INDIA

മധ്യപ്രദേശ് സർക്കാരിനെതിരായ പ്രിയങ്കയുടെ 50 ശതമാനം കമ്മീഷൻ ആരോപണം: കേസെടുത്ത് പോലീസ്

ജ്ഞാനേന്ദ്ര അവാസ്തി എന്ന വ്യക്തിയുടെ പേരിലുള്ള വ്യാജ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചെന്ന പരാതിയിലാണ് കേസ്

വെബ് ഡെസ്ക്

മധ്യപ്രദേശിലെ ബിജെപി സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് പങ്കുവച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കളുടെ എക്സ് അക്കൗണ്ടുകള്‍ (ട്വിറ്റർ) കൈകാര്യം ചെയ്യുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. പ്രിയങ്ക ഗാന്ധി വദ്ര, കമൽനാഥ്‌, മുൻ കേന്ദ്ര മന്ത്രി അരുൺ യാദവ് എന്നിവരുടെ എക്സ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവർക്കെതിരെയാണ് കേസ്. ഇൻഡോർ ആസ്ഥാനമായുള്ള ബിജെപി ലീഗൽ സെല്ലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

മധ്യപ്രദേശ് സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന് ആരോപിക്കുന്ന പോസ്റ്റ് പങ്കുവച്ചതിനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ഇൻഡോർ പോലീസ് കേസെടുത്തിരിക്കുന്നത്. ജ്ഞാനേന്ദ്ര അവാസ്തി എന്ന വ്യക്തിയുടെ പേരിലുള്ള വ്യാജ കത്ത് പ്രചരിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്.

50 ശതമാനം കമ്മീഷൻ നൽകിയാലേ പ്രതിഫലം ലഭിക്കൂ എന്ന പരാതിയുമായി സംസ്ഥാനത്തെ കരാറുകാരുടെ യൂണിയൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതെന്നായിരുന്നു പ്രിയങ്കയുടെ എക്സിലെ പോസ്റ്റ്.

'കർണാടകയിലെ അഴിമതിയിൽ മുങ്ങിനിന്ന സർക്കാർ 40 ശതമാനം കമ്മീഷനായിരുന്നു പിരിച്ചത്. കർണാടകയിലെ ജനങ്ങൾ 40 ശതമാനം കമ്മീഷൻ സർക്കാരിനെ പുറത്താക്കി കഴിഞ്ഞു. അധികം വൈകാതെ മധ്യപ്രദേശിലെ ജനങ്ങൾ 50% കമ്മീഷൻ സർക്കാരിനെയും പുറത്താക്കും', പ്രിയങ്ക പോസ്റ്റിൽ വ്യക്തമാക്കി. പിന്നാലെ കമൽനാഥും അരുൺ യാദവും സമാനമായ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 (വഞ്ചന), 469 (പ്രശസ്തിക്ക് ഹാനി വരുത്തുന്നതിന് വേണ്ടി വ്യാജരേഖ ചമയ്ക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എക്സ് അക്കൗണ്ടുകളുടെ ആധികാരികതയെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും, മധ്യപ്രദേശ് ആഭ്യന്ത്ര മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎൽഎമാരും രംഗത്തെത്തിയിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍