INDIA

നീറ്റ്- യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍, പ്രതികളെ സഹായിച്ചെന്ന് ആരോപണം

ഒരു പ്രമുഖ ഹിന്ദി പത്രത്തിന്‌റെ ലേഖകനായ മൊഹമ്മദ് ജമാലുദീനെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നാണ് പിടികൂടിയത്.

വെബ് ഡെസ്ക്

നീറ്റ്- യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ ജാര്‍ഖണ്ഡില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ സിബിഐ അറസ്റ്റ് ചെയ്തു. ഒരു പ്രമുഖ ഹിന്ദി പത്രത്തിന്‌റെ ലേഖകനായ മൊഹമ്മദ് ജമാലുദീനെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നാണ് പിടികൂടിയത്. ഇദ്ദേഹത്തിനെതിരെ നിര്‍ണായക സാങ്കേതിക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.

സംഭവത്തിന്‌റെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന ജാര്‍ഖണ്ഡിലെ ഓയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ്പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനും അറസ്റ്റിലായിരിക്കുന്നത്. രണ്ട് പ്രതികളെ സഹായിച്ചുഎന്ന കുറ്റമാണ് ഹസാരിബാഗിലെ മാധ്യമപ്രവര്‍ത്തകനുമേല്‍ ചുമത്തിയിരിക്കുന്നത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നിയോഗിച്ച നീറ്റ് യുജി ഹസാരിബാഗ് സിറ്റി കോര്‍ിനേറ്ററും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എഹ്‌സനുല്‍ ഹഖ്, എന്‍ടിഎ നിരീക്ഷകനും വൈസ്പ്രിന്‍സിപ്പലുമായ ഇംതിയാസ് ആലം എന്നിവരാണ്് ഇന്നലെ അറസ്റ്റിലായത്. ചോര്‍ച്ച ഉണ്ടായെന്നു സംശയിക്കുന്ന ജാര്‍ഖണ്ഡിലെ ഓയാസിസ് സ്‌കൂളിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.

പരീക്ഷയ്ക്ക് ഒരു ദിവസം മുന്‍പ് മെയ് നാലിന് നീറ്റ് യുജി പരീക്ഷാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കിയെന്ന് ആരോപിച്ച് രണ്ട് പേരെ പട്‌നയില്‍നിന്ന് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ 13 പ്രതികളില്‍ നാല് പരീക്ഷകരും ഉള്‍പ്പെടുന്നു. ജൂണ്‍ 22ന് വിദ്യാഭ്യാസ മന്ത്രാലയം ഈ വര്‍ഷത്തെ നീറ്റ് (യുജി)ലെ ക്രമക്കേടുകള്‍ സമഗ്രമായ അന്വേഷണത്തിനായി സിബിഐക്ക് കൈമാറിയിരുന്നു.

അതേസമയം, ബീഹാറിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിഭാഗത്തില്‍നിന്ന് അന്വേഷണം നടത്തുന്ന സിബിഐ ഗുജറാത്തിലെ ഏഴ് സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോദ്ര എന്നീ നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംശയാസ്പദമായ സ്ഥലങ്ങളില്‍ രാവിലെ മുതല്‍ പരിശോധന അരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടറർ ജനറല്‍ (ഡിജി) സുബോധ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരീക്ഷാ നടത്തിപ്പിന് പൊതു ജനങ്ങളുടെ അഭിപ്രായം കെ രാധാകൃഷ്ണന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7 വരെ ഗുണഭോക്താക്കള്‍ക്ക് innovateindia.mygov.in/examination-reforms-nta/. എന്ന വെബ്‌സൈറ്റിലൂടെയാണ് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാവുന്നത്.  രണ്ട് മാസങ്ങള്‍ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.

കമ്മിറ്റി, പരീക്ഷാ പ്രക്രിയയുടെ പരിഷ്‌കാരങ്ങള്‍, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോള്‍ മെച്ചപ്പെടുത്തല്‍, എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനങ്ങളും തുടങ്ങിയവയില്‍ ശിപാര്‍ശകള്‍ ശേഖരിക്കുന്നു. പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളെക്കുറിച്ച് സമിതി ശിപാര്‍ശ നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

പൊതുപരീക്ഷ ക്രമക്കേട് നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു കേന്ദ്രം കമ്മിറ്റി രൂപീകരിച്ചത്. 2024 ഫെബ്രുവരിയില്‍ പാസാക്കിയ നിയമം ജൂണ്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു. പേപ്പര്‍ ചോര്‍ത്തുക, ഉത്തരക്കടലാസില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും പരമാവധി അഞ്ചുവര്‍ഷം തടവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം