INDIA

രാമേശ്വരം കഫെ സ്‌ഫോടനം: മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കറുത്ത ബാഗ് ഉപേക്ഷിച്ചു, ദൃശ്യങ്ങള്‍ പുറത്ത്

30 വയസു പ്രായം തോന്നിക്കുന്ന ആളുടെ ദൃശ്യങ്ങളാണ് കഫെയിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്.

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളൂരു രാമേശ്വരം കഫെയിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്നയാളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. മാസ്‌കും സണ്‍ ഗ്ലാസും തൊപ്പിയും ധരിച്ചു തോളില്‍ കറുത്ത ബാഗുമായി കഫെയില്‍ ചിലവഴിച്ച ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 30 വയസു പ്രായം തോന്നിക്കുന്ന ആളുടെ ദൃശ്യങ്ങളാണ് കഫെയിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്. പ്രധാന റോഡുകള്‍ ഒഴിവാക്കി ക്യാമറകളില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെട്ട് കാല്‍നടയായി വന്നാണ് യുവാവ് കഫെയില്‍ പ്രവേശിച്ചതും ഭക്ഷണം ഓര്‍ഡര്‍ ചെയ്തതും . കഫെയില്‍ കറുത്ത ബാഗ് ഉപേക്ഷിച്ച ശേഷം യുവാവ് വെറും കയ്യോടെ മടങ്ങുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് 12:55 ന് ആയിരുന്നു ബ്രുക് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത് . ആളുകള്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കെ അജ്ഞാത വസ്തു പൊട്ടി തെറിക്കുകയായിരുന്നു . ഫോറന്‍സിക് സംഘവും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ശക്തി കുറഞ്ഞ ഐ ഇ ഡിയാണ് സ്‌ഫോടനത്തിന് കാരണമായതെന്നു കണ്ടെത്തി. കഫെയില്‍ നടന്നത് ആസൂത്രിത ബോംബ് സ്‌ഫോടനമാണെന്നു ഇതോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിക്കുകയായിരുന്നു.

ടിഫിന്‍ ബോക്‌സില്‍ സജ്ജീകരിച്ച ബോംബാണ് പൊട്ടി തെറിച്ചതെന്നാണ് കരുതുന്നത്. ബാറ്ററി അടക്കമുളള അവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്തു നിന്ന് ഫോറന്‍സിക് സംഘം കണ്ടെടുത്തു. ടൈമര്‍ വെച്ച് സ്‌ഫോടനം നിയന്ത്രിച്ചതായാണ് വിവരം. എന്‍ ഐ എ സംഘം പ്രദേശത്തു ക്യാമ്പ് ചെയ്തു പരിശോധന നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട് .

സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ നാല് പേരൊഴികെ എല്ലാവരും ആശുപത്രി വിട്ടു . ഒരു സ്ത്രീയുടെ കര്‍ണപടത്തിന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്. ഇവരും കഫേയിലെ ജീവനക്കാരായ മൂന്നു പേരുമാണ് ആശുപത്രിയില്‍ തുടരുന്നത്.

അതേസമയം, കഫെ സ്ഫോടനക്കേസില്‍ ബെംഗളൂരു പോലീസ് യു എ പി എ ചുമത്തി. സ്ഫോടനത്തിന് കാരണമായേക്കാവുന്ന എല്ലാ ഘടകങ്ങളും വിശദമായി അന്വേഷിക്കുകയാണ് പോലീസ്. ഇതിനായി 7 അംഗ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘം ശനിയാഴ്ച ആഭ്യന്തര വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ബിസിനസ് കുടിപ്പക , ശത്രുത , വിധ്വംസക ശാക്തികളുടെ ബന്ധം, തീവ്രവാദ സ്വഭാവം എന്നീ ഘടകങ്ങളെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട് . വിശദമായ മൊഴി എടുക്കുന്നതിനായി ഗുജറാത്തിലും ഹൈദരാബാദിലുമുള്ള കഫെ ഉടമകളോട് ബെംഗളൂരുവിലെത്തി ചേരാന്‍ പോലീസ് ആവശ്യപ്പെട്ടു.

അതേസമം, കഫെ സ്ഫോടനത്തിന് കർണാടകയിൽ മുൻപ് നടന്ന സ്ഫോടനങ്ങളുമായി സമാനതയോ ബന്ധമോ ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു . 2022 ൽ മംഗളുരുവിൽ നടന്ന കുക്കർ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി .

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം