INDIA

തിരഞ്ഞെടുപ്പ് മുന്നില്‍: ജനകീയ ബജറ്റിന് സാധ്യത

സാമ്പത്തിക വളര്‍ച്ച, മൊത്ത ആഭ്യന്തര ഉത്പാദനം, ധനകമ്മി എന്നിവയില്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനിടയില്ലെങ്കിലും രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ വാഗ്ദാനങ്ങള്‍ അധികം പ്രതീക്ഷിക്കാം.

ഡോ ടി പി സേതുമാധവന്‍
ഉക്രൈന്‍- റഷ്യ യുദ്ധത്തെ തുടര്‍ന്നുള്ള രാസവള ക്ഷാമം, വര്‍ധിച്ച വില എന്നിവ നേരിടാനായി കൂടുതല്‍ രാസവള സബ്സിഡി പ്രതീക്ഷിക്കാം.

ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് രാവിലെ 11 ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റ് ഇലക്ഷന്‍ ലക്ഷ്യമിട്ട് ജനകീയമാകാനാണ് സാധ്യത. സാമ്പത്തിക വളര്‍ച്ച, മൊത്ത ആഭ്യന്തര ഉത്പാദനം, ധനകമ്മി എന്നിവയില്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനിടയില്ലെങ്കിലും, രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ വാഗ്ദാനങ്ങള്‍ അധികം പ്രതീക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ 2023 -24 ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണ, തൊഴില്‍ മേഖലകള്‍ക്ക് കൂടിയ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. ഇടത്തരക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ ക്ഷേമപദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനിടയുണ്ട്. ഉക്രൈന്‍- റഷ്യ യുദ്ധത്തെ തുടര്‍ന്നുള്ള രാസവള ക്ഷാമം, വില വര്‍ധന എന്നിവ നേരിടാനായി കൂടുതല്‍ രാസവള സബ്സിഡി പ്രതീക്ഷിക്കാം. യുവ സംരംഭങ്ങള്‍ തുടങ്ങാന്‍ സംരംഭകത്വ പദ്ധതികള്‍ കാര്‍ഷിക, എംഎസ്എംഇ മേഖലകളില്‍ പ്രതീക്ഷിക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കാര്‍ഷിക, വ്യവസായ, സേവന മേഖലകളില്‍ പ്രാധാന്യം ലഭിക്കും. ഗ്രാമീണ മേഖലയില്‍ റോഡുകള്‍, വീടുകള്‍, കൂടുതല്‍ തൊഴിലുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കാനിടയുണ്ട്.

നിര്‍മാണ മേഖലയില്‍ മാനുഫാക്ച്ചറിംഗിന് പ്രാധാന്യം ലഭിക്കാം. കാര്‍ബണ്‍, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം എന്നിവ ഘട്ടംഘട്ടമായി കുറയ്ക്കാനായി COP 27, പാരീസ് പ്രോട്ടോക്കോള്‍ എന്നിവയ്ക്കനുസരിച്ചുള്ള നിരവധി പദ്ധതികള്‍ പ്രതീക്ഷിക്കാം. ഇവയില്‍ നാഷണല്‍ ഹൈഡ്രജന്‍ മിഷന്റെ ഭാഗമായുള്ള ഹരിത ഹൈഡ്രജന്‍ ഉത്പാദനം, എലെക്ട്രോലൈസെര്‍ നിര്‍മാണം, സൗരോര്‍ജ്ജ, പാരമ്പര്യേതര ഊര്‍ജോത്പാദനം എന്നിവ ഉള്‍പ്പെടും. റോഡുകള്‍, ഹൈവേ, റെയില്‍വേ, തുറമുഖങ്ങള്‍ എന്നിവയില്‍ 20 ശതമാനം അധിക തുക വിലയിരുത്താനിടയുണ്ട്. നികുതി ഘടനയിലും ആദായ നികുതി നിരക്കിലും മാറ്റം വരാം.

വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ദേശീയ വിദ്യാഭ്യാസ നയം പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദേശങ്ങളും തുക വിലയിരുത്തലും പ്രതീക്ഷിക്കാം. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുടങ്ങാനുള്ള നിര്‍ദേശങ്ങള്‍, തൊഴില്‍ നൈപുണ്യത്തിനുള്ള മുന്തിയ പരിഗണന, ലോകബാങ്കിന്റെ സഹായത്തോടെയുള്ള അധ്യാപക പരിശീലനം എന്നിവ ബജറ്റില്‍ ഇടം നേടാനിടയുണ്ട്.

ആരോഗ്യം, കാര്‍ഷിക വായ്പ, ഭക്ഷ്യ സംസ്‌കരണം, ഹോര്‍ട്ടികള്‍ച്ചര്‍ വികസനം, ശീതീകരണ സംവിധാനം, ഇ വിപണി എന്നിവയില്‍ കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ പ്രതീക്ഷിക്കാം. ദാരിദ്ര്യ ലഘൂകരണം, വനിതാ ശക്തീകരണം, ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എന്നിവയില്‍ വര്‍ധനക്ക് സാധ്യതയുണ്ട്.

ഐടി, കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്‌സ് വ്യവസായ, സേവന മേഖലകളില്‍ ഉത്പാദനം, കയറ്റുമതി , തൊഴില്‍ എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രതീക്ഷിക്കാം. പിപി പി, വിദേശ നിക്ഷേപ വ്യവസായ മോഡലുകള്‍ പ്രോത്സാഹിപ്പിക്കും. മൃഗസംരക്ഷണ, ഫിഷറീസ് മേഖലകളില്‍ ഉത്പാദനം, സംസ്‌കരണം, വ്യാപനം, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. തനതു കന്നുകാലി ജനുസുകളുടെ പരിരക്ഷ, ക്ഷീരോത്പാദനം എന്നിവയില്‍ കൂടുതല്‍ പദ്ധതികള്‍ പ്രതീക്ഷിക്കാം. പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള ഗ്രാന്‍ഡില്‍ കുറവ് പ്രതീക്ഷിക്കാം.

സെമികണ്ടക്ടര്‍ നിര്‍മാണം, മൊബൈല്‍ ഹാര്‍ഡ്വെയര്‍ നിര്‍മാണ യൂണിറ്റുകള്‍, പ്രോഡക്ട് ഡിസൈന്‍, അഡ്വാന്‍സ്ഡ് സാങ്കേന്തിക വിദ്യ, ഐടി അധിഷ്ഠിത കാര്‍ഷിക സാങ്കേതിക വിദ്യകള്‍, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡിസൈന്‍, ഡ്യൂവല്‍ ബിരുദ പ്രോഗ്രാമുകള്‍ എന്നിവയില്‍ പുത്തന്‍ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകാം. ദേശീയപാത നവീകരണത്തിനുള്ള നാഷണല്‍ ഹൈവേ ബോണ്ടുകള്‍ 2023-24 ല്‍ പ്രാബല്യത്തില്‍ വരാനിടയുണ്ട്.

2022 -23 ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ നടപ്പിലാക്കാത്തവ യഥേഷ്ടമുണ്ട്. കേരളത്തിന് എയിംസ് ലഭിക്കാന്‍ സാധ്യതയുണ്ട്. കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് മുന്തിയ പരിഗണന ലഭിക്കുമെന്നുറപ്പാണ്. നിലവിലുള്ള ക്ഷേമ പദ്ധതികള്‍ തുടരാനാണ് സാധ്യത.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ