ്യാര്‍ഥികള്‍ 'സന്തോഷത്തോടെ' കോളേജില്‍ പഠിക്കുന്നുണ്ടെന്നും ഏതാനും മുസ്ലിം വിദ്യാര്‍ഥികള്‍ മാത്രമാണ് എതിര്‍പ്പ് ഉന്നയിച്ചതെന്നും ദിവാന്‍ വാദിച്ചു. വിദ്യാര്‍ഥികള്‍ എല്ലായ്‌പ്പോഴും ഹിജാബ് ധരിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടി എന്ത് ധരിക്കണമെന്നത് അവളുടെ ഇഷ്ടമല്ലേയെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ ചോദിച്ചു. എന്ത് ധരിക്കണമെന്ന് പറഞ്ഞ് എങ്ങനെയാണ് സ്ത്രീകളെ ശാക്തീകരിക്കുന്നതെന്ന് ജസ്റ്റിസ് ഖന്നയും ചോദിച്ചു.

വിദ്യാര്‍ഥികളുടെ പശ്ചാത്തലം കൂടി അധികാരികള്‍ മനസിലാക്കണമെന്ന് ഖന്ന പറഞ്ഞു. കുടുംബാംഗങ്ങള്‍ ചിലപ്പോള്‍ ഇത് ധരിച്ചിട്ട് പുറത്തുപോകൂയെന്ന് പറഞ്ഞാല്‍ അവര്‍ക്കത് ധരിച്ചേ മതിയാകൂ. അവരോട് കോളേജ് വിടാന്‍ പറയരുത്. സര്‍ക്കുലര്‍ സ്റ്റേ ചെയ്യും. ശരിയായ നല്ല വിദ്യാഭ്യാസമാണ് ഇതിനുള്ള പരിഹാരമെന്നും ഖന്ന പറഞ്ഞു.

മുഖം മറയ്ക്കുന്ന നികാബുകള്‍, ബുര്‍ഖകള്‍ എന്നിവ ആശയവിനിമയത്തിന് തടസമാണെന്ന് ദിവാന്‍ വാദിച്ചു. മുഖാവരണം ചെയ്യുന്ന പര്‍ദ ക്ലാസില്‍ അനുവദിക്കാനാകില്ലെന്നും നകാബ് ഉപയോഗിക്കുന്നത് തടയുന്ന നിര്‍ദേശങ്ങളുടെ ഭാഗത്ത് ഇടപെടുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.

സ്‌റ്റേ ഉത്തരവ് ആരും ദുരുപയോഗം ചെയ്യരുതെന്ന് വ്യക്തമാക്കിയ ബെഞ്ച് അത്തരത്തിലുള്ള എന്തെങ്കിലും ദുരുപയോഗം ഉണ്ടായാല്‍ ഉത്തരവില്‍ മാറ്റംവരുത്താന്‍ കോളേജ് അധികൃതര്‍ക്ക് അനുമതി നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. കോളിന്‍ ഗൊണ്‍സാല്‍വസാണ് ഹര്‍ജിക്കാർക്കുവേണ്ടി ഹാജരായത്.

ഹിജാബ്, നികാബ്, ബുര്‍ഖ, സ്റ്റോൾ, തൊപ്പി തുടങ്ങിയവ ധരിക്കുന്നതില്‍നിന്ന് വിദ്യാര്‍ഥികളെ വിലക്കിയ എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്ത കോളേജ് അധികൃതരുടെ ഡ്രസ് കോഡ് ചോദ്യം ചെയ്ത് ഒന്‍പത് വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍26ന് ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. മുംബൈ കോളേജിന്റെ തീരുമാനം ശരിവെച്ച ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. യൂണിറ്റ് ടെസ്റ്റുകള്‍ നടക്കാനിരിക്കുന്നതിനാല്‍ അടിയന്തര വാദം കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

ഹിജാബ് ഒഴിവാക്കിയുള്ള ഡ്രസ് കോഡ് നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചശേഷം രേഷം വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കര്‍ണാടകയിലെ കര്‍ണാടക ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധി ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. കര്‍ണാടകയില്‍ ഉയര്‍ന്നുവന്ന ഹിജാബ് വിവാദത്തില്‍ 2022 ഒക്ടോബര്‍ 13-ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിരുദ്ധ വിധികള്‍ പുറപ്പെടുവിച്ചു. അന്നത്തെ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അവിടെയുള്ള സ്‌കൂളുകളില്‍ ഇസ്ലാമിക ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മതമോ ജാതിയോ നോക്കാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വസ്ത്രധാരണ രീതി ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയത്.

സയന്‍സ് ഡിഗ്രി പ്രോഗ്രാമിന്റെ രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയ കോളേജിന്റെ നിര്‍ദ്ദേശം മതത്തില്‍ വിശ്വസിക്കാനുള്ള മൗലികാവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, തിരഞ്ഞെടുപ്പിനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്ന് വാദിച്ച് ഹൈക്കോടതിയെ സമീപിച്ചത്. കോളേജിന്റെ നടപടി 'സ്വേച്ഛാധിഷ്ഠിതവും യുക്തിരഹിതവും നിയമവിരുദ്ധവുമാണ്' എന്നായിരുന്നു അവര്‍ അവകാശപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ