ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി നിര്‍മിച്ച ഡോക്യുമെന്ററിയെ രൂക്ഷമായി വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം. വ്യക്തമായ അജണ്ടയുടെ ഭാഗമാണ് ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ''അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ട് മാത്രം നിർമിച്ചതാണിത്. മുൻവിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയൽ മാനസികാവസ്ഥയും അതിൽ വ്യക്തമായി കാണാം''- ബാഗ്ചി പറഞ്ഞു.
ഇത്തരമൊരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജൻസികളുടെയും താൽപര്യങ്ങളുടെ പ്രതിഫലനമാണ് ഡോക്യുമെന്ററി. ഇതിന്‍റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഇത്തരം സംഭവങ്ങളെ മുഖവിലയ്ക്കെടുക്കാൻ ആഗ്രഹിക്കുന്നില്ല. പ്രസ്തുത ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി ചൂണ്ടിക്കാട്ടി.
ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്ററി നിര്‍മിച്ചത്. ഡോക്യുമെന്ററിയുടെ ആദ്യഭാഗമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ഡോക്യുമെന്ററിയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് സാഹചര്യമുണ്ടാക്കിയത് അന്നത്തെ ഭരണാധികാരിയായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
അന്നത്തെ മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നതായും അക്രമികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നുവെന്നുമടക്കമുള്ള രൂക്ഷവിമര്‍ശനങ്ങളും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിലെ പല നിര്‍ണായക കാര്യങ്ങളും സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയിരുന്നു.