ക്ഷേത്രപൂജാരിമാരെ നിയമിക്കുന്നതിൽ ജാതി മാനദണ്ഡമായി സ്വീകരിക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. പൂജാരിയായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ക്ഷേത്രാചാരങ്ങളില്‍ മതിയായ അറിവ്, വേണ്ടത്ര പരിശീലനം, ക്ഷേത്രത്തിന്റെ 'ആഗമ ശാസ്ത്ര'പ്രകാരം പൂജകളും മറ്റ് താന്ത്രിക ആചാരങ്ങളും ചെയ്യാനുള്ള അറിവ് എന്നിവയുണ്ടെങ്കില്‍ ആ വ്യക്തിയുടെ നിയമനത്തില്‍ അയാളുടെ ജാതിക്ക് യാതൊരു പങ്കുമില്ലെന്നു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിന് എന്‍. ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.
2018ൽ സേലത്തെ ശ്രീ സുഗവനേശ്വരർ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസർ പുറപ്പെടുവിച്ച വിജ്ഞാപനം ചോദ്യം ചെയ്തുകൊണ്ട് മുത്തു സുബ്രഹ്മണ്യ ഗുരുക്കള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് സുപ്രധാന വിധി. 'ക്ഷേത്ര പുരോഹിതൻ' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമായിരുന്നു തർക്കത്തിനാധാരം. സുഗവനേശ്വരർ സ്വാമി ക്ഷേത്രത്തിലേക്കുള്ള പൂജാരിമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തനിക്ക് പങ്കെടുക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ജാതിയല്ല ഒരു ക്ഷേത്രം പിന്തുടർന്ന് പോകുന്ന ആഗമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാകണം പൂജാരിമാരെ നിയമിക്കേണ്ടത് എന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
റിട്ട് പെറ്റീഷൻ ഫയൽ ചെയ്തതിനെ തുടർന്ന് സംസ്ഥാനത്തെ ആഗമിക, ആഗമികേതര ക്ഷേത്രങ്ങൾ കണ്ടെത്തുന്നതിന് ഹൈക്കോടതിയുടെ ഒന്നാം ഡിവിഷൻ ബെഞ്ച് 2022-ൽ മദ്രാസ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി എം ചൊക്കലിംഗത്തിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ സമിതി റിപ്പോർട്ട് സമർപ്പിക്കും വരെ ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ നിയമനം നിർത്തിവയ്ക്കണോ വേണ്ടയോ എന്ന കാര്യം വീണ്ടുമൊരു ചോദ്യചിഹ്നമായി ഉയർന്നു.
ക്ഷേത്രത്തിന്റെ ആഗമ ശാസ്ത്രത്തെ കുറിച്ച് സംശയം ഇല്ലെങ്കിൽ സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കും മുൻപ് തന്നെ പൂജാരിമാരെ നിയമിക്കാമെന്ന് കോടതി പറഞ്ഞു. സുഗവനേശ്വരർ സ്വാമി ക്ഷേത്രത്തിലും നിയമനങ്ങൾ നടത്താമെന്നും ജസ്റ്റിസ് ആനന്ദ് പറഞ്ഞു. എന്നാൽ ഹർജിക്കാരനും പങ്കെടുക്കാൻ കഴിയുന്നതാകണം തിരഞ്ഞെടുപ്പ് പ്രക്രിയയെന്നും കോടതി പ്രത്യേകം നിർദേശിച്ചു.