INDIA

മനീഷ് സിസോദിയ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

സിസോദിയ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണം മുന്നോട്ട് പോവാൻ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും സിബിഐ

വെബ് ഡെസ്ക്

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. മാർച്ച് നാല് വരെയാണ് കസ്റ്റഡി. മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. സിസോദിയ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണം മുന്നോട്ട് പോവാൻ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാൽ, സിബിഐയുടെ ആരോപണങ്ങൾ സിസോദിയ കോടതിയിൽ നിഷേധിച്ചു.

പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, ദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ എന്നിവയെ കുറിച്ച് വിശദമാക്കുന്ന രേഖകളൊന്നും കാണാനില്ലെന്നാണ് സിബിഐ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി സിസോദിയ നൽകുന്നില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസോദിയ ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്നും സിബിഐ കോടതിയില്‍ വാദിച്ചു. അതേസമയം തനിക്കെതിരായ തെളിവ് ഹാജരാക്കണെന്ന് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.

ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയം 2021-2022 കാലത്ത് നടപ്പാക്കിയതിൽ അഴിമതി നടന്നതായാണ് സിബിഐയുടെ ആരോപണം. പോളിസി മാർജിൻ വർധിപ്പിച്ചതായും യോഗ്യതാ മാനദണ്ഡം മാറ്റിയതായും സിബിഐ കോടതിയിൽ വാദിച്ചു. എക്‌സൈസ് നയത്തിന്റെ ആദ്യ കരടിൽ ഒന്നിലധികം വ്യവസ്ഥകൾ ഇല്ലായിരുന്നുവെന്നാണ് സിബിഐയുടെ വാദം. കരട് നയത്തിൽ എങ്ങനെയാണ് മാറ്റങ്ങൾ വരുത്തിയതെന്നും ചില ബിസിനസുകാർക്ക് നേട്ടമുണ്ടാക്കാനാണോ ഇത് ചെയ്തതെന്നും പരിശോധിക്കാൻ സിസോദിയയുടെ ഡിജിറ്റൽ ഉപകരണങ്ങൾ സിബിഐ പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടുമണിക്കൂർ ​ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസോദിയയെ അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. എഎപി ആസ്ഥാനത്ത് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഭോപ്പാൽ, ചണ്ഡീഗഡ്, ഡൽഹി അടക്കമുളള സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ തലസ്ഥാനത്ത് പാർട്ടി ആസ്ഥാനത്തിന് സമീപം എഎപി പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പിന്നാലെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എഎപി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബിജെപിയുടെ ആസ്ഥാനത്ത് എഎപി പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ

ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്നാണ് ആം ആദ്മി സിസോദിയയുടെ അറസ്റ്റിനെ വിശേഷിപ്പിച്ചത്. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും പാർട്ടി ആരോപിച്ചു. മദ്യനയ അഴിമതിക്കേസിൽ എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് കേസിൽ ഒന്നാം പ്രതി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ