INDIA

ബിഹാറിൽ 63 ശതമാനം കുടുംബങ്ങളുടെ മാസവരുമാനം പതിനായിരത്തിൽ താഴെ; പൊതുവിഭാഗത്തിൽ 3.19 ശതമാനം പേർക്ക് സർക്കാർ ജോലി

വെബ് ഡെസ്ക്

ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ബിഹാറിൽ സംവരണം 65 ശതമാനമാക്കി മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശിച്ചത്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾ, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന പൂർണറിപ്പോർട്ടും ബിഹാർ സർക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സർവേയുടെ രണ്ടാം ഭാഗവും നിയമസഭയിൽ മേശപ്പുറത്ത് വച്ചതിനുപിന്നാലെയാണ് സംവരണം 65 ശതമാനമാക്കി ഉയർത്തണമെന്ന് നിതീഷ് കുമാർ നിർദ്ദേശം മുന്നോട്ടുവച്ചത്.

കേന്ദ്രസർക്കാർ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തിക സംവരണം കൂടി ചേരുന്നതോടെ സംസ്ഥാനത്തെ സംവരണം 75 ശതമാനമായി മാറും. സർവേ പ്രകാരം ബിഹാറിലെ ആകെ ജനസംഖ്യയിൽ 36.01 ശതമാനം അതിപിന്നാക്ക വിഭാഗവും 27.13 ശതമാനം പിന്നാക്ക വിഭാഗവും 15.52 ശതമാനം മുന്നാക്ക വിഭാഗവുമാണ്.

19.7 ശതമാനം പട്ടികജാതി വിഭാഗവും 1.7 ശതമാനം പട്ടികവർഗ വിഭാഗവുമാണ്. സംസ്ഥാനത്ത് താമസിക്കുന്ന 2.97 കോടി കുടുംബങ്ങളിൽ 94 ലക്ഷത്തിലധികം കുടുംബങ്ങളും ദരിദ്രരാണ്. 4.47 ശതമാനം കുടുംബങ്ങൾ മാത്രമാണ് പ്രതിമാസം 50,000 രൂപയിൽ കൂടുതൽ വരുമാനമുള്ളത്. ഒബിസി വിഭാഗത്തിൽ 33.16 ശതമാനം ദരിദ്ര കുടുംബങ്ങളാണ്.

പൊതുവിഭാഗത്തിൽ 25.09 ശതമാനം ദരിദ്ര കുടുംബങ്ങളും അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളിലെ (ഇബിസി) 33.58 ശതമാനം ദരിദ്ര കുടുംബങ്ങളുമാണ്. പട്ടികജാതി (എസ്സി) വിഭാഗത്തിൽ 42.93 ശതമാനവും പട്ടികവർഗ വിഭാഗത്തിൽ (എസ്ടി) 42.7ശതമനവും ദരിദ്ര കുടുംബങ്ങളാണ്. പൊതുവിഭാഗത്തിൽ ഭൂമിഹാർ സമുദായത്തിൽപ്പെട്ട 27.58 ശതമാനം പേരും ദരിദ്രരാണ്. 8,38,447 പേരാണ് ഭൂമിഹാർ വിഭാഗത്തിൽ നിന്നുള്ളവർ. ഇതിൽ 2,31,211 പേരും ദരിദ്രരാണ്.

ബ്രാഹ്‌മണ സമുദായത്തിൽപ്പെട്ട 25.32 ശതനമാനം ആളുകളും ബിഹാറിൽ ദരിദ്രരാണ്. 10,76,563 ആണ് ബ്രാഹ്‌മണരുടെ ജനസംഖ്യ. അതിൽ 2,72,576 പേരാണ് ദരിദ്രർ.

രജപുത് വിഭാഗത്തിൽ 24.89 ശതമാനവും ദരിദ്രരാണ്. 9,53,447 പേരാണ് രജപുത് ജാതിയിൽനിന്നുള്ളവർ ഇതിൽ 2,37,412 പേരാണ് ദരിദ്രർ.

പൊതുവിഭാഗത്തിൽ കായസ്ത് ജാതിയാണ് ഏറ്റവും സമ്പന്നരായ ജാതി. കായസ്ത് വിഭാഗത്തിൽ 13.38 ശതമാനം ആളുകൾ മാത്രമാണ് ദരിദ്രർ. 1,70,985 പേരാണ് കായസ്ത് ജാതിയിലുള്ളത്. ഇതിൽ 23,639 പേരും ദരിദ്രരാണ്.

അതേസമയം പൊതുവിഭാഗത്തിൽനിന്നുള്ള ആറ് ലക്ഷത്തിലധികം ആളുകൾക്ക് ബിഹാറിൽ സർക്കാർ ജോലിയുണ്ട്, ഇത് മൊത്തം ജനസംഖ്യയുടെ 3.19 ശതമാനം വരും. ഭൂമിഹാർ സമുദായത്തിലെ 4.99 ശതമാനം പേരും, ബ്രാഹ്‌മണ സമുദായത്തിൽ 3.60 ശതമാനം പേർക്കും സർക്കാർ ജോലിയുണ്ട്. രജപുത്, കായസ്ത് സമുദായങ്ങളിൽ നിന്നുള്ള സർക്കാർ ജോലിയിലുള്ളവർ യഥാക്രമം 3.81 ശതമാനവും 6.68 ശതമാനവുമാണ്.

മുസ്‌ലിം വിഭാഗത്തിൽനിന്ന് ഷെയ്ഖ് സമുദായത്തിലെ 0.79 ശതമാനവും പത്താൻ സമുദായത്തിൽനിന്ന് 1.07 ശതമാനം ആളുകൾക്കും മാത്രമാണ് സർക്കാർ ജോലിയുള്ളത്. പിന്നാക്ക വിഭാഗത്തിൽ നിന്ന് 1.75 ശതമാനം ആളുകൾക്ക് മാത്രമാണ് സർക്കാർ ജോലിയുള്ളത്. ഇതിൽ യാദവ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് കൂടുതൽ പേരും യാദവ സമുദായത്തിൽ നിന്നുള്ള 2,89,538 പേർക്കാണ് സർക്കാർ ജോലിയുള്ളത്. ഇത് ബിഹാറിലെ മൊത്തം പിന്നാക്ക വിഭാഗ ജനസംഖ്യയുടെ 1.55 ശതമാനം വരും. കുശ്വാഹ സമുദായത്തിൽ 2.04 ശതമാനവും കുർമികളിൽ 3.11 ശതമാനവും സർക്കാർ ജോലിയുള്ളവരാണ്.

അതേസമയം സംസ്ഥാനത്തെ 34.13 ശതമാനം കുടുംബങ്ങളുടെയും മാസവരുമാനം 6000 രൂപയിൽ താഴെയാണ്. 29.61ശതമാനം കുടുംബങ്ങൾക്ക് 6,000 രൂപ മുതൽ 10,000 രൂപ വരെയാണ് പ്രതിമാസ വരുമാനം. അതായത് സംസ്ഥാനത്തെ 63 ശതമാനത്തിലധികം കുടുംബങ്ങൾക്കും 10,000 രൂപ വരെയാണ് പ്രതിമാസ വരുമാനം.

വിദ്യാഭ്യാസരംഗത്തെ കണക്കുകളും കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴ് ശതമാനം മാത്രമാണ് ബിരുദധാരികൾ. ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ബിരുദാനന്തര ബിരുദമുള്ളത്. 22.67 ശതമാനം ആളുകൾ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയത്. 14.33ശതമാനം ആളുകൾ ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിച്ചവരും 9.19ശതമാനം ആളുകൾ 11, 12 ക്ലാസുകൾ വരെ വിദ്യാഭ്യാസം നേടിയവരുമാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം