നീറ്റ്-യുജി പേപ്പർ ചോർച്ചയിലെ പ്രധാനപ്രതി പിടിയിൽ. റോക്കി എന്ന രാകേഷ് രഞ്ജനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തത്. സിബിഐ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
കേസിലെ പ്രതികളുമായി ബന്ധമുള്ള പട്നയിലെയും പശ്ചിമ ബംഗാളിലെയും നാല് സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. നീറ്റ് പരീക്ഷ ക്രമക്കേടിൽ മുഖ്യ സൂത്രധാരൻ സഞ്ജീവ് മുഖിയയുടെ ബന്ധുവാണ് റോക്കി എന്നാണ് റിപ്പോർട്ട്. ദീർഘ നാളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ. ഈ ആഴ്ച ആദ്യം ബിഹാറിലും ജാർഖണ്ഡിലുമായി 15 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചിരുന്നു .
അഞ്ച് പ്രധാന പേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് 51 കാരനായ സഞ്ജീവ് കുമാർ മുഖിയ. അന്തർസംസ്ഥാന ശൃംഖലയായ 'സോൾവർ ഗ്യാംഗി'ന്‍റെ തലവനാണ് മുഖിയ. ഏകദേശം രണ്ട് പതിറ്റാണ്ടോളമായി പേപ്പർ ചോർച്ച റാക്കറ്റുകളുടെ ഭാഗമാണ്. ബിഹാർ അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ കൃത്രിമത്വം കാട്ടിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിൻ്റെ മകൻ ഡോ. ശിവ് എന്ന ബിട്ടു ഈ വർഷം ആദ്യം അറസ്റ്റിലായിരുന്നു.
നീറ്റ് പരീക്ഷാഫലത്തിൽ ക്രമക്കേടുകള്‍ നടന്നതായി ഐഐടി മദ്രാസ് നടത്തിയ ഡേറ്റ അനലിറ്റിക്‌സ് പരിശോധനയില്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പരീക്ഷാഫലത്തില്‍ എന്തെങ്കിലും അസ്വാഭാവികതകള്‍ ഉണ്ടായതായോ ഏതെങ്കിലുമൊരു ശതമാനം കുട്ടികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചതായോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മാര്‍ക്ക് വിതരണം, പരീക്ഷ നടന്ന നഗരം, പരീക്ഷാകേന്ദ്രം തിരിച്ചുള്ള റാങ്ക് വിതരണം, വിവിധ മാര്‍ക്ക് പരിധിയില്‍ വന്നിരിക്കുന്ന പരീക്ഷാര്‍ഥികള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഡാറ്റയുടെ സമഗ്രവും വിപുലവുമായ സാങ്കേതിക വിലയിരുത്തല്‍ ഐഐടി മദ്രാസ് നടത്തി. എല്ലാ പ്രമുഖ പരീക്ഷയുടെയും സാങ്കേതിക വിലയിരുത്തലില്‍ ദൃശ്യമാകുന്ന ബെല്‍ ആകൃതിയിലുള്ള ഗ്രാഫാണ് നീറ്റ്-യുജി പരീക്ഷയുടെ ഡേറ്റ അനലിറ്റിക്‌സ് പരിശോധനയിലും മദ്രാസ് ഐഐടി കണ്ടെത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം പരീക്ഷയില്‍ ക്രമക്കേടുകളോ അസ്വാഭാവികതകളോ നടന്നിട്ടില്ല എന്നാണ് വിശദീകരണം.