നാ​ഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ 
INDIA

നാഗാ ഭരണഘടനയെ ഇന്ത്യന്‍ ഭരണഘടനയില്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇതു സംബന്ധിച്ച് പ്രത്യേക ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ്‌ കേന്ദ്ര നീക്കം.

വെബ് ഡെസ്ക്

അടുത്ത വർഷം മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാ​ഗാലാൻഡ് ഭരണഘടനയെ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്താൻ തയ്യാറായി കേന്ദ്ര സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇതു സംബന്ധിച്ച് പ്രത്യേക ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ്‌ കേന്ദ്ര നീക്കം. സംസ്ഥാനത്തിനു സ്വന്തമായി പതാക വേണമെന്ന ദീര്‍ഘനാളായുള്ള ആവശ്യത്തിനും കേന്ദ്രം സമ്മതം മൂളിയതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന സാമൂഹിക-സാംസ്‌കാരിക പരിപാടികളില്‍ മാത്രമാണ് ഈ പതാക ഉപയോഗിക്കാന്‍ അനുമതി. ഔദ്യോഗിക പരിപാടികളില്‍ ദേശീയ പതാക തന്നെയാകും തുടര്‍ന്നും ഉപയോഗിക്കുക.

“പാർലമെന്റിൽ ബിൽ പാസാക്കി യെഹ്സാബു (ഭരണഘടനയെ) ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തും. എന്നാൽ പതാക സാമൂഹിക-സാംസ്‌കാരിക പരിപാടികളില്‍ മാത്രമേ ഉപയോ​ഗിക്കാനാവൂ. സർക്കാർ ‍ ചടങ്ങുകളിൽ ഉപയോഗിക്കാനാവില്ല.“ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

നാ​ഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും ഉപമുഖ്യമന്ത്രി വൈ പാറ്റണും ഉൾപ്പെടെയുള്ള നാ​ഗാലാൻഡ് ഉദ്യോ​ഗസ്ഥർ ഈ ആവശ്യമുന്നയിച്ച് മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോ​ഗസ്ഥനും വടക്കു കിഴക്കൻ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ഉപദേഷ്ടാവുമായ എ കെ മിശ്രയുമായി അടുത്ത ദിവസം ചര്‍ച്ച നടത്താനിരിക്കുകയാണ്. 2020-ലാണ് നാഗാലാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി നാഗാലാൻഡ് ഗവർണറായിരുന്ന ആർഎൻ രവിയെ മാറ്റി കേന്ദ്രസർക്കാരിന്റെ ഇടനിലക്കാരനായി എ കെ മിശ്രയെ നിയമിച്ചത്.

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്(എന്‍എസ്‌സിഎന്‍) ഒപ്പം മറ്റ് ഏഴ് രാഷ്ട്രീയ സംഘടനകളുമാണ് വിശാല നാഗാലാന്‍ഡ്, പ്രത്യേക പതാക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാധാന ചര്‍ച്ചകള്‍ക്കു തുരങ്കം വയ്ക്കുന്നത്. പ്രത്യേക ഭരണഘടനയും പതാകുയുമാണ് എന്‍ എസ് സി എന്നിന്റെ പ്രധാന ആവശ്യങ്ങള്‍.

നാഗാ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള നാഗാ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളും സംയോജിപ്പിച്ച് 'നാഗാലിം' എന്ന വിശാല നാഗാലാന്‍ഡ് രൂപീകരിക്കുകയെന്നതാണ് എന്‍ എസ് സി എന്നിന്റെ പ്രധാനലക്ഷ്യം. നാഗാലാൻഡ് ഫോർ ക്രൈസ്റ്റ് എന്നതാണ് എൻഎസ്‌സിഎൻ-ഐഎമ്മിന്റെ മുദ്രാവാക്യം.

എന്നാൽ രാജ്യത്ത് രണ്ടു ഭരണഘ‍ടനകളും രണ്ടു പതാകകളും നിലനിർത്താൻ സാധിക്കില്ലെന്നും എൻഎസ്‌സിഎൻ-ഐഎമ്മിന്റെ നാഗലിം എന്ന ആശയം നടപ്പാക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായി നാ​ഗാലാൻഡ് ഉപമുഖ്യമന്ത്രി വൈ പാറ്റൺ പറ‍ഞ്ഞു. അതിനു പകരമായാണ് നാഗാലാന്‍ഡ് ഭരണഘടനയെ ഇന്തന്‍ ഭരണഘടനയോടു കൂട്ടിച്ചേര്‍ക്കാനും സാമൂഹിക-സാംസ്‌കാരിക ചടങ്ങുകളില്‍ ഉപയോഗിക്കാന്‍ മാത്രമായി പ്രത്യേക പതാക അനുവദിക്കാനും തീരുമാനിച്ചത്. 2023 മാർച്ചിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നാഗാ പ്രശ്നം പരിഹരിക്കുമെന്നും പതിറ്റാണ്ടുകളായി തുടരുന്ന നാഗാ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിവരുത്താൻ കേന്ദ്രസർക്കാരിന് താൽപ്പര്യമുണ്ടെന്നും പ്രദേശത്തിന്റെ വികസനത്തിൽ പ്രധാനമന്ത്രി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബുധനാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാറ്റൺ വ്യക്തമാക്കി.

മൻമോഹൻ സിംങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പത്തു വർഷത്തിലൊരിക്കൽ പോലും നാ​ഗാലാൻഡ് സന്ദർശിച്ചിട്ടില്ലെന്നും എന്നാൽ പ്രധാന മന്ത്രി നരേന്ദ്ര മോദി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പുരോ​ഗതി കൈവരിച്ചാൽ രാജ്യം മുഴുവൻ പുരോ​ഗതി കൈവരിക്കുമെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ രണ്ടുതവണ നാ​ഗാലാൻഡ് സന്ദർശിച്ചുവെന്നും പാറ്റൺ പറഞ്ഞു.

അടുത്ത വർഷം മാർച്ചിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാറിന്റെെ ഈ തീരുമാനം കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. സംസ്ഥാനവും സർക്കാരും തമ്മിലുള്ള അന്തിമ കരാർ ഒപ്പിട്ടാൽ തിരഞ്ഞെടുപ്പ് വരെ ഇടക്കാല സർക്കാർ സ്ഥാപിക്കാമെന്നും പാറ്റൺ കൂട്ടിച്ചേർത്തു.

ദേശീയ സോഷ്യലിസ്റ്റ് കൗൺസിലിലെ നിക്കി സുമിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമായ എൻഎസ്‌സിഎൻ-കെയുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, കഴിഞ്ഞ ബുധനാഴ്ച 2023 സെപ്റ്റംബർ 7 വരേക്ക് വെടി നിർത്തൽ കരാർ നീട്ടിയിരുന്നു.

പതിറ്റാണ്ടുകൾ പഴക്കമുള്ള നാ​ഗാ കലാപം അവസാനിപ്പിക്കാനായി 2015 ഓ​ഗസ്റ്റ് 3 ന് കേന്ദ്ര സർക്കാരും എൻഎസ്‌സിഎൻ-ഐഎമ്മും തമ്മിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ സമാധാന ഉടമ്പടി ഒപ്പുവെച്ചിരുന്നു. എന്നാൽ പ്രത്യേക ഭരണഘടനയും പതാകയും വേണമെന്ന ഗ്രൂപ്പിന്റെ ആവശ്യത്തെത്തുടർന്ന് എൻഎസ്‌സിഎൻ-ഐഎമ്മുമായുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി