കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെ ബംഗാള്‍ സര്‍ക്കാര്‍ - കേന്ദ്ര ഏജന്‍സി പോര് പുതിയ തലത്തിലേക്ക്. സ്ഫോടനക്കേസ് അന്വേഷിക്കാനെത്തിച്ചേര്‍ന്ന എന്‍ഐഎ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്ത ബംഗാള്‍ പോലീസിന്റെ നടപടിയാണ് ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.
വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതി പ്രകാരമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
2022ലെ സ്‌ഫോടനക്കേസ് അന്വേഷിക്കാനെത്തിച്ചേര്‍ന്ന എന്‍ഐഎ സംഘത്തിന് നേരെ അക്രമം നടന്നതിന്റെ പിന്നാലെയാണ് കിഴക്കന്‍ മിഡ്‌നാപൂര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്തത്. എന്‍ഐഎ അറസ്റ്റ് ചെയ്ത വ്യക്തിയുടെ കുടുംബവും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനബ്രോടോ ജാനയുടെയും പരാതിയിലാണ് നടപടി. രാത്രിയില്‍ ഉദ്യോഗസ്ഥര്‍ വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതി പ്രകാരം പീഡനം, അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, അക്രമത്തിനെതിരെ എന്‍ഐഎയെയും ഭൂപതിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ട 2020ലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് ടിഎംസി പ്രവര്‍ത്തകരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിനിടയിലാണ് ഭൂപതിനഗറില്‍ വച്ച് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെടുന്നത്. കസ്റ്റഡിയിലെടുത്ത ബാലൈ മൈതിയെയും മനോബ്രാതാ ജനയെയും കൊണ്ടുപോകുന്ന വാഹനത്തിന് നേരെ നടന്ന അക്രമത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചെറിയ പരുക്കുകളേറ്റിരുന്നു.
അതേസമയം സംഭവത്തിന് പിന്നാലെ ടിഎംസിക്കെതിരെ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി. കേന്ദ്ര ഏജന്‍സിയെ അക്രമിക്കുകയെന്നത് ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കലാണെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അവരുടെ ചുമതല നിര്‍വഹിച്ചതിന് പീഡനക്കുറ്റം ചുമത്തിയത് ഭരണഘടനയുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപി സമിക് ഭട്ടാചാര്യയാണ് മമത സര്‍ക്കാരിന് എതിരെ രംഗത്തെത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ പ്രകോപിപ്പിക്കുകയാണെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അക്രമിക്കപ്പെട്ടിട്ടും പോലീസ് ആ സംഭവത്തില്‍ ഉള്‍പ്പെട്ടതില്‍ ആരെയും അറസ്റ്റ് ചെയ്തില്ലെന്നും സിപിഎം പ്രതികരിച്ചു. കേന്ദ്ര ഏജന്‍സിക്ക് തങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ സന്ദേശം നല്‍കുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും സിപിഎം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.
എന്നാല്‍ ബിജെപി തങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. 2022 ഡിസംബറില്‍ നടന്ന സംഭവമാണിതെന്നും ബംഗാളായതിനാലും ടിഎംസി സര്‍ക്കാരായതിനാലുമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചതെന്ന് ടിഎംസി നേതാവ് ജോയ് പ്രകാശ് മജുംദാര്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികള്‍ രാത്രിയില്‍ ജനങ്ങളെ ഉപദ്രവിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് പരാതി നല്‍കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഭൂപതി നഗര്‍ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ തെരുവിന്‍ നേരിടുന്ന രീതി നേരത്തെയും ബംഗാളില്‍ പലതവണ ഉണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. സന്ദേശ്ഖാലിയിലെ ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥരെ ആയിരുന്നു നൂറോളം വരുന്ന ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവരുടെ വാഹനം ഉള്‍പ്പെടെ ആക്രമണത്തില്‍ തകര്‍ന്നു.
2019 ല്‍ മമത ബാനര്‍ജി ഉള്‍പ്പെടെ ആരോപണ വിധേയയായ റോസ് വാലി ചിറ്റ് ഫണ്ട് കേസ് അന്വേഷണത്തിന് എത്തിയ സിബിഐ സംഘത്തെ കൊല്‍ക്കത്തിയിലെ കസബ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവച്ച സംഭവവും വലിയ ചര്‍ച്ചയായിരുന്നു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ടിഎംസി അക്രമം അഴിച്ചുവിട്ടെന്ന് ബിജെപിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം അന്വേഷിക്കാന്‍ എത്തിയ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്സണും എന്‍എച്ച്ആര്‍സി ടീം അംഗവുമായ ആതിഫ് റഷീദ് ദക്ഷിണ സബര്‍ബന്‍ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ആക്രമണത്തിന് ഇരയായിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു എന്‍എച്ച് ആര്‍സി സംഘം എത്തിയത്.