INDIA

സിബിഎസ്‌ഇ ബോർഡ് പരീക്ഷ ഇനി വർഷത്തിൽ രണ്ട് തവണ; പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി

വെബ് ഡെസ്ക്

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്കായി വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്താനുള്ള സിബിഎസ്‌ഇയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം. പുതിയ പാറ്റേൺ പ്രകാരം ആദ്യ ബോർഡ് പരീക്ഷ ജനുവരിയിലും അതേ സെഷൻ്റെ രണ്ടാം പരീക്ഷ ഏപ്രിലിലും നടക്കും. രണ്ട് പരീക്ഷകളും മുഴുവൻ സിലബസിനേയും അടിസ്ഥാനമാക്കിയുള്ളതാവും. 2025-26 സെഷൻ മുതൽ പുതിയ പദ്ധതി നടപ്പാക്കാനാണ് സിബിഎസ്ഇ ഉദ്ദേശിക്കുന്നത്. പുതിയ പാറ്റേണിൻ്റെ ആദ്യ ബോർഡ് പരീക്ഷ 2026 ജനുവരിയിലും, രണ്ടാം പരീക്ഷ 2026 ഏപ്രിലിലും നടക്കും.

പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് രണ്ട് പരീക്ഷകളിലും പങ്കെടുക്കാനുള്ള ഓപ്ഷൻ നൽകും. വിദ്യാർഥികൾക്ക് താല്പര്യമുണ്ടെങ്കിൽ രണ്ട് പരീക്ഷകളും എഴുതാം. അല്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് ഏതെങ്കിലും ഒരു പരീക്ഷ എഴുതാം. രണ്ട് പരീക്ഷകളും എഴുതുന്ന വിദ്യാർഥികൾക്ക് ഏതിലാണോ മികച്ച മാർക്ക് ലഭിച്ചത് ആ ഫലം ഉപയോഗിക്കാൻ കഴിയും. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് രാജ്യത്തുടനീളമുള്ള 10,000-ലധികം സ്കൂൾ പ്രിൻസിപ്പൽമാരുമായി ഓൺലൈൻ, നേരിട്ടുള്ള മീറ്റിങ്ങുകളിൽ കൂടിയാലോചിച്ചാണ് പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തത്.

പുതിയ സിലബസ് അടിസ്ഥാനമാക്കിയുള്ള 10, 12 ക്ലാസുകളിലെ പുസ്തകങ്ങൾ എത്താൻ രണ്ട് വർഷമെടുക്കും. ഈ പുസ്തകങ്ങൾ 2026-27 സെഷനിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ, 2025-26 ലെ ബോർഡ് പരീക്ഷകൾ പഴയ സിലബസിലും പുസ്തകങ്ങളിലും തന്നെയാവും നടത്തുക. പുതിയ പാറ്റേൺ പരിചയപ്പെടാൻ വിദ്യാർഥികൾക്ക് സമയം ലഭിക്കുമെന്നും പുതിയ സിലബസ് വരുമ്പോൾ കൂടുതൽ സുഖപ്രദമാകുമെന്നും ഇതുറപ്പാക്കും.

പരീക്ഷകൾ രണ്ട് തവണ നടത്തുന്നത് സംബന്ധിച്ച് മൂന്ന് പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പിന് മുൻപിൽ ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസത്തിൻ്റെ സെമസ്റ്റർ സമ്പ്രദായം പോലെ, സെപ്തംബർ, മാർച്ച് മാസങ്ങളിൽ ഓരോ സെമസ്റ്ററിൻ്റെയും അവസാനത്തിൽ ഹാഫ് സിലബസ് പരീക്ഷകൾ നടത്തണം എന്നതായിരുന്നു ഒന്ന്. മാർച്ച്-ഏപ്രിലിലെ ബോർഡ് പരീക്ഷകൾക്ക് ശേഷം, സപ്ലിമെൻ്ററി പരീക്ഷയ്ക്ക് പകരം ജൂലൈയിൽ മുഴുവൻ ബോർഡ് പരീക്ഷകളും വീണ്ടും നടത്തണം എന്നതായിരുന്നു മറ്റൊന്ന്. ജെഇഇ മെയിൻസിന് രണ്ട് പരീക്ഷകൾ ഉള്ളതുപോലെ, മുഴുവൻ സിലബസിൻ്റെയും ബോർഡ് പരീക്ഷകളും ജനുവരിയിലും ഏപ്രിൽ മാസത്തിലും നടത്തണം എന്നതായിരുന്നു മൂന്നാമത്തെ പദ്ധതി.

ഭൂരിഭാഗം പേരും മൂന്നാമത്തെ ഓപ്ഷന് അനുകൂലമായാണ് പിന്തുണ അറിയിച്ചത്. സെമസ്റ്റർ സമ്പ്രദായം നടപ്പാക്കുന്നതിനെ ഭൂരിഭാഗം പേരും എതിർത്തു. ജൂലൈയിൽ രണ്ടാം പരീക്ഷ നടത്തുന്നത് വിദ്യാർഥികളെ ഒരു വർഷം ലാഭിക്കാനോ ഉന്നത വിദ്യാഭ്യാസത്തിൽ പ്രവേശനം നേടാനോ സഹായിക്കില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതോടെയാണ് മൂന്നാം പദ്ധതി തിരഞ്ഞെടുത്തത്. പ്രിൻസിപ്പൽമാരോട് അഭിപ്രായം രേഖാമൂലം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?