INDIA

റെയില്‍വേ ജോലിക്ക് പകരം ഭൂമി അഴിമതി: തേജസ്വി യാദവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് സിബിഐ

വെബ് ഡെസ്ക്

വെള്ളിയാഴ്ചയിലെ ഇ ഡി റെയ്ഡിന് പിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. റെയിൽവേ ജോലിക്ക് പകരം ഭൂമി കോഴക്കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് തന്നെ സിബിഐ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശം. കേസില്‍ രണ്ടാംതവണയാണ് തേജസ്വിക്ക് സിബിഐ നോട്ടീസ് അയക്കുന്നത്. ഫെബ്രുവരി നാലിനായിരുന്നു ആദ്യം ഹാജാരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഭാര്യയ്ക്കൊപ്പം തുടരുന്നതിനാല്‍ തേജസ്വി ചോദ്യം ചെയ്യലിന് ഇന്നും എത്തില്ലെന്നാണ് സൂചന. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, റെയില്‍വേയില്‍ ജോലി നൽകുന്നതിന് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങി എന്നാണ് സിബിഐ കേസ്. ഇതിലെ കള്ളപ്പണം വെളുപ്പിക്കലുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇ ഡി അന്വേഷണം.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയിലുള്‍പ്പെടെ 24 ഇടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. പാട്‌ന, റാഞ്ചി, മുംബൈ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. അന്വേഷണ ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രവർത്തിക്കുകയാണെന്നായിരുന്നു റെയ്ഡിന് ശേഷം തേജസ്വി യാദവിന്റെ പ്രതികരണം. ബിജെപിയെ അനുകൂലിക്കുന്നവരെ അന്വേഷണ ഏജൻസികൾ സഹായിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നും തേജസ്വി പറഞ്ഞു.

തേജസ്വി യാദവിന്റേതിന് പുറമെ ലാലുവിന്റെ പെണ്‍മക്കളായ രാഗിനി, ചന്ദ്ര, ഹേമ യാദവ്, മുന്‍ ആര്‍ജെഡി എംഎല്‍എ അബു ദോജാന എന്നിവരുടെ വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. 70 ലക്ഷം രൂപ, 1.5 കിലോ ഗ്രാം സ്വര്‍ണാഭരണങ്ങള്‍, 540 ഗ്രാം സ്വര്‍ണബിസ്‌കറ്റുകള്‍, 900 യുഎസ് ഡോളര്‍ ഉള്‍പ്പെടെ വിദേശ കറന്‍സി എന്നിവയെല്ലാം പിടിച്ചെടുത്തതായാണ് ഇ ഡി അവകാശപ്പെട്ടത്. ബിഹാർ മുൻ മുഖ്യമന്തി ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്റെ ഭാര്യയായ റാബ്രി ദേവിയെയും കഴിഞ്ഞ ദിവസങ്ങളിൽ സിബിഐ ചോദ്യം ചെയ്തിരുന്നു.

ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം ലാലുവിനും റാബ്രി ദേവിക്കും മറ്റ് 14 പേർക്കുമെതിരെയുമാണ് കേസില്‍ സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മാർച്ച് 15ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിസ ഭാരതി ഉൾപ്പെടെയുള്ള 14 പ്രതികൾക്കും കോടതി സമൻസ് അയച്ചിരുന്നു. സിബിഐ കേസിനെ ആസ്പദമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ ഡി കേസ് ഫയൽ ചെയ്തിരിക്കുന്നത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ