ബിജെപി ഭരണത്തിലിരിക്കുന്ന മധ്യപ്രദേശ്, ഗോവ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ വ്യക്തികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സിബിഐക്ക് അനുമതി. കേന്ദ്രസർക്കാർ ജീവനക്കാരുൾപ്പെടുന്ന അഴിമതിക്കേസിൽ സ്വകാര്യവ്യക്തികൾക്കെതിരെ കൂടി അന്വേഷണം നടത്താനുള്ള അനുമതിയാണ് ഇപ്പോൾ സംസ്ഥാന സർക്കാരുകൾ നൽകിയിരിക്കുന്നത്.
ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ വകുപ്പ് ആറിൽ പുതുതായി ഉൾപ്പെടുത്തിയ നിർദേശപ്രകാരമാണ് സിബിഐക്ക് കേസന്വേഷിക്കാനുള്ള പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസികൾക്ക് നിലവിൽ സാധിക്കില്ല.
ആരോപണം നേരിടുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്കെതിരെ മാത്രം അന്വേഷണം നടത്താനുള്ള അനുമതിയായിരുന്നു ആദ്യം സിബിഐക്ക് നൽകിയിരുന്നത്. ഇപ്പോൾ നൽകിയിരിക്കുന്ന 'പൊതു അനുമതിയിൽ' വ്യക്തികൾക്കെതിരെ കേസെടുത്ത് അന്വേഷിക്കാമെന്ന നിർദേശമാണ് ഉൾപ്പെടുത്തിയത്. വകുപ്പ് ആറ് അനുസരിച്ച് സംസ്ഥാനങ്ങൾ നേരെത്തെ നൽകിയ അനുമതിയിൽ 'സ്വകാര്യ വ്യക്തികൾ' എന്ന വാക്ക് ഇല്ലായിരുന്നു.
കുറ്റാരോപിതരായ കേന്ദ്രസർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട സ്വകാര്യവ്യക്തികളെ അന്വേഷണത്തിന്റെ ഭാഗമാക്കാമെന്നാണ് ഒഡിഷയും, മധ്യപ്രദേശും, ഗോവയും ഇറക്കിയ നിർദേശത്തിൽ പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായതിനാൽ സംഘടിതമായാണ് ഈ നിർദേശം പുറത്തിറക്കിയതെന്ന ആരോപണത്തിന് അടിസ്ഥാനമായി ഉയർത്തിക്കാണിക്കുന്നത് ഈ മൂന്നു സംസ്ഥാനവും പുറത്തിറക്കിയ ഉത്തരവിലെ വാക്കുകളിലെ സാമ്യതയാണ്.
ഉത്തരവ് ഡൽഹിയിലെ ബിജെപി നേതൃത്വം അച്ചടിച്ച് നൽകിയതാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. ഈ ഉത്തരവ് വന്നതോടെ കേന്ദ്രസർക്കാരുമായി യാതൊരു ബന്ധവുമില്ലെങ്കിലും സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഏജൻസികൾക്ക് സാധിക്കും.
സുപ്രീംകോടതി 'കൂട്ടിലടച്ച തത്ത'യെന്ന് വിശേഷിപ്പിച്ച സിബിഐക്ക് ഇത്തരമൊരു അനുമതി കൂടി ലഭിക്കുന്നതോടെ വലിയ മാറ്റങ്ങൾ ഇന്ത്യയിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ മാസം ആദ്യം അനുമതി വാങ്ങാതെ സ്വകാര്യവ്യക്തിക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാർ കേന്ദ്രസർക്കാരിനെതിരെ കേസെടുത്തിരുന്നു.