ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള പുതുക്കിയ മാർഗ നിർദേശവുമായി കേന്ദ്രസർക്കാർ. എല്ലാ ദിവസവും അരമണിക്കൂർ ദേശീയ, പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള പരിപാടികൾ സംപ്രേഷണം ചെയ്യണമെന്ന് നിർദേശം. ചാനൽ അപ്പ്ലിങ്കിങ്, ഡൗണ്‍ലിങ്കിങ് മാർഗ നിർദേശങ്ങള്‍ സംബന്ധിച്ച് വാർത്താ വിതരണ മന്ത്രാലയം മുന്നോട്ട് വെച്ച നിർദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കൃഷി, സ്ത്രീ ശാക്തീകരണം, അധ്യാപനം തുടങ്ങിയ വിഷയങ്ങള്‍ക്ക് തുല്യ പ്രാധാന്യം നൽകണമെന്നും നിർദേശമുണ്ട്.
11 വര്‍ഷത്തിന് ശേഷമാണ് ടെലിവിഷന്‍ ചാനലുകളുടെ അപ്‌ലിങ്കിങ്, ഡൗണ്‍ലിങ്കിങ് മാര്‍ഗ നിര്‍ദേശങ്ങള്‍ വാർത്താ വിതരണ മന്ത്രാലയം പുതുക്കുന്നത്. നാല് വിഷയങ്ങളാണ് പ്രധാനമായും പുതുക്കിയ മാർഗ നിർദേശം പ്രതിപാദിക്കുന്നത്.
ഇന്ത്യയില്‍ ടെലിപോർട്ടുകളുള്ള കമ്പനികള്‍ ഇനി വിദേശ ചാനലുകള്‍ അതാത് രാജ്യത്ത് നിന്ന് സംപ്രേഷണം ചെയ്യാം
പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് പരിപാടികളുടെ തത്സമയ സംപ്രേഷണത്തിന് ഇനി അനുമതി ആവശ്യമില്ല. എന്നാല്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഇവന്റുകളുടെ മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണെന്നും മാർഗ നിർദേശത്തില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍, എല്‍എല്‍പികള്‍ക്കുള്ള അനുമതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്. ഇന്ത്യയില്‍ ടെലിപോർട്ടുകളുള്ള കമ്പനികള്‍ ഇനി വിദേശ ചാനലുകള്‍ അതാത് രാജ്യത്ത് നിന്ന് സംപ്രേഷണം ചെയ്യാം. ഇതുവഴി ഇന്ത്യ ഒരു ടെലിപോർട്ട് ഹബ്ബ് ആയി മാറുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.