INDIA

വിദേശ സംഭാവനാ ചട്ടലംഘനം: ഓക്‌സ്ഫാം ഇന്ത്യയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

2010-ലെ എഫ്സിആർഎയുടെ വ്യവസ്ഥകൾ ലംഘിച്ച് മറ്റ് എൻജിഒകൾക്ക് ഫണ്ട് കൈമാറിയെന്നാണ് ആരോപണം

വെബ് ഡെസ്ക്

വിദേശ സംഭാവന റെഗുലേഷൻ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഓക്‌സ്ഫാം ഇന്ത്യയ്ക്കും ഭാരവാഹികൾക്കുമെതിരെ സിബിഐ കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിന് പിന്നാലെയാണ് ആഗോള സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമിന്റെ ഇന്ത്യൻ വിഭാഗത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 2010-ലെ എഫ്സിആർഎയുടെ വ്യവസ്ഥകൾ ലംഘിച്ച് മറ്റ് എൻജിഒകൾക്ക് ഫണ്ട് കൈമാറിയെന്നാണ് ആരോപണം. 1.5 കോടി രൂപ നേരിട്ട് വിദേശത്ത് നിന്ന് ഓക്സ്ഫാം സ്വീകരിച്ചുവെന്ന് സിബിഐ കേസിൽ ആരോപിക്കുന്നു.

പൂർണമായും ഇന്ത്യൻ നിയമത്തിന് അനുസൃതമാണെന്ന് സംഘടനയുടെ പ്രവൃത്തനമെന്ന് ഓക്‌സ്ഫാം ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. തുടക്കം മുതൽ എഫ്‌സി‌ആർ‌എ റിട്ടേണുകൾ ഉൾപ്പെടെ കൃത്യസമയത്ത് ഫയൽ ചെയ്തിട്ടുണ്ടെന്നും ഓക്‌സ്ഫാം ഇന്ത്യ പറഞ്ഞു. വിദേശ സംഭാവന റെഗുലേഷൻ ഭേദഗതി നിയമം 2020 നിലവിൽ വന്നതിന് ശേഷവും ഓക്സ്ഫാം ഇന്ത്യ വിവിധ സ്ഥാപനങ്ങൾക്ക് വിദേശ സംഭാവനകൾ കൈമാറിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തൽ.

വിദേശ ഫണ്ടിങ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സംഘടനയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. എഫ്സിആർഎ ലൈസൻസ് പുതുക്കാൻ 2021-ൽ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതോടെ ഓക്സ്ഫാമിന്റെ വിദേശ ധനസഹായം തടയുകയായിരുന്നു. FCRA രജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കാത്തതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. ഹർജിയിൽ പ്രതികരിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻജിഒ വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിലെ ഓക്‌സ്‌ഫാം ഇന്ത്യയുടെ ഓഫീസിൽ സിബിഐ ബുധനാഴ്ച പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.

എഫ്‌സിആർഎ ലംഘനം ആരോപിച്ച് ഒരു മാസത്തിനകം ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത രണ്ടാമത്തെ എൻജിഒയാണ് ഓക്സ്ഫാം ഇന്ത്യ. എഫ്‌സിആര്‍എ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ലാഭേച്ഛയോടെ ഫണ്ടുകള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുന്നതിനായി ഓക്‌സ്ഫാം ഇന്ത്യ പദ്ധതിയിട്ടതായി വ്യക്തമാക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ കൊല്ലം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നതായാണ് വിവരം. 21 സ്വതന്ത്ര സന്നദ്ധസംഘടനകളുടെ കൂട്ടായ സംരംഭമാണ് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍. യുകെയിലെ ഓക്‌സ്‌ഫോഡാണ് ഓക്‌സ്ഫാമിന്റെ ആസ്ഥാനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ