ബിഹാറില്‍ 70 കാരനെ ഇടിച്ചിട്ട ശേഷം എട്ട് കിലോമീറ്റർ ദൂരം കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തി. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ദേശീയപാത 27ലാണ് സംഭവം. ജില്ലയിലെ കോട്‌വ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബംഗ്ര ഗ്രാമത്തിൽ താമസിക്കുന്ന 70 കാരനായ ശങ്കർ ചൗധൂറാണ് കൊല്ലപ്പെട്ടത്. കാറിടിച്ചതിനെ തുടർന്ന് ബോണറ്റിലേക്ക് വീണ വയോധികനെ കിലോമീറ്ററോളം കാറില്‍ വലിച്ചിഴച്ചു. നാട്ടുകാർ പിന്തുടർന്നതിനെ തുടർന്ന് ബ്രേക്ക് ചവിട്ടി റോഡിലേക്ക് വീഴ്ത്തിയ ശേഷം കാർ നിർത്താതെ ഓടിച്ചുപോയി. അപകടത്തിൽപെട്ടയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സൈക്കിൾ യാത്രികനായ ശങ്കർ ചൗധൂർ ബംഗ്ര ചൗക്കിന് സമീപം എൻഎച്ച് 27 മുറിച്ചുകടക്കുന്നതിനിടെ ഗോപാൽഗഞ്ച് ടൗണിൽ നിന്ന് അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ ചൗധൂർ നിലവിളിക്കുകയും കാർ നിർത്താൻ അഭ്യർത്ഥിക്കുകയും ചെയ്തുവെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. കാർ നിർത്താനാവശ്യപ്പെട്ട് നാട്ടുകാരും പിന്തുടർന്നു. എന്നാൽ ഡ്രൈവർ നിർത്തിയില്ലെന്നും അതേ വേഗതയില്‍ പോവുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു. ആളുകൾ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, കോട്‌വയിലെ കദം ചൗക്കിന് സമീപത്തു വെച്ച് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും ശങ്കർ ചൗധൂർ കാറിന് മുന്നിലേക്ക് വീഴുകയും ചെയ്തു. തുടർന്ന് കാർ നിർത്താതെ ഓടിച്ചു പോയി.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് എൻഎച്ച് 27ലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയതായി കോട്വ പൊലീസ് സ്റ്റേഷൻ മേധാവി അനൂജ് കുമാർ പറഞ്ഞു. കാർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവറും കാറിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് നടത്തിവരികയാണ്. ഡൽഹിയിൽ പുതുവത്സര ദിനത്തിൽ 20 വയസുകാരി സമാന രീതിയില്‍ ദാരുണമായി കൊല്ലപ്പെട്ടത് വാർത്തകളിലിടം പിടിച്ചിരുന്നു.