INDIA

സമ്പൂർണ ജാതി സെൻസസും അംബേദ്ക്കർ പ്രതിമയും; കോൺഗ്രസിനും സഹോദരിക്കും ഒരു മുഴം മുൻപെ എറിഞ്ഞ് ജഗൻ മോഹൻ റെഡ്ഡി

തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചയാക്കാനും പ്രചാരണ ആയുധമാക്കാനും സാധ്യതയുള്ള ജാതി സർവേ അവർക്കും ഒരു മുഴം മുമ്പെ എടുത്ത് പ്രയോഗിച്ചിരിക്കുകയാണ് ജഗൻ മോഹൻ

വെബ് ഡെസ്ക്

സമ്പൂർണ ജാതി സെൻസസിന് ഒരുങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശ്. സംസ്ഥാനത്ത് ഇന്ന് (ജനുവരി 19) ആരംഭിക്കുന്ന ജാതി സർവേ പത്ത് ദിവസം നീണ്ടുനിൽക്കും. സെക്രട്ടേറിയറ്റുകളിലെ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും സംയുക്തമായിട്ടാണ് സർവേ വിവരങ്ങൾ ശേഖരിക്കുക.

ജനുവരി 28 വരെ പത്ത് ദിവസത്തേക്ക് ജാതി തിരിച്ച് സംസ്ഥാനത്തെ ഓരോരുത്തരുടെയും വിവരങ്ങൾ ശേഖരിക്കും. വിവിധ കാരണങ്ങളാൽ ജാതി സെൻസസിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് വേണ്ടി ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ വ്യക്തികളുടെ കുടുംബങ്ങളിൽ പെട്ട ആർക്കും പോയി വിശദാംശങ്ങൾ രേഖപ്പെടുത്താൻ അവസരം നൽകും.

മുൻ സർവേകൾ പ്രകാരം 1.67 കോടി കുടുംബങ്ങളിലായി 4.89 കോടി പേരാണ് ആന്ധ്രയിൽ ഉള്ളത്. വില്ലേജ് ആൻഡ് വാർഡ് സെക്രട്ടേറിയറ്റ് വകുപ്പിലെ സന്നദ്ധപ്രവർത്തകർ നേരത്തെ ശേഖരിച്ച കണക്കുകൾ പ്രകാരം 1,23,40,422 കുടുംബങ്ങളിലെ 3,56,62,251 പേർ സംസ്ഥാനത്ത് ഗ്രാമങ്ങളിൽ താമസിക്കുന്നുണ്ട്. 44,44,887 കുടുംബങ്ങളിൽ 1,33,16,091 പേർ നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ജാതി രേഖപ്പെടുത്താൻ താൽപ്പര്യമില്ലാത്തവർക്ക് അതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.

തെലങ്കാന തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് മുന്നോട്ട് വെച്ച ജാതി സെൻസസ് ആണ് ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്ഡി ആരംഭിച്ചിരിക്കുന്നത്. ജഗന്റെ സഹോദരി വൈ എസ് ശർമിള ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷയായതിന് പിന്നാലെയാണ് ജാതി സർവേയുമായി ജഗൻ രംഗത്ത് എത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചയാക്കാനും പ്രചാരണ ആയുധമാക്കാനും സാധ്യതയുള്ള ജാതി സർവേ അവർക്കും ഒരു മുഴം മുമ്പെ എടുത്ത് പ്രയോഗിച്ചിരിക്കുകയാണ് ജഗൻ മോഹൻ.

നേർക്കുനേർ പോരാടാൻ ഒരുങ്ങുന്ന ജഗനും ശർമിളയും

ലോക്‌സഭ തിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും ഒരുമിച്ച് എത്തുന്ന ആന്ധ്രയിൽ ജഗൻ നേതൃത്വം നൽകുന്ന വൈ എസ് ആർ കോൺഗ്രസിനെ നേരിടാൻ വൈ എസ് ശർമിളയെ നേരിട്ട് ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്. അഴിമതിയാരോപണങ്ങളിൽ കുടുങ്ങി വലയുന്ന തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും തിരഞ്ഞെടുപ്പുകളിൽ തന്റെ ആരാധക പിന്തുണ ഉറപ്പാക്കാൻ കഴിയാത്ത പവൻ കല്ല്യാണിനെയും തള്ളി ഭരണത്തിലേക്കോ മുഖ്യപ്രതിപക്ഷമായോ മാറാൻ വൈ എസ് ശർമിളയിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

സ്വത്ത് തർക്കത്തിനൊടുവിലാണ് ജഗനുമായി തെറ്റിയ വൈ എസ് ശർമിളയും അമ്മയും കോൺഗ്രസിൽ ചേരുന്നത്. എന്നാൽ തനിക്ക് എതിരെ വരാവുന്ന ആയുധങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ ജഗനും ശ്രമിക്കുന്നുണ്ട്. ആന്ധ്രയിലെ ദളിത്, പിന്നാക്ക വിഭാഗങ്ങളെ ഒപ്പം ചേർക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തി ആരംഭിച്ച അംബേദ്ക്കർ പ്രതിമയുടെ ഉദ്ഘാടനം നിശ്ചയിച്ചതിലും മൂന്ന് മാസങ്ങൾക്ക് മുമ്പായി ജനുവരി 19 വെള്ളിയാഴ്ച അനാച്ഛാദനം ചെയ്യുന്നത്.

125 അടി ഉയരമുള്ള അംബേദ്ക്കറുടെ ശിൽപം അംബേദ്കർ സ്മൃതി വനത്തിലെ 81 അടി പീഠത്തിലാണ് സ്ഥാപിച്ചിരിക്കുന്നത് ചരിത്രപ്രസിദ്ധമായ സ്വരാജ് മൈതാനത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഡോക്ടർ ബി ആർ അംബേദ്ക്കർ സ്വരാജ് മൈതാനമെന്ന് മൈതാനത്തിന്റെ പേര് ജഗൻ പുനർനാമകരണം ചെയ്യുകയും ചെയ്തു. 18.81 ഏക്കർ ഭൂമിയിൽ 404.35 കോടി രൂപ ചെലവിലാണ് പ്രതിമയും പരിസരവും നിർമിച്ചത്.

പദ്ധതി 2021 ഡിസംബർ 21-ന് ആരംഭിച്ച പ്രതിമ നിർമാണം അംബേദ്കർ ജയന്തി ദിനമായ 2023 ഏപ്രിൽ 14-ന് ഉദ്ഘാടനം ചെയ്യാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ജനുവരി 19 ന് തന്നെ പ്രതിമ ഉദ്ഘാടനം ചെയ്യാൻ ജഗൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പുറമെയാണ് ജാതി സർവെയും ഇന്ന് ആരംഭിക്കുന്നത്.

സ്വത്ത് അനധികൃതമായി സ്വന്തമാക്കിയതിനെ തുടർന്നാണ് ജഗനുമായി സഹോദരി ശർമിള പിണങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. മുമ്പ് ജഗൻ അറസ്റ്റിലായപ്പോഴും പിന്നീട് 2014 ലെയും 2019 ലെയും തിരഞ്ഞെടുപ്പിൽ ജഗന് പിന്തുണയുമായി എത്തിയ വൈ എസ് ശർമിള ജഗന്റെ അസ്ത്രം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ 2024 ലെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇരുവരും നേർക്കുനേർ പേരാടാൻ ഒരുങ്ങുകയാണ്.

സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കത്തിൽ അമ്മ വിജയമ്മയുടെ നിർദ്ദേശങ്ങൾ പോലും ജഗൻ ചെവികൊണ്ടില്ലെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി വൈ എസ് ആർ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്തെത്തിയ ശർമിളയും വിജയമ്മയും പുതിയ പാർട്ടി രൂപീകരിക്കുകയും തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. വൈഎസ്ആർ കോൺഗ്രസും എൻ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയും ശക്തിപ്രാപിച്ച ആന്ധ്രയിൽ തങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ബോധ്യം കൂടിയായിരുന്നു തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ശർമിളയെ പ്രേരിപ്പിച്ചത്.

തുടർന്ന് വൈ എസ് ആർ തെലങ്കാന എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. കോൺഗ്രസിനും ബി ആർ എസിനും എതിരേ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു തെലങ്കാന രാഷ്ട്രീയത്തിലേക്കുള്ള ശർമിളയുടെ കടന്നുവരവ്. കോൺഗ്രസിലെ തന്നെ ചില നേതാക്കളുടെ പിന്തുണയും ശർമിളയ്ക്ക് ലഭിച്ചിരുന്നു. ഇതിനിടെ തെലങ്കാനയിലെ ഗ്രൗണ്ട് റിലായിറ്റി മനസിലാക്കിയ ശർമിള, തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനും ശ്രമം നടത്തിയെങ്കിലും രേവന്ത് റെഡ്ഡിയുടെ അടക്കം പ്രതിഷേധങ്ങളെ തുടർന്ന് നടപ്പായില്ല. തുടർന്ന് തിരഞ്ഞെുപ്പിൽ മത്സരിക്കേണ്ടെന്നും കോൺഗ്രസിന് നിരുപധിക പിന്തുണ ശർമിള പ്രഖ്യാപിക്കുകയും ചെയ്തത്. എല്ലാത്തിനും ഒടുവിലാണ് ശർമിള ആന്ധ്ര കോൺഗ്രസിന്റെ അധ്യക്ഷയായി എത്തുന്നത്.

എന്നാൽ വൈ എസ് ശർമിളയ്ക്കും കോൺഗ്രസിനും ഒരുമുഴം മുന്നെയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ഓരോ നീക്കവും. ആന്ധ്രയിലെ ജാതി സർവേയ്ക്ക് പുറമെ കുടുംബത്തിന്റെ പിന്തുണയില്ലാത്തവൻ എന്ന ആരോപണത്തെ തടയാനും ജഗൻ ശ്രമിക്കുന്നുണ്ട്. ശർമിള കോൺഗ്രസ് അധ്യക്ഷയായതിന് പിന്നാലെ ശർമിളയുടെ മകന്റെ വിവാഹത്തിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡി പങ്കെടുക്കുകയും അനന്തരവൻ രാജ റെഡ്ഡിയെ ആശിർവദിക്കുകയും ചെയ്തു.

ചടങ്ങിൽ അമ്മ വിജയമ്മയെ കെട്ടിപ്പിടിക്കുന്ന ജഗന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പുറമെ 2019 ൽ വിജയിച്ച അടവുകളും ജഗൻ ആന്ധ്രയിൽ ഉപയോഗിക്കുന്നുണ്ട്. 2019 ൽ റിലീസ് ചെയ്ത യാത്ര സിനിമയുടെ രണ്ടാം ഭാഗം ഫെബ്രുവരിയിൽ റിലീസ് ചെയ്യുകയാണ്. വൈ എസ് ആറിന്റെ മരണവും തുടർന്ന് ജഗൻ നേതൃസ്ഥാനത്തേക്ക് എത്തിയതിന്റെയും കഥയാണ് യാത്ര 2 അവതരിപ്പിക്കുന്നത്. ജീവയാണ് ജഗനായി വെള്ളിത്തിരയിൽ എത്തുന്നത്.

'അധികാര കൊതി മൂത്ത സഹോദരി അമ്മയെ കൂട്ടുപിടിച്ച് ഒറ്റപ്പെടുത്തുന്ന, സ്നേഹം ലഭിക്കാത്ത, ആന്ധ്ര ജനതയുടെ പുത്രനായ ജഗൻ' എന്ന രീതിയിലുള്ള ക്യാംപെയിനുകളും സോഷ്യൽ മീഡിയയിൽ ജഗനെ പിന്തുണയ്ക്കുന്നവർ ആരംഭിച്ചിട്ടുണ്ട്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി