പാർലമെന്റിൽ ചോദ്യങ്ങള്‍ ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ബിജെപി എംപിയുടെ ആരോപണത്തിൽ പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാൻ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്. നവംബർ രണ്ടിന് ഹാജരാകണമെന്നാണ് പാർലമെന്ററി എത്തിക്സ് കമ്മിറ്റിയുടെ പുതിയ നോട്ടീസിലെ നിര്‍ദേശം. ഒക്ടോബർ 31ന് ഹാജരാകണമെന്ന് ആദ്യം ആവശ്യപ്പെട്ടെങ്കിലും ചില ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നവംബർ അഞ്ചുവരെ മഹുവ സമയം നീട്ടി ചോദിച്ചിരുന്നു. പിന്നാലെയാണ് പുതിയ നോട്ടീസ്.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവെസിച്ചെന്നുമുള്ള പരാതികളാണ് കമ്മിറ്റി നിലവിൽ അന്വേഷിക്കുന്നത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം തന്റെ നിയോജക മണ്ഡലത്തിൽ ചില പരിപാടികൾ ഏറ്റെടുത്തതിനാൽ നേരത്തെ അറിയിച്ചിരുന്ന തീയതിയിൽ ഒക്‌ടോബർ 31ന് ഹാജരാക്കാൻ കഴിയില്ലെന്നാണ് മൊയ്‌ത്ര അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകാനുള്ള തീയതി മൂന്ന് ദിവസത്തേക്ക് നീട്ടി നല്‍കിയിരിക്കുന്നത്. ഇനിയും കാലാവധി നീട്ടാനാകില്ലെന്നും നവംബര്‍ രണ്ടിന് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. പാർലമെൻറ് ഇ-മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര അവകാശപ്പെട്ടു. വ്യവസായി ഹിരാനന്ദാനിയിൽ നിന്ന് ഉപഹാരങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും തൻ്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികൾക്ക് ദർശൻ്റെ സഹായം തേടിയിരുന്നുവെന്നും മൊയ്ത്ര സമ്മതിച്ചിട്ടുണ്ട്.
മൊയ്‌ത്രക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയുടെയും സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയുടെയും മൊഴി ഇതിനു മുൻപേ തന്നെ എത്തിക്സ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു. മോദി സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും ലക്ഷ്യം വെച്ചുകൊണ്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് വേണ്ടി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയതെനന്നായിരുന്നു ഇരുവരും ആരോപണം. അടുത്തിടെ വരെ മൊയ്ത്ര ലോക്സഭയില്‍ ചോദിച്ച 61 ചോദ്യങ്ങളില്‍ 50ഉം അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നും ലോക്സഭാ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ദുബെ അവകാശപ്പെട്ടു.