INDIA

മദ്യനയ അഴിമതി: അരവിന്ദ് കെജ്‍രിവാൾ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ

വെബ് ഡെസ്ക്

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ സിബിഐ കസ്റ്റഡിയില്‍. ഡൽഹി മുഖ്യമന്ത്രിയെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. മറ്റ് പ്രതികളുടെ മൊഴിയും രേഖകളുമായി കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ കസ്റ്റഡി ആവശ്യമാണെന്ന് വാദത്തിനിടെ സിബിഐ കോടതിയെ അറിയിച്ചിരുന്നു.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഒരാൾ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയതായി സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഡിപി സിംഗ് ചൂണ്ടിക്കാട്ടി. "നയം രൂപീകരിക്കുന്നതിന് മുമ്പുതന്നെ ഇത് സംഭവിച്ചിട്ടുണ്ട്. മഗുന്ത ശ്രീനിവാസ് റെഡ്ഡിയുടെ മൊഴി ഞങ്ങളുടെ പക്കലുണ്ട്. നയം എങ്ങനെയായിരിക്കണമെന്ന് സൗത്ത് ഗ്രൂപ്പ് പറഞ്ഞതിന് തെളിവുണ്ട്." കൊവിഡ് അതിൻ്റെ പ്രധാന ഘട്ടത്തിൽ എത്തിയപ്പോഴാണ് നയം രൂപീകരിച്ചതെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു. "ആരാണ് കാര്യങ്ങളുടെ ചുക്കാൻ പിടിച്ചത്? അത് മുഖ്യമന്ത്രിയാണ്." അദ്ദേഹം കോടതിയെ അറിയിച്ചു.

കോവിഡ് കാലത്ത് വിമാനങ്ങളൊന്നും സർവീസ് നടത്താത്ത സമയത്ത് സ്വകാര്യ വിമാനത്തിലാണ് സൗത്ത് ഗ്രൂപ്പ് ഡൽഹിയിലെത്തിയത്. സൗത്ത് ഗ്രൂപ്പിൻ്റെ മാതൃകയിൽ തയാറാക്കിയ റിപ്പോർട്ട് സർക്കാർ സ്വീകരിച്ചു, ആ റിപ്പോർട്ട് തന്നെ നയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 16നാണ് കെജ്‌രിവാളിൻ്റെ മഗുന്തയുമായുള്ള ആദ്യ കൂടിക്കാഴ്ചയെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു.

"ഡൽഹി സെക്രട്ടേറിയറ്റിൽ കെജ്‌രിവാളിനെ കണ്ട് മദ്യക്കച്ചവടത്തിൽ പിന്തുണ നൽകണമെന്ന് മഗുന്ത റെഡ്ഡി ആവശ്യപ്പെട്ടു. പിന്തുണ നൽകാമെന്ന് കെജ്‌രിവാൾ ഉറപ്പുനൽകി. എക്സൈസ് പോളിസി കേസിൽ എഎപിക്ക് ഫണ്ട് നൽകാൻ കെജ്‌രിവാൾ തിരിച്ച് അദ്ദേഹത്തോട് ആവശ്യപ്പെട്ടു," ഡിപി സിംഗ് ചൂണ്ടിക്കാട്ടി.

വിചാരണ കോടതി നല്‍കിയ ജാമ്യം സ്‌റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാൻ ഇരിക്കവെയായിരുന്നു സിബിഐ കസ്റ്റഡി ആവശ്യപ്പെട്ടത്. മൂന്നുമാസം മുന്‍പാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി നേരത്തെ അദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് ജാമ്യം അവസാനിച്ച് കെജ് രിവാള്‍ തീഹാര്‍ ജയിലില്‍ മടങ്ങിയെത്തിയത്. രണ്ടാമതും ജാമ്യം അനുവദിച്ചതിന് ശേഷം, കെജ്രിവാള്‍ ജയില്‍ മോചിതനാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഹൈക്കോടതി ജാമ്യം താത്ക്കാലികമായി സ്റ്റേ ചെയ്തത്. കേസ് വിധി പറയാന്‍ വേണ്ടി 25-ലേക്ക് മാറ്റിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?