കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് തടയാൻ സമഗ്രപദ്ധതിയുമായി സിബിഐ. 'ഓപ്പറേഷൻ മേഘ്ചക്ര' എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ വിവിധ കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന നടത്തി. പത്തൊമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തിലുമായി 56 ഇടങ്ങളിലാണ് സി ബി ഐ സംഘം പരിശോധന നടത്തിയത്. ഇന്റർപോളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളും ഓൺലൈൻസൈറ്റുകളിൽ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ഇവ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്തി നടപടിയെടുക്കുകയാണ് 'ഓപ്പറേഷൻ മേഘ്ചക്ര'യിലൂടെ സിബിഐ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്തി നടപടിയെടുക്കുകയാണ് 'ഓപ്പറേഷൻ മേഘ്ചക്ര'യിലൂടെ സിബിഐ ലക്ഷ്യമിടുന്നത്.
'ഓപ്പറേഷൻ കാർബൺ' എന്ന പേരിൽ കഴിഞ്ഞ നവംബറിലും സമാനമായ പരിശോധന സിബിഐ നടത്തിയിരുന്നു. ഈ പരിശോധനയുടെ ഭാഗമായി 24 കേസുകളിലായി 80 പേരെ പ്രതി ചേർക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായായാണ് സിബിഐ ഇപ്പോൾ 'ഓപ്പറേഷൻ മേഘ്ചക്ര' നടപ്പാക്കുന്നത്. കഴിഞ്ഞ തവണ പതിമൂന്ന് സംസ്ഥാനങ്ങളിലാണ് പരിശോധന നടത്തിയിരുന്നതെങ്കിൽ ഇത്തവണ പത്തൊമ്പത് സംസ്ഥാനങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ നിരീക്ഷിക്കുന്നതിന് രാജ്യത്തുള്ള സംവിധാനങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2015 മുതൽ ചൈൽഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് സർക്കാരും ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളും ഫേസ്ബുക്കും മൈക്രോസോഫ്റ്റും ഒരേ സ്വരത്തിൽ സമ്മതിച്ചിട്ടുമുണ്ട്. എങ്കിലും കുട്ടികളുൾപ്പെട്ട അശ്ലീല വീഡിയോകളുടെ പ്രചരണം ഇപ്പോഴും തുടരുകയാണ്.