ഡോക്ടറുടെ ബലാത്സംഗക്കൊലയെത്തുടർന്ന് പ്രതിഷേധം ശക്തമായ പശ്ചിമബംഗാളിൽ ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ നൽകുമെന്ന ഉറപ്പ് പ്രവർത്തികമാക്കാനൊരുങ്ങി മമത ബാനർജി സർക്കാർ. ബില്ല് ഈയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.
വധശിക്ഷ നൽകുന്നതിലൂടെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കുറയുമെന്ന പ്രതീക്ഷയാണ് തൃണമൂൽ സർക്കാരിനുള്ളത്. ഓഗസ്റ്റ് 9ന് ആർജി കർ മെഡിക്കൽ കോളേജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗത്തിന് വിധേയയാക്കി കൊലചെയ്ത സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് കൊൽക്കത്തയിൽ ഉയർന്നത്. ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ ഈ പ്രതിഷേധത്തിന്റെ ഭാഗമാവുകയും സർക്കാരിനെതിരെ ശക്തമായ നീക്കങ്ങൾ നടത്തുകയും ചെയ്യുന്നതായുള്ള വാർത്തകളും പുറത്ത് വന്നിരുന്നു.
തുടക്കം മുതൽതന്നെ തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേഖ് ബാനർജിയും അധ്യക്ഷ മമത ബാനർജിയും ബലാത്സംഗക്കുറ്റം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയർത്തിയത്. വിദ്യാർഥികളും യുവജനസംഘടനകളും ഉൾപ്പെടുന്ന അതിശകതമായ സമരമാണ് കൊൽക്കത്തയിലെ തെരുവുകളിൽ നടക്കുന്നത് എന്നതുകൊണ്ടുതന്നെ അന്തരീക്ഷം തണുപ്പിക്കാൻ അടിയന്തരമായി മുഖ്യമന്ത്രി മമത ബാനർജിക്കും സർക്കാരിനും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിയിരുന്നു. വധശിക്ഷ നൽകിയതുകൊണ്ട് കുറ്റകൃത്യങ്ങൾ കുറയുമെന്ന ധാരണ അടിസ്ഥാനരഹിതമാണെന്ന് വധശിക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം നേരത്തെതന്നെ ഉയർന്നുവന്നിട്ടുള്ളതാണ്. മാത്രവുമല്ല കുറ്റക്കാരെന്നു വിധിക്കുന്നതിലൂടെ ഒരാളുടെ ജീവൻ നഷ്ടപ്പെടുമെന്നതുകൊണ്ട് തെറ്റ് സംഭവിക്കാൻ പാടില്ല എന്ന ബോധത്തിൽ ജഡ്ജിമാർ പ്രതികളെ കുറ്റക്കാരായി വിധിക്കുന്ന സാഹചര്യങ്ങൾ കുറയാൻ സാധ്യതയുള്ളതായി നിയമവിദഗ്ധർ വിലയിരുത്തുന്നു.
എല്ലാ ബലാത്സംഗക്കേസുകളും കൊലക്കുറ്റത്തിന് സമാനമായി കണക്കാക്കണം എന്നാണ് മമത ബാനർജി സർക്കാരിന്റെ ആവശ്യം. കൊലക്കുറ്റത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തമാണ്.
മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും നേരത്തെ ഈ തരത്തിൽ ബലാത്സംഗങ്ങൾക്കും കൂട്ടബലാത്സംഗങ്ങൾക്കും വധശിക്ഷ നൽകുന്ന ബില്ലുകൾ പാസാക്കിയിരുന്നെങ്കിലും അവയ്ക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല. സമാനമായ അവസ്ഥ ഈ ബില്ലിനുമുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിയമസഭാ സ്‌പീക്കറോട് പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ താൻ ആവശ്യപ്പെടുമെന്നും പത്തു ദിവസത്തിനുള്ളിൽ ഈ ബില്ല് പാസാക്കി ഗവർണർക്ക് അയയ്ക്കുമെന്നും മമത ബാനർജി പറഞ്ഞു. ഗവർണർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിക്കില്ലെങ്കിലും ഇത്തവണ അദ്ദേഹത്തിന് ബില്ലിൽ ഒപ്പിടാതെ രാഷ്ട്രപതിക്കയക്കാൻ സാധിക്കില്ല, അങ്ങനെ ചെയ്താൽ സ്ത്രീകൾ രാജ്‌ഭവന്റെ മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം ഒപ്പിടാൻ നിർബന്ധിതനാകുമെന്നും മമത കൂട്ടിച്ചേർത്തു.
പെട്ടന്നുള്ള എടുത്തു ചട്ടങ്ങൾക്കപ്പുറം വിവിധ കേസുകൾ പഠിച്ച് കൃത്യമായ ഇടപെടലുകളാണ് ഉണ്ടാകേണ്ടതെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അല്ലാതെയുള്ള നീക്കങ്ങൾ നീതി വിതരണം ചെയ്യുന്നതിൽ അപാകതയുണ്ടാക്കാൻ സാധ്യതയുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഈ ബില്ല് പാസാക്കുന്നത് ഭരണാഘടനാവിരുദ്ധമാണെന്നാണ് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കൊളിൻ ഗോൺസാൽവസ് അഭിപ്രായപ്പെടുന്നത്. കോടതിക്ക് യാതൊരു വിവേചനാധികാരവും നൽകാത്തതരത്തിലുള്ള ബില്ലാണെങ്കിൽ അത് പൂർണമായും ഭരണഘടനാ വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വധശിക്ഷ നീതിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 2001ലെ പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനു വേണ്ടിയും 2004ൽ കൊൽക്കത്തയിൽ സ്കൂൾ കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നകേസിലെ പ്രതി ധനഞ്ജോയ് ചാറ്റർജിക്കും വേണ്ടി അന്ന് ഹാജരായത് കൊളിൻ ഗോൺസാൽവസ് ആയിരുന്നു.
ബലാത്സംഗക്കൊലകളിൽ വധശിക്ഷ വിധിക്കാനുള്ള വകുപ്പ് ഇപ്പോഴും നിയമത്തിലുണ്ടെന്നും എന്നാൽ അത് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ നൽകണമെന്നാണ് നിബന്ധന എന്നും വിശദീകരിക്കുന്ന നിയമ വിദഗ്ധർ, ബലാത്സംഗങ്ങളിൽ വധശിക്ഷ ഉറപ്പാക്കണമെന്ന് പറയുന്നത് സാധ്യമാകില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമാസമാധാനപ്രശ്നങ്ങൾ മനസിലാക്കാതെ എന്തെങ്കിലും ചെയ്തു എന്നു വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആക്ഷേപങ്ങൾ ഉയരുന്നു.