ഇന്ത്യൻ സിവിൽ സർവിസിൽ ആദ്യമായി ലിംഗമാറ്റം അംഗീകരിക്കുന്ന ഉത്തരവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐ ആര്‍എസ്) ഉദ്യോഗസ്ഥ ലിംഗമാറ്റത്തിലൂടെ പുരുഷനായതിനു പിന്നാലെയാണ് പേരും ലിംഗവും ഔദ്യോഗികമായി മാറ്റാന്‍ അനുവാദം നല്‍കി ധനമന്ത്രാലയം ഉത്തരവിറക്കിയത്. ഐ ആര്‍എസ് ഹൈദരാബാദ് ചീഫ് കമ്മീഷണര്‍ ഓഫിസില്‍ ജോയിന്റ് കമ്മീഷണറായി ജോലി ചെയ്യുന്ന എം അനുസൂയയുടെ ആവശ്യമാണ് മന്ത്രാലയം അംഗീകരിച്ചത്.
തന്റെ പേര് എം അനുസൂയയില്‍നിന്ന് എം അനുകതിര്‍ സൂര്യയെന്നും ലിംഗം സ്ത്രീയില്‍നിന്ന് പുരുഷനെന്നും മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുന്നുവെന്നും ഇനി മുതല്‍ ഉദ്യോഗസ്ഥ എം അനുകതിര്‍ സൂര്യയെന്ന് ഔദ്യോഗികമായി അറിയപ്പെടുമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള അധികാരികളുടെ അനുമതിയോടെയാണ് ഈ ആവശ്യം അംഗീകരിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, 2022-ല്‍ തന്റെ പേരും ലിംഗവും നിയമപരമായി മാറ്റിയെന്ന് സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി പേരും ലിംഗവും മാറ്റിയുള്ള ഉത്തരവാണ് ഇപ്പോൾ അനുകതിര്‍ സൂര്യയ്ക്ക് ലഭിച്ചത്.