പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളുടെ റെയ്ഡ്. തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് റെയ്ഡ്. പശ്ചിമ ബംഗാളിൽ നിയമനത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ, ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി രതിൻ ഘോഷിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട 12 ഓളം സ്ഥലങ്ങളിലുമാണ് ഇഡി പരിശോധന നടത്തുന്നത്.
2014നും 2018നുമിടയിൽ മധ്യഗ്രാം മുനിസിപ്പാലിറ്റി ചെയർമാൻ ആയിരുന്ന കാലത്ത് യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് രതിൻ ഘോഷിനെതിരെയുള്ള ആരോപണം. നിയമനത്തിന്റെ ഭാഗമായി കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.
തമിഴ്‌നാട്ടിൽ ഡിഎംകെ എംപി ജഗത്രാക്ഷകന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് 40 സ്ഥലങ്ങളിലും ഇൻകം ടാക്സ് പരിഷിയോധന നടത്തുന്നു. മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമാണ് ജെ ജഗാത്രാക്ഷകൻ. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇൻകം ടാക്സ് പരിശോധന നടത്തിയിരുന്നു. സെന്തിൽ ബാലാജിയുമായി ബന്ധപ്പെടുത്തി തന്നെയാണ് ഇപ്പോൾ ജഗത്രാക്ഷകനിലേക്കും പരിശോധന എത്തിയിരിക്കുന്നതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
പത്തോളം കേന്ദ്രങ്ങളിൽ നടന്ന പരിശോധനയ്‌ക്കൊടുവിലാണ് കഴിഞ്ഞ ജൂണിൽ മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. തമിഴ്‌നാട്ടിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയറിൽ കഴിഞ്ഞ ഏപ്രിലിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടന്നപ്പോൾ തന്നെ, കമ്പനി വളർത്താൻ ഡിഎംകെ നേതാക്കൾ സഹായിച്ചു എന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ക്രോമ്ലതർ കമ്പനിയുടെ ആസ്ഥി വർധിപ്പിക്കാൻ ഇടപെട്ടു എന്ന ഇഡി കേസിൽ, 2022 ൽ മദ്രാസ് ഹൈക്കോടതി ജഗത്രാക്ഷകനെ കുറ്റവിമുക്തനാക്കിയിരുന്നു. അരക്കോണം മണ്ഡലത്തിൽ നിന്നും തുടർച്ചയായി മൂന്നു തവണ ജയിച്ചു വന്ന ആളുകൂടിയാണ് ജഗത്രാക്ഷകൻ.
കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി ബാങ്ക് ചെയർമാനുമായ ആർ.എം മഞ്ജുനാഥ് ഗൗഡയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് ഇന്ന് രാവിലെ ഇഡി തിരച്ചിലിനെത്തിയത്. തീർത്ഥഹള്ളിയിലെ വസതിയിലും ശിവമോഗയിലുൾപ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
തെലങ്കാനയിൽ ബിആർഎസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ് നടക്കുന്നതായ വിവരങ്ങളാണ് പ്രാഥമികമായി പുറത്ത് വരുന്നത്. തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസിന്റെ എംഎൽഎ മഗന്തി ഗോപിനാഥിന്റെയും, തെലങ്കാനയിലെ പ്രധാന വ്യവസായികളായ പ്രസാദ്, കൊട്ടേശ്വര റാവു, രഘുവീർ, വജ്രനാഥ് എന്നിവരുടെയും വസതികളിലും ഓഫീസുകളിലുമാണ് ഇൻകം ടാക്സ് പരിശോധന.
ഇന്നലെ ആം ആദ്മി എംഎൽഎ സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇഡി പ്രത്യേക യോഗം ചേർന്ന് സംസ്ഥാനങ്ങളിലെ പരിശോധനകൾ ശക്തിപ്പെടുത്തണമെന്ന തീരുമാനം എടുത്തതിനു ശേഷമാണ് പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇഡി പരിശോധനയുടെ വിവരങ്ങൾ പുറത്ത് വരുന്നത്.