INDIA

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: അന്വേഷണത്തിന് സിബിഐയുടെ 53 അംഗ പ്രത്യേക സംഘം

സംസ്ഥാനത്ത് നടന്ന മറ്റ് ആറ് അക്രമ കേസുകളും സായുധസേനയുടെ ആയുധപ്പുരകളിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചതും ഉള്‍പ്പടെയുള്ള കേസുകള്‍ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്

വെബ് ഡെസ്ക്

മണിപ്പൂരില്‍ മൂന്ന് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിലൊരാളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സിബിഐ. വനിതാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽമാരായ ലൗലി കത്യാർ, നിർമ്മല ദേവി എസ് എന്നിവരുൾപ്പെടുന്ന 53 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

സംസ്ഥാനത്ത് നടന്ന മറ്റ് ആറ് അക്രമ കേസുകളും സായുധസേനയുടെ ആയുധപ്പുരകളിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചതും ഉള്‍പ്പടെയുള്ള കേസുകള്‍ സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.

മെയ് മൂന്നിന് മെയ്തി, കുക്കി സമുദായങ്ങൾ തമ്മിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അരങ്ങേറിയ ലൈംഗിക അതിക്രമങ്ങൾ രണ്ടു മാസത്തിന് ശേഷമാണ് പുറത്തറിയുന്നത്. തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ഇടപെടുകയും അന്വേഷണം സിബിഐയ്ക്ക് കൈമാറുകയുമായിരുന്നു.

ജൂലൈ 29ന് കേസുകള്‍ കൈമാറി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സിബിഐയ്ക്ക് നല്‍കിയ നിർദേശം. 160 ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ട വംശീയ കലാപം മൗലികാവകാശങ്ങളുടെ കടുത്ത ലംഘനത്തിന് കാരണമായെന്ന് വിലയിരുത്തിയ കോടതി, ഇതില്‍ സംസ്ഥാനത്തെ പോലീസിന്റെ പങ്ക് അന്വേഷിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ലൈംഗികാതിക്രമ കേസുകൾക്കായി പ്രത്യേക സംഘത്തെ രൂപീകരിച്ചത്.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. ഗോത്രവർഗക്കാരായ നാഗകളും കുക്കികളും 40 ശതമാനത്തിലധികവും വരുന്നവരാണ്. പട്ടികവർഗ (എസ്ടി) പദവി നല്‍കണമെന്ന മെയ്തി സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ട്രൈബൽ സോളിഡാരിറ്റി മാർച്ച്' സംഘടിപ്പിച്ചതിന് ശേഷമാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. വീടുകൾക്കും കെട്ടിടങ്ങൾക്കും തീയിടുകയും വംശീയ അതിക്രമങ്ങൾ രൂക്ഷമാകുകയും ചെയ്തതോടെ, ഭൂരിഭാഗം പേരും മറ്റ് സ്ഥലങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കുടിയേറി.

സംഭവത്തിൽ ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് കേന്ദ്രവും സംസ്ഥാനവും പ്രതികരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സ്വാത്യന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, മണിപ്പൂരിലെ സംഘർഷത്തിൽ അയവ് ഉണ്ടായതായും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യം മണിപ്പൂരിലെ അമ്മമാർക്കും സ്ത്രീകൾക്കുമൊപ്പമാണെന്നും കുറ്റവാളികൾ രക്ഷപെടില്ലെന്നും അദ്ദേഹം ലോക്സഭയിലും വ്യക്തമാക്കി. കലാപം ആരംഭിച്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം