പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയ്‌ക്കെതിരായ സിബിഐ അന്വേഷണം ആരംഭിച്ചു. അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ ലോക്പാലിന്റെ നിർദ്ദേശപ്രകാരമാണ് സിബിഐ ശനിയാഴ്ച പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തത്.
പാർലമെന്റിൽ അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായിയായ ദർശൻ ഹിരനന്ദാനിയിൽ നിന്നു മഹുവ പണവും പാരിതോഷികവും സ്വീകരിച്ചെന്നായിരുന്നു ആരോപണം. മഹുവയുടെ സുഹൃത്തായിരുന്ന അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് ആയിരുന്നു ആരോപണം ഉന്നയിച്ചത്.
ഇതിന് പിന്നാലെ ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ആരോപണങ്ങളിൽ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ നേരത്തെ സമ്മതിച്ചിരുന്നു. പാർലമെൻറ് ഇ മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ്വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.
തുടർന്ന് വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയുമായിരുന്നു. ഇത്തരം വിഷയങ്ങൾ പരിഗണിക്കേണ്ടത് പാർലമെന്റ് പ്രിവിലേജ് കമ്മിറ്റികളാണെന്നും എത്തിക്‌സ് കമ്മിറ്റിക്ക് ഇത് പരിഗണിക്കാനുള്ള അവകാശമില്ലെന്നും അന്ന് തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.
തുടർന്ന് മഹുവയെ മഹുവ മൊയ്ത്രയെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യയാക്കാൻ എത്തിക്‌സ് കമ്മറ്റി ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോർട്ട് പാസായത്.
500 പേജുള്ള റിപ്പോർട്ടാണ് എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയത്. അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ നിലനിൽക്കുന്നത്.
അതേസമയം മഹുവയ്ക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി രംഗത്തെത്തി. മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന തീരുമാനത്തിലേക്ക് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി എത്തിയത് ബിജെപിയുടെ ആസൂത്രണത്തിന്റെ ഭാഗമാണെന്നും, എന്നാൽ ഇത് മൊയ്ത്രയെ അടുത്ത തിരഞ്ഞെടുപ്പിൽ സഹായിക്കുകയാണ് ചെയ്യുകയെന്നും മമത പറഞ്ഞു.
'പ്രതിപക്ഷത്തെ ലക്ഷ്യം വെക്കുന്ന കേന്ദ്ര ഏജൻസികൾക്ക് മൂന്നു മാസം കൂടിയേ സമയമുള്ളൂ എന്നും, അതുകഴിഞ്ഞ് നിങ്ങൾ ബി ജെ പിക്കെതിരെ പോകേണ്ടിവരും' എന്നും മമത ബാനർജി പറഞ്ഞിരുന്നു. മൂന്നു മാസങ്ങൾ കൂടിയേ ഈ സർക്കാരിന് ആയുസുള്ളൂ എന്നും അതിനു ശേഷം സർക്കാർ മാറുന്നതോടെ ബിജെപിയുടെ കള്ളക്കളികൾ പുറത്ത് വരുമെന്നും മമത ബാനർജി പറഞ്ഞു.